ദക്ഷിണാഫ്രിക്കൻ റെന്റ് എ കാർ വിപണിയിൽ ടാറ്റ ‘ബോൾട്ട്’

ദക്ഷിണാഫ്രിക്കയിൽ കാർ വാടകയ്ക്കു നൽകുന്ന കമ്പനിയായ ടെംപെസ്റ്റ് കാർ ഹയർ ടാറ്റ മോട്ടോഴ്സിൽ നിന്നു ‘ബോൾട്ട് 1.2 ടർബോ’ ഹാച്ച്ബാക്കുകൾ വാങ്ങാൻ ഒരുങ്ങുന്നു. അതേസമയം എത്ര ‘ബോൾട്ട്’ കാറുകളാണു ടെംപെസ്റ്റ് വാങ്ങുകയെന്നു വ്യക്തമാക്കാൻ ടാറ്റ മോട്ടോഴ്സ് തയാറായില്ല. ‘ബോൾട്ട്’ അടുത്തയിടെയാണ് ദക്ഷിണാഫ്രിക്കൻ വിപണിയിൽ വിൽപ്പനയ്ക്കെത്തിയത്. തികച്ചും മത്സരക്ഷമമായ നിരക്കിലാവും ടെംപെസ്റ്റ് കാർ ഹയർ ‘ബോൾട്ട്’ വാടകയ്ക്കു നൽകുക; രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാവുമത്രെ കമ്പനി ഈടാക്കുക. ഇൻഷുറൻസ് പരിരക്ഷയ്ക്കൊപ്പം പ്രതിദിനം 100 കിലോമീറ്റർ ദൂരം സൗജന്യമായി ഓടിക്കാനും അവസരമുണ്ടാവും.

രാജ്യത്തു കാർ വാടകയ്ക്കെടുക്കുന്ന ധാരാളം പേർക്ക് ‘ബോൾട്ടി’ലെ യാത്ര ആസ്വദിക്കാനും വിലയിരുത്താനും അവസരം ലഭിക്കുമെന്നതിനാൽ ടെംപെസ്റ്റുമായി ഈ ധാരണയിലെത്താൻ കഴിഞ്ഞതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് ടാറ്റ മോട്ടോഴ്സിന്റെ കാറുകളുടെയും ലഘു വാണിജ്യ വാഹനങ്ങളുടെയും ദക്ഷിണ ആഫ്രിക്കയിലെ വിതരണക്കാരായ അക്കോഡിയൻ ഇൻവെസ്റ്റ്മെന്റ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ കൈറി മൈക്കൽ അഭിപ്രായപ്പെട്ടു. ടെംപെസ്റ്റിനു കാർ നൽകുന്നത് ‘ബോൾട്ട്’ ഹാച്ച്ബാക്കുകൾ പരിചിതമാക്കുന്നതിനൊപ്പം കാർ — ലഘുവാണിജ്യ വാഹന നിർമാതാക്കളെന്ന നിലയിൽ ടാറ്റ മോട്ടോഴ്സിനെക്കുറിച്ചുള്ള അവബോധവും വർധിപ്പിക്കുമെന്ന് മൈക്കൽ പ്രതീക്ഷ പ്രകടിപ്പിച്ചു.

എയർ കണ്ടീഷനിങ്, ഇലക്ട്രിക് വിൻഡോ, ബ്ലൂടൂത്ത് കണക്ടിവിറ്റി, ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം എന്നിവയെല്ലാമായി ന്യായമായ വിലയ്ക്കു ലഭിക്കുന്ന ‘ബോൾട്ടി’നോട് ദക്ഷിണാഫ്രിക്കയിലെ യുവതലമുറ ആഭിമുഖ്യം പ്രകടിപ്പിക്കുന്നുണ്ടെന്നും മൈക്കൽ അവകാശപ്പെട്ടു. ജനപ്രിയമായ ‘എ’ വിഭാഗത്തിൽ സ്ഥലസൗകര്യമേറിയ, സംവിധാനങ്ങളേറെയുള്ള കാർ ലഭ്യമാക്കാൻ കഴിയുന്നതിൽ ടെംപെസ്റ്റ് ഫ്ളീറ്റ് എക്സിക്യൂട്ടീവ് ജോഡി നയ്ദൂവും സംതൃപ്തി രേഖപ്പെടുത്തി. പ്രാദേശിക റെന്റൽ വിപണിയിൽ ബജറ്റ് വിഭാഗത്തിൽ പണത്തിനൊത്ത മൂല്യം ഉറപ്പു നൽകുന്ന കാറായി ‘ബോൾട്ട്’ മാറുമെന്നും നയ്ദൂ പ്രതീക്ഷ പ്രകടിപ്പിച്ചു.