'എയ്സ്’ പോലുള്ള പുതു മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ

ചെറു വാണിജ്യ വാഹന(എസ് സി വി)മായ ‘എയ്സ്’ അടിസ്ഥാനമാക്കി കൂടുതൽ മോഡലുകൾ വിൽപ്പനയ്ക്കെത്തിക്കുമെന്നു ടാറ്റ മോട്ടോഴ്സ്. ബാറ്ററിയിലും സങ്കര ഇന്ധനത്തിലും ഓടുന്ന മോഡലുകളും ഈ വിഭാഗത്തിൽ പരിഗണനയിലുണ്ടെന്നു കമ്പനി വ്യക്തമാക്കി. ‘എയ്സ്’ പ്ലാറ്റ്ഫോം ആധാരമാക്കുന്ന വൈദ്യുത, സങ്കര ഇന്ധന സാങ്കേതികവിദ്യകൾ വികസനഘട്ടത്തിലാണെന്നു ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് സീനിയർ വൈസ് പ്രസിഡന്റ് ആർ രാമകൃഷ്ണൻ വെളിപ്പെടുത്തി. ‘എയ്സ്’ അവതരണത്തിന്റെ ദശവത്സരാഘോഷങ്ങൾക്കാണ് ഇപ്പോൾ വേദിയൊരുങ്ങുന്നത്. 2005ൽ നിരത്തിലെത്തിയ എസ് സി വിയുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 15 ലക്ഷം യൂണിറ്റിലേറെയാണ്. പ്രതിമാസം 10,000 — 15,000 യൂണിറ്റിന്റെ ശരാശരി വിൽപ്പന കൈവരിച്ചു മുന്നേറുന്ന ‘എയ്സി’ന് എസ് സി വി വിഭാഗത്തിൽ 85 ശതമാനത്തിലേറെ വിപണി വിഹിതവും സ്വന്തമാണെന്നാണു ടാറ്റ മോട്ടോഴ്സിന്റെ അവകാശവാദം.

വിപണിയിൽ വിജയകരമായ 10 വർഷങ്ങൾ പിന്നിട്ട് ‘എയ്സ്’ ശ്രദ്ധേയ നാഴികക്കല്ലാണ് കൈവരിച്ചതെന്നു രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. വിപണിയെക്കുറിച്ചും ഉപയോക്താക്കളെക്കുറിച്ചും ആഴത്തിലുള്ള അറിവിന്റെ പിൻബലത്തിലാണ് ‘എയ്സ്’ പോലെ വിപ്ലവകരമായ വാഹനം പുറത്തിറക്കാൻ കമ്പനിക്കു കഴിഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. അവസാന മൈൽ കണക്ടിവിറ്റിയിൽ വൻമാറ്റങ്ങൾക്കു വഴി തെളിച്ച ‘എയ്സി’ലൂടെ 10 ലക്ഷത്തോളം പുതിയ ഇടപാടുകാരെ കണ്ടെത്താനും കമ്പനിക്കു കഴിഞ്ഞെന്ന് അദ്ദേഹം അറിയിച്ചു.

ഉത്തരാഖണ്ഡിലെ പന്ത് നഗറിലും കർണാടകത്തിലെ ധാർവാഡിലുമുള്ള ശാലകളിലാണു കമ്പനി ‘എയ്സ്’ ശ്രേണിയിലെ വിവിധ വകഭേദങ്ങൾ നിർമിക്കുന്നത്. എൻജിൻ, കരുത്ത്, ബോഡി ഘടന എന്നിവ അടിസ്ഥാനമാക്കി 12 വകഭേദങ്ങളിലാണ് ‘എയ്സ്’ വിപണിയിലുള്ളത്.

ഈ വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാനായി പുത്തൻ പ്ലാറ്റ്ഫോം തന്നെ വികസിപ്പിക്കാനുള്ള സാധ്യതയും ടാറ്റ മോട്ടോഴ്സ് പരിശോധിക്കുന്നുണ്ട്. ഉപയോക്താക്കളുടെ അഭിരുചി മാറുന്നതിനനുസൃതമായി പുതിയ മോഡലുകൾ വികസിപ്പിക്കാനും പുറത്തിറക്കാനുമാണു കമ്പനിയുടെ നിരന്തര ശ്രമമെന്നു രാമകൃഷ്ണൻ വിശദീകരിച്ചു. ‘എയ്സി’നു 10 വയസായ സാഹചര്യത്തിൽ എസ് സി വിക്കായി പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.