വാഹന വില കൂട്ടുമെന്നു ടാറ്റയും സ്കോഡയും റെനോയും

വിദേശ കമ്പനികളുടെ പാത പിന്തുടർന്ന് പുതുവർഷത്തിൽ വില കൂട്ടാൻ ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സും തീരുമാനിച്ചു. യാത്രാവാഹന വിലയിൽ പരമാവധി 20,000 രൂപയുടെ വരെ വർധനയാണു ജനുവരിയിൽ പ്രാബല്യത്തിലെത്തുകയെന്നു കമ്പനി അറിയിച്ചു. നിലവിലുള്ള വ്യത്യസ്ത സാമ്പത്തിക ഘടകങ്ങൾ പരിഗണിച്ചാണു വില വർധന പ്രഖ്യാപിക്കുന്നതെന്നും ടാറ്റ മോട്ടോഴ്സ് വിശദീകരിച്ചു. എൻട്രി ലവൽ കാറായ ‘ജെനെക്സ് നാനോ’ മുതൽ വിവിധോദ്ദേശ്യ വാഹനമായ ‘ആര്യ’ വരെ നീളുന്നതാണു ടാറ്റ മോട്ടോഴ്സിന്റെ മോഡൽ ശ്രേണി; ഡൽഹി ഷോറൂമിൽ 1.99 ലക്ഷം രൂപ മുതൽ 15.51 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങളാണു കമ്പനി വിൽക്കുന്നത്.

Tata Nano

ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യയും പുതുവർഷം മുതൽ വില വർധിപ്പിക്കുമെന്നു പ്രഖ്യാപിച്ചു. വിപണിയിലെ പ്രതികൂല സാഹചര്യവും ഉൽപ്പാദനചെലവിലെ വർധനയുമൊക്കെ പരിഗണിച്ച് ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വിലയിൽ രണ്ടു മുതൽ മൂന്നു ശതമാനം വരെ വർധനയാണു ജനുവരിയിൽ പ്രാബല്യത്തിലെത്തുക. സ്കോഡ ഓട്ടോയുടെ വാഹനങ്ങൾക്ക് 14,000 മുതൽ അര ലക്ഷം രൂപ വരെയുള്ള വർധനയാണു അടുത്ത മാസം നടപ്പാവുക. സഖ്യ പങ്കാളിയായ നിസ്സാനു പിന്നാലെ ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ ഇന്ത്യയും പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കാൻ തീരുമാനിച്ചു. എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡും’ വിവിധോദ്ദേശ്യ വാഹനമായ ‘ലോജി’യുമടക്കമുള്ള മോഡലുകൾക്ക് മൂന്നു ശതമാനം വരെയാവും വില വർധന. ഇതോടെ കോംപാക്ട് എസ് യു വിയായ ‘ഡസ്റ്ററി’ന്റെ വില 20,000 രൂപയിലേറെ വർധിക്കും. ഇന്ത്യയിൽ റെനോ വിൽക്കുന്ന ഹാച്ച്ബാക്കായ ‘പൾസ്’, സെഡാനായ ‘സ്കാല’, ‘ഫ്ളുവൻസ്’, എസ് യു വിയായ ‘കോളിയൊസ്’ എന്നിവയ്ക്കും വിലയേറും.

Skoda Octavia

ഇന്ത്യൻ വിപണിയെ നയിക്കുന്ന മാരുതി സുസുക്കി ലിമിറ്റഡും പ്രധാന എതിരാളികളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും മുതൽ ടൊയോട്ട കിർലോസ്കർ മോട്ടോറും നിസ്സാൻ ഇന്ത്യയും ജനറൽ മോട്ടോഴ്സ് ഇന്ത്യയും ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസും ബി എം ഡബ്ല്യുവും വരെ പുതുവർഷത്തിൽ വാഹനവില വർധിപ്പിക്കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. ഉത്സവകാലത്ത് വിലക്കിഴിവ് അനുവദിച്ചിട്ടും ചെലവാകാതെ പോയ വാഹനങ്ങൾ എത്രയും വേഗം വിറ്റഴിക്കാനാണു കാർ നിർമാതാക്കൾ കൂട്ടത്തോടെ പുതുവർഷത്തിൽ വില വർധന പ്രഖ്യാപിച്ചതെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.