റിയാദിൽ ടാറ്റ മോട്ടോഴ്സിനു പുതിയ ഷോറൂം

സൗദി അറേബ്യയിലെ റിയാദിൽ ടാറ്റ മോട്ടോഴ്സിന്റെ ഷോറൂമും സർവീസ് സെന്ററും പ്രവർത്തനം ആരംഭിച്ചു. സൗദി അറേബ്യയിലെ അംഗീകൃത വിതരണക്കാരും മുഹമ്മദ് യൂസഫ് നാഗി ആൻഡ് ബ്രദേഴ്സ് ഗ്രൂപ്പ് അംഗവുമായ മനാഹിൽ ഇന്റർനാഷനൽ കമ്പനിയാണു പുതിയ വിൽപ്പന, വിൽപ്പനാന്തര സേവന കേന്ദ്രങ്ങളുടെ അണിയറയിലെന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചു. ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ(ജി സി സി) മേഖലയിലെ ഏറ്റവും വിപുലവും വലുതുമായ സൗകര്യമാണു മനാഹിൽ ഇന്റർനാഷനൽ ടാറ്റ മോട്ടോഴ്സിനായി സജ്ജീകരിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു.

ഈസ്റ്റേൺ എക്സ്പ്രസ്വേയിൽ എക്സിറ്റ് 18നു സമീപത്ത് ഇൻഡസ്ട്രിയൽ ഏരിയയിലാണു പുതിയ ഷോറൂമും സർവീസ് സെന്ററും പ്രവർത്തിക്കുക. ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള സമ്പൂർണശ്രേണി പ്രദർശിപ്പിക്കാനുള്ള സൗകര്യത്തിനു പുറമെ 40 ബേകളുള്ള വർക്ഷോപ്പും സജ്ജീകരിച്ചിട്ടുണ്ട്. അത്യാധുനിക യന്ത്രസംവിധാനങ്ങൾക്കൊപ്പം വിദഗ്ധ പരിശീലനം ലഭിച്ച മെക്കാനിക്കുകളും കേന്ദ്രത്തിലുണ്ടെന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചു. കൂടാതെ തകരാറിലാവുന്ന വാഹനങ്ങൾ സ്ഥലത്തെത്തി അറ്റകുറ്റപ്പണി നടത്താനുള്ള മൊബൈൽ സർവീസ് വാനുകളും സജ്ജമാക്കിയിട്ടുണ്ട്.

ടാറ്റ മോട്ടോഴ്സ് ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിപണിയാണു സൗദി അറേബ്യയെന്നു കമ്പനിയുടെ കൊമേഴ്സ്യൽ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് രാജ്യാന്തര ബിസിനസ് വിഭാഗം മേധാവി ആർ ടി വാസൻ അഭിപ്രായപ്പെട്ടു. ഉപയോക്താക്കൾക്കു മികച്ച വിൽപ്പന, വിൽപ്പനാന്തര സേവനം ലക്ഷ്യമിട്ടാണു പുതിയ ഷോറൂമും സർവീസ് സെന്ററും തുറന്നതെന്നും അദ്ദേഹം അറിയിച്ചു.

സൗദി അറേബ്യയിൽ ടാറ്റ മോട്ടോഴ്സിന്റെ സാന്നിധ്യം വ്യാപകമാക്കാൻ ലക്ഷ്യമിട്ടിട്ടുണ്ടെന്നു മനാഹിൽ ഇന്റർനാഷനൽ കമ്പനി ഓട്ടമോട്ടീവ് ഡിവിഷൻ സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ വഹാബ് ഇത്താനി വെളിപ്പെടുത്തി. ഉപയോക്താക്കളുടെ പ്രതീക്ഷയെ കടത്തിവെട്ടുന്ന പ്രകടനം കാഴ്ചവച്ചു മാത്രമേ വാഹന വ്യവസായ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.