വൈദ്യുത കാർ നിർമിക്കാനൊരുങ്ങി ടാറ്റയും

രാജ്യത്തെ മുൻനിര വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സും ഉപസ്ഥാപനവും ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡുമായ ജഗ്വാർ ലാൻഡ് റോവറും ചേർന്നു വൈദ്യുത കാർ വികസിപ്പിച്ചേക്കും. വൈദ്യുത കാർ സംബന്ധിച്ച ഗവേഷണം പുരോഗതിയിലാണെന്ന് ഗ്രൂപ്പിലെ പുതുമകൾ അവതരിപ്പിക്കുന്ന പ്ലാറ്റ്ഫോമായ ‘ടാറ്റ ഇന്നൊവിസ്റ്റ’യിൽ ചീഫ് ടെക്നോളജി ഓഫിസർ ഗോപിചന്ദ് കട്രഗഡ്ഡ സ്ഥിരീകരിച്ചു. വൈദ്യുത കാർ എന്ന ആശയം ടാറ്റ ടെക്നോളജിയും ആവിഷ്കരിച്ചിട്ടുണ്ടെന്നു ഗ്രൂപ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം മുകുന്ദ് രാജൻ വെളിപ്പെടുത്തി; എന്നാൽ ഈ ആശയം യാഥാർഥ്യമാക്കാൻ ഗ്രൂപ്പിനു പുറത്തുള്ള കമ്പനികളുമായി പോലും സഹകരിക്കേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

നിലവിൽ പ്രധാനമായും ഡീസൽ എൻജിനുകളുള്ള കാറുകളാണു ടാറ്റ മോട്ടോഴ്സ് നിർമിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ വൈദ്യുത വാഹനങ്ങൾക്കുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് യാത്രാവാഹനങ്ങൾക്കൊപ്പം വാണിജ്യ വാഹനങ്ങളിലും ഉപയോഗിക്കാനാണു കമ്പനിയുടെ പദ്ധതി.

അതിനിടെ ബാറ്ററിയിൽ ഓടുന്ന വാഹനങ്ങൾ പുറത്തിറക്കാൻ മറ്റു നിർമാതാക്കളും രംഗത്തുണ്ട്. വൈദ്യുത ഹാച്ച്ബാക്കായ ‘ഇ ടു ഒ’യുടെ നിർമാതാക്കളായ മഹീന്ദ്ര രേവ ഇനി നാലു വാതിലുള്ള വൈദ്യുത കാറായ ‘ഇ വെരിറ്റൊ’ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. രണ്ടു ദശാബ്ദം മുമ്പ് ചേതൻ മെയ്നി സ്ഥാപിച്ച രേവ ഇലക്ട്രിക് വെഹിക്കിൾസിനെ ഏറ്റെടുത്താണ് എം ആൻഡ് എം ഈ ഉപസ്ഥാപനം യാഥാർഥ്യമാക്കിയത്.

യു എസ് നിർമാതാക്കളായ ടെസ്ല മോട്ടോഴ്സിന്റെ പ്രഖ്യാപനങ്ങളോടും ഇന്ത്യൻ വാഹനപ്രേമികൾ അതിവതാൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ടെസ്ലയിൽ നിന്നുള്ള പുതിയ വൈദ്യുത കാറിനായി രണ്ടു വർഷം വരെ കാത്തരിക്കാനുള്ള സന്നദ്ധതയും പലരും രേഖപ്പെടുത്തുന്നുണ്ട്.