2017ൽ 200 ടച് പോയിന്റ് തുറക്കാൻ ടാറ്റ മോട്ടോഴ്സ്

അടുത്ത വർഷം 200 പുതിയ ടച് പോയിന്റുകൾ തുറക്കുമെന്നു പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. വരുന്ന അഞ്ചു വർഷത്തിനിടെ രാജ്യത്തെ ഡീലർഷിപ്പുകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയാക്കി 1,500ലെത്തിക്കാനാണു ശ്രമമെന്നും കമ്പനി വെളിപ്പെടുത്തി. പൂർണമായും ഉപഭോക്തൃ കേന്ദ്രീകൃത നിലപാടാണു കമ്പനി പിന്തുടരുന്നതെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് കസ്റ്റമർ സപ്പോർട്ട് മേധാവി ദിനേഷ് ഭാസിൻ അറിയിച്ചു. വാഹനം വാങ്ങുന്ന അനുഭവം സമ്പുഷ്ടമാക്കാനും സുസ്ഥിരമായ സേവന നിലവാരം ഉറപ്പാക്കാനുമാണു ടാറ്റ മോട്ടോഴ്സിന്റെ ശ്രമം.

‘സ്പീഡ് ഒ സ്പീഡ്’ സേവനത്തിനൊപ്പം പിക് അപ് ആൻഡ്ഡ്രോപ് സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വിൽപ്പനാന്തര സേവന വിഭാഗത്തിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനായി സർവീസ് ആപ്, വി ടാബ്, ബോഡി റിപ്പയർ എസ്റ്റിമേഷൻ ടൂൾ ആയ ‘ഒഡാടെക്സ്’ തുടങ്ങിയവയൊക്കെ ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങളുടെ പിൻബലത്തിൽ വെറും 90 മിനിറ്റിൽ സർവീസിങ് പൂർത്തിയാക്കി വാഹനം തിരിച്ചുനൽകാൻ കമ്പനിക്കു കഴിയുമെന്ന് ഭാസിൻ അവകാശപ്പെട്ടു.

ഇത്തരം നടപടികളിലൂടെ 2016ലെ ജെ ഡി പവർ സിൻഡിക്കേറ്റ് ഇന്ത്യ കസ്റ്റമർ സർവീസ് ഇൻഡക്സ് സ്റ്റഡിയിൽ നില മെച്ചപ്പെടുത്താൻ ടാറ്റ മോട്ടോഴ്സിനു സാധിച്ചു. ദക്ഷിണ മേഖലയിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ ടാറ്റയ്ക്കായെന്നും ഭാസിൻ വെളിപ്പെടുത്തി. നിലവിൽ 281 നഗരങ്ങളിലായി 527 വർക്ഷോപ്പുകളാണു ടാറ്റ മോട്ടോഴ്സിനുള്ളത്. 2016ൽ മൂന്നു മെഗാ ക്യാംപുകൾ സംഘടിപ്പിച്ച് 3,61,425 ഉപയോക്താക്കൾക്കു സേവനം ലഭ്യമാക്കാൻ കമ്പനിക്കു കഴിഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് 19,591 ഉപയോക്താക്കളാണ് ഇക്കൊല്ലത്തെ ക്യാംപുകളിൽ അധികമായി എത്തിയതെന്നും കമ്പനി വെളിപ്പെടുത്തി. കൂടാതെ കൊൽക്കത്ത, ലക്നൗ, ചണ്ഡീഗഢ്, കോയമ്പത്തൂർ എന്നിവിടങ്ങളിലായി നാലു പുതിയ പരിശീലിന കേന്ദ്രങ്ങളും ടാറ്റ മോട്ടോഴ്സ് തുറന്നു.