‘നാനോ’: ടാറ്റ അഭിനന്ദനം അർഹിക്കുന്നെന്നു ഭാർഗവ

R C Bhargava

സാധാരണക്കാർക്ക് താങ്ങാവുന്ന വിലയ്ക്കു ചെറുകാറായ ‘നാനോ’ വിൽപ്പനയ്ക്കെത്തിക്കാൻ ശ്രമിച്ചതിന് രത്തൻ ടാറ്റയെ അഭിനന്ദിക്കുകയാണു വേണ്ടതെന്നു മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ ആർ സി ഭാർഗവ. പെരുകുന്ന നഷ്ടത്തിന്റെ പേരിൽ ‘നാനോ’ നിർമാണം നിർത്തണമെന്ന് ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി ആവശ്യപ്പെട്ടിരുന്നെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തികച്ചും സദുദ്ദേശ്യത്തോടെയായിരുന്നു രത്തൻ ടാറ്റ ‘നാനോ’ എന്ന ആശയം അവതരിപ്പിച്ചത്; ആ ഉദ്ദേശ്യം സാധ്യമാക്കാൻ അദ്ദേഹം ആത്മാർഥമായി ശ്രമിക്കുകയും ചെയ്തെന്നു ഭാർഗവ അഭിപ്രായപ്പെട്ടു. തന്റെ കമ്പനിയായ മാരുതി സുസുക്കിക്ക് ഇത്തരമൊരു പദ്ധതി ഏറ്റെടുക്കാനാവുമായിരുന്നില്ല. അതുകൊണ്ടുതന്നെ ടാറ്റയുടെ ശ്രമം അംഗീകരിക്കപ്പെടണമെന്നു ഭാർഗവ വ്യക്തമാക്കി. ഒരു ലക്ഷം രൂപ വിലയ്ക്കു കാർ എന്ന ആശയം എത്രത്തോളം പ്രായോഗികമാണെന്നു വിശദീകരിക്കുകയായിരുന്നു അദ്ദേഹം.ഇരുചക്രവാഹന യാത്രികർക്കും അവരുടെ കുടുംബങ്ങൾക്കും താങ്ങാവുന്ന വിലയ്ക്കു കൂടുതൽ സുരക്ഷിത യാത്ര ലക്ഷ്യമിട്ടായിരുന്നു ‘നാനോ’ എന്ന ആശയം പിറവിയെടുത്തതെന്നു ഭാർഗവ ഓർമിപ്പിച്ചു. ഈ ചിന്ത പരിഗണിച്ചു തന്നെ രത്തൻ ടാറ്റയുടെ ആശയം അഭിനന്ദിക്കപ്പെടേണ്ടതാണ്. ചെറുകാർ നിർമാണ രംഗത്തു വൈഭവമുണ്ടെങ്കിലും ഇത്തരമൊരു കാർ അവതരിപ്പിക്കാൻ മാരുതി സുസുക്കിക്കു കഴയുമായിരുന്നില്ലെന്നാണു തുടക്കം മുതൽ തന്റെ നിലപാട്.

അതേസമയം ടാറ്റ ഗ്രൂപ്പിലെ പ്രശ്നങ്ങൾ ആ കമ്പനിയുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു ഭാർഗവയുടെ പ്രതികരണം. ഏതെങ്കിലും കമ്പനിയുടെ ആഭ്യന്തര കാര്യത്തിൽ പുറത്തുള്ളവർ അഭിപ്രായപ്രകടനം നടത്തുന്നത് അനുചിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനഭൃഷ്ടനാക്കപ്പെട്ട സൈറസ് മിസ്ത്രി ടാറ്റ സൺസ് ബോർഡ് ഓഫ് ഡയറക്ടേഴ്സിന് അയച്ച കത്തിലാണു ‘നാനോ’യ്ക്കെതിരെ ആഞ്ഞടിച്ചത്. ‘നാനോ’ മൂലമുള്ള സഞ്ചിത നഷ്ടം 1,000 കോടി രൂപയോളമെത്തിയ സാഹചര്യത്തിൽ ടാറ്റ മോട്ടോഴ്സിന്റെ തിരിച്ചുവരവിന് ഈ ചെറുകാർ നിർമാണം അവസാനിപ്പിക്കേണ്ടത് അനിവാര്യതയാണെന്നായിരുന്നു മിസ്ത്രിയുടെ പക്ഷം. എന്നാൽ വൈകാരികമായ കാരണങ്ങളുടെ പേരിൽ കമ്പനി ‘നാനോ’ നിർമാണം തുടരുകയാണ്. ‘നാനോ’ നിർമാണം അവസാനിപ്പിക്കുന്നത് രത്തൻ ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തമുള്ള മറ്റൊരു കമ്പനിക്കു നഷ്ടമുണ്ടാക്കുമെന്നതും ഇപ്പോഴത്തെ സ്ഥിതി തുടരാനുള്ള തീരുമാനത്തിനു പിന്നിലുണ്ടെന്നു മിസ്ത്രി ആരോപിച്ചിരുന്നു.