വിലയിൽ മാറ്റമില്ലാതെ നവീകരിച്ച ‘സഫാരി സ്റ്റോം’

ഔദ്യോഗിക പ്രഖ്യാപനമൊന്നുമില്ലെങ്കിലും ടാറ്റ മോട്ടോഴ്സിന്റെ സ്പോർട്സ് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘സഫാരി സ്റ്റോമി’ന്റെ പരിഷ്കരിച്ച പതിപ്പ് വിൽപ്പനയ്ക്കെത്തി. 10,000 മുതൽ 50,000 രൂപ വരെ അഡ്വാൻസ് ഈടാക്കി വിവിധ ഡീലർമാർ നവീകരിച്ച ‘സഫാരി സ്റ്റോമി’നുള്ള ബുക്കിങ്ങും സ്വീകരിക്കുന്നുണ്ട്. മുൻഗാമിയെ അപേക്ഷിച്ചു വില വ്യത്യാസമില്ലാതെയാണു പുതിയ ‘സഫാരി സ്റ്റോം’ എത്തുന്നത്; 10.41 ലക്ഷം രൂപയാണു നവീകരിച്ച ‘സ്റ്റോമി’നും ഡൽഹിയിലെ ഷോറൂം വില.

പുറംഭാഗത്തു രൂപകൽപ്പനയിൽ ചില്ലറ മാറ്റം സംഭവിച്ചതും ചില അധിക സൗകര്യങ്ങൾ ഇടംപിടിച്ചതുമാണു നവീകരിച്ച ‘സ്റ്റോമി’ലെ പുതുമ. ലാൻഡ് റോവറിനെ ഓർമിപ്പിക്കുന്ന മുൻഗ്രിൽ ഘടിപ്പിച്ചതാണു പുറത്തെ പ്രധാന മാറ്റം. അകത്തളത്തിലാവട്ടെ ‘ബോൾട്ടി’ലും ‘സെസ്റ്റി’ലുമുള്ളതിനു സമാനമായ സ്റ്റീയറിങ് വീൽ ഇടംപിടിച്ചു. ഒപ്പം സിൽവർ അക്സന്റുള്ള കറുപ്പ് തീമിലായി എസ് യു വിയുടെ അകത്തളം.

റിയർ പാർക്കിങ് സെൻസർ, പിൻസീറ്റിന്റെ മധ്യത്തിൽ ആംറസ്റ്റ്, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച കൺട്രോളോടെ ഡിസ്പ്ലേ സ്ക്രീൻ, യു എസ് ബി, ഓക്സിലറി ഇൻ, ബ്ലൂടൂത്ത് കംപാറ്റിബിലിറ്റി എന്നിവയുള്ള ഓഡിയോ സംവിധാനം എന്നിവയാണു ‘സ്റ്റോമി’ലെ മറ്റു പുതുമകൾ.

സാധാരണ പരിഷ്കരിച്ച പതിപ്പുകളിൽ നിന്നു വ്യത്യസ്തമായി സാങ്കേതിക വിഭാഗത്തിലും മാറ്റത്തോടെയാണു പുതിയ ‘സഫാരി സ്റ്റോമി’ന്റെ വരവ്. ‘ആര്യ’യിലെ 2.2 ലീറ്റർ, വാരികോർ ഡീസൽ എൻജിനാണ് നവീകരിച്ച ‘സഫാരി സ്റ്റോമി’നു കരുത്തേകുന്നത്; പരമാവധി 148 ബി എച്ച് പി കരുത്തും 320 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനാവും. ‘സഫാരി സ്റ്റോമി’ന്റെ മുൻ മോഡലിലെ എൻജിനെ അപേക്ഷിച്ച് 10 ബി എച്ച് പി അധിക കരുത്താണിത്.

ടാറ്റ ‘സഫാരി സ്റ്റോമി’ന്റെ പരിഷ്കരിച്ച പതിപ്പിന്റെ ഡൽഹി ഷോറൂം വില(ലക്ഷം രൂപയിൽ): എൽ എക്സ് — 10.41, ഇ എക്സ് — 11.61, വി എക്സ് — 13.02, ഫോർ ബൈ ഫോർ — 14.34.