‘ദ് ചോസൺ വൺ’: ജേതാക്കളിൽ 4 പേർ കേരളത്തിൽ

സ്വന്തം ‘ജെൻ എക്സ് നാനോ’യുടെ പിറവി നേരിട്ടു കാണാൻ അവസരമൊരുക്കി ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ച ‘ദ് ചോസൺ വൺ’ പദ്ധതിയിലെ ജേതാക്കളെ പ്രഖ്യാപിച്ചു. ‘ജെൻ എക്സ് നാനോ’ ബുക്ക് ചെയ്യുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവരെ സാനന്ദിലെ നിർമാണശാലയിലെത്തിച്ച് സ്വന്തം കാർ പുറത്തിറങ്ങുന്നതു കാണാനുള്ള അവസരമായിരുന്നു ‘ദ് ചോസൺ വണ്ണി’ൽ ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം. തിരഞ്ഞെടുക്കപ്പെടുന്നവരുടെ സാനന്ദ് യാത്രയ്ക്കും മറ്റുമുള്ള ചെലവും കമ്പനി വഹിക്കും.

‘ദ് ചോസൺ വൺ’ പദ്ധതി പ്രകാരം സാനന്ദ് യാത്രയ്ക്കു തിരഞ്ഞെടുക്കപ്പെട്ട 20 പേരിൽ നാലു പേർ കേരളത്തിൽ നിന്നാണ്: യു ബാലമുരളി(എറണാകുളം), മോഹനൻ(കണ്ണൂർ), ആന്റണി കുര്യാക്കോസ്(കോട്ടയം), വീണ ജയപ്രകാശ്(കോഴിക്കോട്) എന്നിവരെയാണു ഭാഗ്യം കടാക്ഷിച്ചത്.

വിശാൽ അനിൽ ഗുഗാലെ, വിനയ്കുമാർ അഹൂജ, പ്രദീപ് ദെഹേഡ്കർ, അർച്ചന ലെലെ(എല്ലാവരും പുണെ), ഡോ കെ വീരേഷ്, ബാൽരാജ് സേഥി, സത്യ റെഡ്ഡി, ഷീല ഫിലിപ്(എല്ലാവരും ബെംഗളൂരു), അനിത ഗണ്ടി, നവനീത് തില്ലൈസ്ഥാനം(ഇരുവരും ഹൈദരബാദ്), മനോഹർ ഗഡഗിൽ, ശിൽപ പ്രഥാൻ(ഇരുവരും നവി മുംബൈ), ലക്ഷ്മൺഭായ് വധേർ(അഹമ്മദബാദ്), സൊനാലി പരേഖ്(മുംബൈ), സമേഷ്ഭായ് കൻസാര(വാപി), പ്രൊബിൽ സുർ(കൊൽക്കത്ത) എന്നിവരാണു പദ്ധതിയിലെ മറ്റു വിജയികൾ.

കഴിഞ്ഞ 18 വരെ ‘ജെൻ എക്സ് നാനോ’ ബുക്ക് ചെയ്തവരെയാണു ടാറ്റ മോട്ടോഴ്സ് ‘ദ് ചോസൺ വൺ’ പദ്ധതിയുടെ നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത്. ഇവരെ ജൂലൈ ഏഴിനു സാനന്ദിലെത്തിച്ചു സ്വന്തം കാറിന്റെ നിർമാണത്തിനു സാക്ഷികളാക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. ഇവർക്കു പ്ലാന്റിൽ തന്നെ കാറുകളുടെ ജനന സർട്ടിഫിക്കറ്റും കമ്പനി കൈമാറുമെന്നാണു പ്രഖ്യാപനം.

ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ലക്ഷ്യമിടുന്ന ‘ഹൊറൈസൻനെക്സ്റ്റ്’ പ്രകാരം ‘സെസ്റ്റി’നും ‘ബോൾട്ടി’നും ശേഷം ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്ന മൂന്നാം മോഡലാണു ‘ജെൻ എക്സ് നാനോ’. ഈ കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കു സവിശേഷ അനുഭവം പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടായിരുന്നു കമ്പനി ‘ദ് ചോസൺ വൺ’ പദ്ധതി ആവിഷ്കരിച്ചത്.