ഗ്രാമങ്ങളിൽ പ്രതീക്ഷയർപ്പിച്ചു ടാറ്റയും

Mayank Pareek ( President of Passenger Vehicle Business Unit )

രാജ്യത്തെ വൻനഗരങ്ങളെ വിട്ട് ചെറുകിട, ഇടത്തരം പട്ടണങ്ങളിലും ഗ്രാമീണ മേഖലയിലും പ്രതീക്ഷയർപ്പിച്ചു ടാറ്റ മോട്ടോഴ്സ് മുന്നേറ്റത്തിനൊരുങ്ങുന്നു. അടുത്ത മൂന്നു നാലു വർഷത്തിനകം തുറക്കുന്ന ആയിരത്തിലേറെ ഔട്ട്​ലെറ്റുകളിൽ പകുതിയും മൂന്നാം നിര, നാലാം നിര പട്ടണങ്ങളിലാവുമെന്നാണു കമ്പനി വ്യക്തമാക്കുന്നത്. ഭാവിയിൽ നഗരമേഖലയെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലാവും കമ്പനി മികച്ച വിൽപ്പന വളർച്ച കൈവരിക്കുകയെന്നും ടാറ്റ മോട്ടോഴ്സ് പ്രസിഡന്റ് (പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ്) മയങ്ക് പരീക്ക് കരുതുന്നു. മൊത്തം യാത്രാവാഹന വിൽപ്പനയുടെ 30 — 40% സംഭാവന ചെയ്യാൻ ഗ്രാമീണ മേഖലയ്ക്കു കഴിയുമെന്നാണു പരീക്കിന്റെ കണക്കുകൂട്ടൽ.

നിലവിൽ ടാറ്റ മോട്ടോഴ്സിന്റെ മൊത്തം ആഭ്യന്തര വാഹന വിൽപ്പനയുടെ 15 ശതമാനത്തോളമാണു ഗ്രാമീണ മേഖലയുടെ സംഭാവന. അതേസമയം എതിരാളികളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മൊത്തം വാഹന വിൽപ്പനയുടെ മൂന്നിലൊന്നും ഗ്രാമീണ വിപണികളിൽ നിന്നാണ്.

കഴിഞ്ഞ ഏപ്രിൽ 30ലെ കണക്കനുസരിച്ച് 460 ഔട്ട്​ലെറ്റുകളാണു ടാറ്റ മോട്ടോഴ്സിനുള്ളത്; നാലു വർഷത്തിനകം ഔട്ട്​ലെറ്റുകളുടെ എണ്ണം 1,500 ആക്കി ഉയർത്താനാണു കമ്പനിയുടെ പദ്ധതി. ഈ പുതിയ വിപണന കേന്ദ്രങ്ങളിൽ പകുതിയും ഇടത്തരം, ചെറുകിട പട്ടണങ്ങളിലാവും തുറക്കുകയെന്നു പരീക്ക് വിശദീകരിക്കുന്നു.

റോഡ് ശൃംഖലയിൽ കൈവരുന്ന പുരോഗതിയാണു രാജ്യത്തെ യാത്രാവാഹന നിർമാതാക്കളെ ഗ്രാമീണ മേഖലയിലേക്ക് ആകർഷിക്കുന്നത്. ബാങ്കിങ് ശൃംഖലയുടെ വിപുലീകരണത്തോടെ രാജ്യത്തെ ഗ്രാമീണ മേഖലയിൽ വായ്പാലഭ്യതയും ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും ഗ്രാമീണ മേഖലയിൽ വാഹന ലഭ്യത ഇനിയും കാര്യമായി ഉയർന്നിട്ടില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലയിൽ ഓരോ 1,000 പേർക്കും മൂന്നോ നാലോ വാഹനങ്ങളാണുള്ളതെന്നാണു സർവേ ഫലങ്ങൾ; നഗരപ്രദേശങ്ങളിൽ 1,000 പേർക്ക് 18 വാഹനങ്ങളുള്ള സ്ഥാനത്താണിത്. ചൈനയിലാവട്ടെ 1,000 ജനങ്ങൾക്ക് 69 വാഹനങ്ങൾ സ്വന്തമായുണ്ടെന്നതും ഇതോടു ചേർത്തു വായിക്കണം.

അതേസമയം ഗ്രാമീണ മേഖലയിൽ വിപുല സൗകര്യങ്ങളുള്ള ഡീലർഷിപ്പുകൾ ടാറ്റ മോട്ടോഴ്സിന്റെ പരിഗണനയില്ലെന്നാണു പരീക്ക് നൽകുന്ന സൂചന. ചെറിയ ഔട്ട്​ലെറ്റുകൾ തുറക്കാനും മൊബൈൽ സർവീസ് വാനുകൾ വഴി വിൽപ്പനാന്തര സേവനം ലഭ്യമാക്കാനുമാണത്രെ കമ്പനിയുടെ ആലോചന. ഈ മാതൃകയുടെ വിജയസാധ്യത പഠിക്കാനായി പരീക്ഷണാടിസ്ഥാനത്തിൽ കമ്പനി ഇത്തരം ഔട്ട്​ലെറ്റുകളും ആരംഭിച്ചിട്ടുണ്ടെന്നു പരീക്ക് വെളിപ്പെടുത്തി.