ടാറ്റയുടെ രണ്ടു വാണിജ്യ വാഹനങ്ങൾ ഇന്തൊനീഷയിൽ

Tata Xenon D Cab

വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് രണ്ടു പുതിയ വാണിജ്യ വാഹനങ്ങൾ ഇന്തൊനീഷയിൽ അവതരിപ്പിച്ചു. ലഘു ട്രക്കായ ‘അൾട്ര 1012’, ഫോർ ബൈ ഫോർ പിക് അപ്പായ ‘സീനോൻ എക്സ് ടി ഡി കാബ്’ എന്നിവയാണു കമ്പനി ഗൈകിൻഡൊ ഇന്തൊനീഷ ഇന്റർനാഷനൽ ഓട്ടോ ഷോ(ജി ഐ ഐ എസ്) യിൽ അനാവരണം ചെയ്തത്. പുതിയ കാലത്തെ വാണിജ്യ വാഹന ഉടമകളെ ലക്ഷ്യമിട്ടാണ് ഇരു മോഡലുകളുടെയും രൂപകൽപ്പനയെന്നു ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ(കൊമേഴ്സ്യൽ വെഹിക്കിൾസ്) രവി പിഷാരടി അറിയിച്ചു.

Ultra 1012

മികച്ച പ്രകടനക്ഷമതയ്ക്കൊപ്പം ലോകോത്തര നിലവാരമുള്ള കാബിൻ, ഉയർന്ന ഭാരവാഹക ശേഷി, വൈവിധ്യമുള്ള ബോഡി ലോഡ് സങ്കലനം എന്നിവയും ഇരു വാഹനങ്ങളും ഉറപ്പു നൽകുന്നു. ഇന്തൊനീഷൻ വിപണിയിൽ ടാറ്റ മോട്ടോഴ്സിന്റെ സാന്നിധ്യം ശക്തമാക്കാൻ ‘അൾട്ര 1012’, ‘സീനോൻ എക്സ് ടി ഡി കാബ്’ എന്നിവയുടെ വരവ് സഹായകമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ടാറ്റയുടെ 497 ടി സി ഐ സി 3,783 സി സി എൻജിനാണ് ‘അൾട്ര 1012’ ട്രക്കിനു കരുത്തേകുന്നത്. 2,400 ആർ പി എമ്മിൽ 125 പി എസ് വരെ കരുത്തും 1300 — 1500 ആർ പി എമ്മിൽ 400 എൻ എം വരെ കരുത്തുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 10 ടണ്ണോളമാണു വാഹനത്തിന്രെ ഗ്രോസ് വെഹിക്കിൾ വെയ്റ്റ്. ഓവർഡ്രൈവ് സഹിതം ആറു ഗീയറുള്ള ജി — 440 ആണു ട്രാൻസ്മിഷൻ. ഡ്രൈവർക്കും രണ്ടു യാത്രക്കാർക്കുമായി മൂന്നു സീറ്റാണു കാബിനിലുള്ളത്.

ഇന്തൊനീഷൻ വിപണിയിൽ എയർ ബ്രേക്കും റേഡിയൽ ട്യൂബ്രഹിത ടയറുമായി വിൽപ്പനയ്ക്കെത്തുന്ന ആദ്യ ലഘു ട്രക്കാണ് ‘അൾട്ര 1012’. ന്യൂട്രൽ സ്വിച്, സൈഡ് ബീം ഇംപാക്ട്, ത്രീ പോയിന്റ് ആക്ടീവ് റിട്രാക്ടബിൾ സേഫ്റ്റി ബെൽറ്റ് എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്. വിവിധോദ്ദേശ്യ, ഇരട്ട കാബിൻ പിക് അപ് ട്രക്കായ ‘സീനോൻ എക്സ് ടി ഡി കാബി’നു കരുത്തേകുന്നത് 2.2 ലീറ്റർ, വി ടി ടി ഡൈകോർ(കോമൺ റയിൽ ഡീസൽ എൻജിൻ) എൻജിനാണ്.

അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടെ എത്തുന്ന വാഹനത്തിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം മണിക്കൂറിൽ 160 കിലോമീറ്ററാണ്. 4,000 ആർ പി എമ്മിൽ 148 പി എസ് വരെ കരുത്തും 1,700 — 2,700 ആർ പി എമ്മിൽ 320 എൻ എം വരെ ടോർക്കുമാണ് എൻജിൻ സൃഷ്ടിക്കുക.  മികച്ച സുരക്ഷയ്ക്കായി കൊളാപ്സിബിൾ സ്റ്റീയറിങ് കോളം, ട്വിൻ സർക്യൂട്ട് ബ്രേക്കിങ് സംവിധാനം, ഇരട്ട എയർബാഗ്, ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്), സൈഡ് ഇംപാക്ട് ബീം, റീ ഇൻഫോഴ്സ്ഡ് ത്രീ ലെയർ ബോഡി കൺസ്ട്രക്ഷൻ എന്നിവയും ‘സീനോൻ എക്സ് ടി ഡി കാബി’ലുണ്ട്.