‘ടിയാഗൊ’യുടെ വില കൂട്ടി

പുത്തൻ കോംപാക്ട് ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ എല്ലാ വകഭേദങ്ങളുടെയും വില കൂട്ടാൻ ടാറ്റ മോട്ടോഴ്സ് തീരുമാനിച്ചു. 6,000 മുതൽ 8,000 രൂപയുടെ വരെ വർധനയാണു പ്രാബല്യത്തിലാവുന്നത്; ഇതോടെ ‘ടിയാഗൊ’യുടെ ഡൽഹി ഷോറൂം വില 3.20 ലക്ഷം മുതൽ 5.54 ലക്ഷം രൂപ വരെയായി ഉയരും. നിരത്തിലെത്തി നാലു മാസത്തിനുള്ളിൽ 40,000 ബുക്കിങ്ങോളമാണു ‘ടിയാഗൊ’യെ തേടിയെത്തിയത്. പുതിയ ‘ടിയാഗൊ’ ലഭിക്കാൻ മൂന്നും നാലു മാസം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഗുജറാത്തിലെ സാനന്ദ് ശാലയിൽ നിന്നുള്ള ഉൽപ്പാദനം പുനഃക്രമീകരിച്ച് ‘ടിയാഗൊ’ ലഭ്യത മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണു ടാറ്റ മോട്ടോഴ്സ്.

തുടർച്ചയായ തിരിച്ചടികൾക്കൊടുവിലാണു ടാറ്റ മോട്ടോഴ്സിന്റെ പുത്തൻ അവതരണമായ ‘ടിയാഗൊ’ വിപണിയുടെ ഹൃദയം കവർന്നത്. ‘ബോൾട്ടി’നും ‘സെസ്റ്റി’നുമൊന്നും നേടാനാവാത്ത സ്വീകാര്യതയാണു പെട്രോൾ, ഡീസൽ എൻജിനുകളോടെ വിൽപ്പനയ്ക്കുള്ള ‘ടിയാഗൊ’യെ തേടിയെത്തിയത്. കാറിലെ 1.2 ലീറ്റർ പെട്രോൾ എൻജിൻ പരമാവധി 85 പി എസ് കരുത്തും 114 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക; 1.05 ലീറ്റർ റെവോടോർക് ഡീസൽ എൻജിനാവട്ടെ പരമാവധി 70 പി എസ് കരുത്തും 140 എൻ എം ടോർക്കും സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഇരു എൻജിനുകൾക്കുമൊപ്പമുള്ളത്.

Read More: ടാറ്റ ടിയാഗോ ടെസ്റ്റ് ഡ്രൈവ് വായിക്കാം

നിലവിൽ ടാറ്റ മോട്ടോഴ്സ് ശ്രേണിയിൽ ഏറ്റവും മികച്ച വിൽപ്പന കൈവരിക്കുന്ന മോഡലുമാണു ‘ടിയാഗൊ’. കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്സ് നേടിയ മൊത്തം വിൽപ്പനയിൽ 38% ഈ മോഡലിന്റെ സംഭാവനയായിരുന്നു. 13,586 കാറുകളാണു ടാറ്റ മോട്ടോഴ്സ് വിറ്റത്; ഇതിൽ 5,114 യൂണിറ്റും ‘ടിയാഗൊ’യായിരുന്നു. സാഹചര്യം അനുകൂലമായതിനാൽ ഇപ്പോൾ നടപ്പാക്കിയതിനു പുറമെ ഉത്സവകാലത്തിനു മുന്നോടിയായി ടാറ്റ മോട്ടോഴ്സ് വീണ്ടും ‘ടിയാഗൊ’ വില ഉയർത്തുമെന്ന അഭ്യൂഹവും ശക്തമാണ്.