ടാറ്റ അൾട്രാ 812, 912 ട്രക്കുകൾ ബംഗ്ലാദേശിൽ പുറത്തിറക്കി

Tata Ultra 812

ടാറ്റ മോട്ടോഴ്സ് രണ്ടു പുതിയ അൾട്രാ ട്രക്കുകൾ ബംഗ്ലാദേശിൽ പുറത്തിറക്കി. അൾട്രാ 812, അൾട്രാ 912 മോഡലുകളാണ് പുറത്തിറക്കിയത്. നിറ്റോൾ മോട്ടേഴ്സ് ലിമിറ്റഡുമായി സഹകരിച്ച് കാർഗോ സെഗ്‌മെന്റിലാണു പുറത്തിറക്കിയത്.

ടാറ്റ 497 റ്റി സി ഐ സി എൻജിൻ ആണു ട്രക്കുകളുടെ പിൻബലം. 125 എച്ച്പി ആണ് എൻജിന്‍ കരുത്ത്. ജി-550 ഓവർഡ്രൈവ് ഗിയർബോക്സ്, ഏഴു ഗിയറുകൾ, കേബിൾഷിഫ്റ്റ് മെക്കനിസം, ആക്സിൽ ടെക്നോളജി എന്നിവയാണു പ്രധാന ഫീച്ചറുകൾ. വിസ്താരമേറിയ ക്യാബിൻ മികച്ച യാത്രാസുഖവും സുരക്ഷയും നൽകും. ഡ്രൈവിങ് ഇക്കോണമി ഇൻഡിക്കേറ്റർ, ക്ലച്ച്, ബ്രേയ്ക്ക് ലൈഫ് ഇൻഡിക്കേറ്റർ, വാട്ടർ ഇൻ ഫ്യുവൽ ഇൻഡിക്കേറ്റർ തുടങ്ങിയവ കോക്ക്പിറ്റിൽ ഒരുക്കിയിരിക്കുന്നു. മ്യൂസിക് സിസ്റ്റം, ജിപിഎസ്, എയർ കണ്ടീഷൻ എന്നിവയും ക്യാബിനിലുണ്ട്.

മികച്ച ഇന്ധനക്ഷമത, ഭാരം വഹിക്കുവാനുള്ള കരുത്ത്, എന്‍ജിൻ മികവ്, ആകർഷകമായ വില തുടങ്ങിയവ പ്രധാന ആകർഷണങ്ങളായി ടാറ്റ ചൂണ്ടിക്കാട്ടുന്നു. പുതിയ ട്രക്കുകളിലൂടെ ബംഗ്ലാദേശിലും മറ്റു സാർക്ക് രാജ്യങ്ങളിലും തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുകയാണു കമ്പനി. കോമേഴ്സ്യൽ വാഹന ഉടമകളെ ലക്ഷ്യമിട്ട് ടാറ്റ ജെന്യുവിൻ പാർട്സ് (റ്റിജിപി) എന്ന പേരിൽ സ്പെയർപാർട്സ് വിൽപനയും അടുത്ത കാലത്താരംഭിച്ചിരുന്നു.