ദക്ഷിണേന്ത്യയിൽ നില മെച്ചപ്പെടുത്താൻ ടാറ്റ മോട്ടോഴ്സ്

എതിരാളികളായ അശോക് ലേയ്ലൻഡിന്റെ ശക്തികേന്ദ്രമായ ദക്ഷിണേന്ത്യയിലെ പ്രകടനം മെച്ചപ്പെടുത്താൻ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് തയാറെടുക്കുന്നു. വിപണന ശൃംഖല വിപുലീകരിച്ച് ദക്ഷിണേന്ത്യയിലെ വിപണി വിഹിതം ഉയർത്താനാണു കമ്പനി ലക്ഷ്യമിടുന്നത്. മേഖലയിൽ 600 ടച് പോയിന്റുകളാണു ടാറ്റ മോട്ടോഴ്സിനുള്ളത്; കമ്പനിയുടെ മൊത്തം വാണിജ്യ വാഹന വിൽപ്പനയുടെ 27% ആണു ദക്ഷിണേന്ത്യയുടെ സംഭാവന. കഴിഞ്ഞ ആറു മാസത്തിനിടെ പുതിയ 20 ടച് പോയിന്റുകളാണു കമ്പനി ദക്ഷിണേന്ത്യയിൽ തുറന്നത്; ഇതിൽ തമിഴ്നാട്, കേരളം, തെലങ്കാന എന്നിവിടങ്ങളിലായി ആരംഭിച്ച എട്ടു ഡീലർഷിപ്പുകളുമുണ്ട്.

ഇടപാടുകാരുടെ സമീപമെത്താനായി രാജ്യവ്യാപകമായി തന്നെ വിപണന ശൃംഖല വിപുലീകരണം ലക്ഷ്യമിടുന്നുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ് — കൊമേഴ്സ്യൽ വെഹിക്കിൾസ്) ആർ ടി വാസൻ അറിയിച്ചു. ഇതോടൊപ്പമാണു ദക്ഷിണേന്ത്യയ്ക്കു പ്രത്യേക പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണേന്ത്യയിലെ വാണിജ്യ വാഹന വിഭാഗത്തിൽ 36% വിപണി വിഹിതമാണു ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നത്. ഇതിൽ ഗണ്യമായ വർധന കൈവരിക്കാനാവുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ പ്രതീക്ഷയെന്നും വാസൻ വെളിപ്പെടുത്തി.
ദക്ഷിണേന്ത്യയിൽ 10 സെയിൽസ്, സർവീസ്, സ്പെയർ പാർട്സ് ഔട്ട്ലെറ്റുകളും 10 സെയിൽസ് ഔട്ട്ലെറ്റുകളും തുടങ്ങി. ചെന്നൈ, സേലം, വാറങ്കൽ, തിരുച്ചി, മധുര, കൊച്ചി, തുംകൂർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പുതിയ വിപണന കേന്ദ്രങ്ങൾ തുറന്നു. പുതിയ വിൽപ്പന ശാലകളിൽ നിന്ന് ആറു ശതമാനത്തോളം സംഭാവന ലഭിച്ചതായും വാസൻ അറിയിച്ചു.

ഇടത്തരം, ഭാര വാണിജ്യ വാഹനങ്ങളുടെ പുതിയ ശ്രേണിയായ ‘സിഗ്ന’ അടുത്ത വർഷത്തോടെ ദക്ഷിണേന്ത്യയിലും വിൽപ്പനയ്ക്കെത്തും. ഇടത്തരം, ലഘു വാണിജ്യ വാഹന വിഭാഗത്തിൽ പ്രകടനം മെച്ചപ്പെടുത്താൻ ‘അൾട്ര’ ശ്രേണിയും അവതരിപ്പിക്കുമെന്നു വാസൻ വെളിപ്പെുത്തി. പിക് അപ്, ചെറു യാത്രാവാഹന, കാർഗോ വാഹന വിഭാഗങ്ങളിലും പുതിയ അവതരണങ്ങൾ പ്രതീക്ഷിക്കാം. അര ടൺ ഭാരം കയറ്റാവുന്ന ‘എയ്സ്’ മുതൽ 49 ടൺ ഭാരവാഹക ശേഷിയുള്ള ട്രാക്ടറുകളും ‘ഐറിസ്’ മുതൽ ബസ്സുകളും കോച്ചുകളുമൊക്കെ ഉൾപ്പെടുന്നതാണു ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹന ശ്രേണി. രാജ്യവ്യാപകമായി 1,800 ടച് പോയിന്റുകളും കമ്പനിക്കുണ്ട്.