സ്പോർട്സ് കാർ: ‘ടാമോ’യുമായി ടാറ്റ മോട്ടോഴ്സ്

പ്രകടനക്ഷമതയേറിയ കാറുകൾക്കായി ടാറ്റ മോട്ടോഴ്സ് പുത്തൻ ബ്രാൻഡ് അവതരിപ്പിക്കുന്നു; ടാറ്റ മോട്ടോഴ്സ് എന്ന പേരിന്റെ ചുരുക്കെഴുത്തായ ‘ടാമോ’ ബ്രാൻഡിലാവും കമ്പനി ഭാവിയിൽ ഇത്തരം കാറുകൾ വിൽപ്പനയ്ക്കെത്തിക്കുക. വാഹന രൂപകൽപ്പനാ രംഗത്തും നിർമാണ മേഖലയിലുമൊക്കെ രാജ്യാന്തരതലത്തിൽ തന്നെ കമ്പനിക്കുള്ള മികവ് അനുഭവിച്ചറിയാൻ അവസരമൊരുക്കാനാണ് ‘ടാമോ’യിലൂടെ ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. ബ്രിട്ടീഷ് ആഡംബര ബ്രാൻഡുകളായ ജഗ്വാറിന്റെയും ലാൻഡ് റോവറിന്റെയും ഉടമകളെന്ന നിലയിൽ ലഭ്യമായ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തി പുത്തൻ പ്രതിച്ഛായ കൈവരിക്കാനാണു ‘ടാമോ’യിലൂടെ ടാറ്റ മോട്ടോഴ്സിന്റെ ശ്രമം. ‘ജി ടി ആറി’ലൂടെ നിസ്സാനും ‘മസ്താങ്ങി’ലൂടെ ഫോഡും കൈവരിക്കുന്നതു പോലുള്ള സ്വീകാര്യതയാണു ‘ടാമോ’യിലൂടെ ടാറ്റയും മോഹിക്കുന്നത്.

ഇതോടൊപ്പം പുതിയ ആശയങ്ങളും ബിസിനസ് മാതൃകകളും പരീക്ഷിക്കാനുള്ള വേദിയായും കമ്പനി ‘ടാമോ’യെ പ്രയോജനപ്പെടുത്തും. പ്രധാന മേഖലയായ വാഹന നിർമാണത്തിനു പുറമെ ഭാവിയുടെ സാധ്യതകളായി വിശേഷിപ്പിക്കപ്പെടുന്ന ഷെയേഡ്, കണക്റ്റഡ് മൊബിലിറ്റി പോലുള്ള രംഗങ്ങളിലും ‘ടാമോ’യിലൂടെ ടാറ്റ മോട്ടോഴ്സ് ഭാഗ്യപരീക്ഷണം നടത്തിയേക്കും. രണ്ടു സീറ്റുള്ള സ്പോർട്സ് കാറുമായിട്ടാവും ‘ടാമോ’ ബ്രാൻഡിന്റെ ഉദയമെന്നാണു സൂചന. ഇറ്റലിയിലെ എൻജിനീയറിങ്, ഡിസൈൻ കേന്ദ്രമായ ‘ട്രിലിക്സി’ൽ രൂപകൽപ്പനാഘട്ടത്തിലുള്ള ഈ സ്പോർട്സ് കാർ അടുത്ത 2018 — 19ൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. അടുത്ത മാസത്തെ ജനീവ മോട്ടോർ ഷോയിലാവും ടാറ്റ മോട്ടോഴ്സ് ‘ടാമോ’ ശ്രേണിയിലെ സ്പോർട്സ് കാർ മാതൃക അനാവരണം ചെയ്യുക. ഇൻകുബേഷൻ രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ‘ടാമോ’ ബ്രാൻഡിനായി സിലിക്കൻ വാലിയിലും യു കെയിലും യൂറോപ്പിലും യു എസിലുമൊക്കെ ഓഫിസുകൾ തുറക്കാനും ടാറ്റ മോട്ടോഴ്സിനു പദ്ധതിയുണ്ട്.

‘എക്സ് വൺ’ പ്ലാറ്റ്ഫോം അടിത്തറയാവുന്ന സ്പോർട്സ് കാറിനു കരുത്തേകുക 1.2 ലീറ്റർ, ഇരട്ട ടർബോ പെട്രോൾ എൻജിനാവുമെന്നാണു സൂചന. പരമാവധി 180 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനാവും. കമ്പനി രേഖകളിൽ ‘ഫ്യുചുറൊ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന കാറിൽ ടാറ്റ മോട്ടോഴ്സിന്റെ എൻജിനീയറിങ് വൈഭവം വ്യക്തമാക്കാൻ കണക്റ്റഡ് സാങ്കേതിവിദ്യകളുടെ ധാരാളിത്തവും പ്രതീക്ഷിക്കാം. അൻപതംഗ സംഘത്തെയാണു ടാറ്റ മോട്ടോഴ്സ് സ്പോർട്സ് കാർ സാക്ഷാത്കരിക്കാനുള്ള ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. ഭാവിയിലേക്കുള്ള പ്രയാണത്തിനുള്ള പുതുവഴിയെന്ന നിലയിലാണു കമ്പനി ‘ടാമോ’യെ അവതരിപ്പിക്കുന്നതെന്നു ടാറ്റ മോട്ടോഴ്സ് മാനേജിങ് ഡയറക്ടർ ഗ്വെന്റർ ബട്ഷെക് വ്യക്തമാക്കി. ആശയങ്ങളിലും ഉൽപന്നങ്ങളിലും സേവനങ്ങളിലുമൊക്കെ വൻ ചാഞ്ചാട്ടവും തുടർച്ചയില്ലായ്മയുമൊക്കെയാണ് വിപണി അഭിമുഖീകരിക്കുന്നത്. ഭാവി ലക്ഷ്യമിട്ടുള്ള പുതുമകൾ സാക്ഷാത്കരിക്കാനുള്ള മികച്ച മാർഗമെന്ന നിലയിലാണു കമ്പനി ‘ടാമോ’ രീതി തിരിഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.