റ്റി1 ട്രക്ക് ചാംപ്യൻഷിപ്പിന് ആവേശകരമായ അന്ത്യം

'പ്രോ ക്ലാസ്' വിഭാഗത്തിൽ ചാംപ്യനായ ഡേവിഡ് ജെൻകിൻസിൻ, രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ റിക് കോളറ്റ്, ഗ്രഹാം പവൽ എന്നിവർ പുരസ്കാരവേദിയിൽ.

ഗ്രേറ്റർ നോയിഡ: ന്യൂഡൽഹി ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് സർക്യൂട്ടിൽ നടന്ന മൂന്നാമത് റ്റി1 ട്രക്ക് റേസിങ്ങിന് ആവേശകരമായ സമാപനം. ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ അണി നിരന്ന 'സൂപ്പർ ക്ലാസ്' പോരാട്ടങ്ങളിൽ (രണ്ടു റേസ്) ജഗത് സിങ്, നാഗാർജുന എന്നിവർ ചാംപ്യൻപട്ടം കരസ്ഥമാക്കി. ഇരുവർക്കും സമ്മാനതുകയായി 10 ലക്ഷം രൂപ വീതം ലഭിക്കും. അമ്പതിനായിരത്തിലധികം കാണികളാണ് ചാംപ്യൻഷിപ്പ് കാണുവാനെത്തിയത്. ചാംപ്യൻഷിപ്പിനോടനുബന്ധിച്ച് സുനീതി ചൗഹാൻ. ബാദ്ഷാ, നീതി മോഹൻ, ഗൗരവ്, ഗരിമ യാഗ്‌നിക് തുടങ്ങിയ പ്രശസ്ത താരങ്ങളുടെ കലാപരിപാടികളും സംഘാടകർ ഒരുക്കിയിരുന്നു.

രാജ്യാന്തര താരങ്ങൾ മാറ്റുരച്ച 'പ്രോ ക്ലാസ്' വിഭാഗത്തിൽ ടാറ്റ ടെക്നോളജീസ് ടീമിന്റെ ഡേവിഡ് ജെൻകിൻസിൻ (37:34.642) ഒന്നാമതായി ഫിനിഷു ചെയ്തു. റിക് കോളറ്റ്, ഗ്രഹാം പവൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ടാറ്റ കമ്മിൻസ് ടീമംഗങ്ങളാണ് ഇരുവരും. വാബ്കൊ, ജെകെ ടയർ, കാസ്ട്രോൾ, ടാറ്റ കമ്മിൻസ്, ടാറ്റ മോട്ടോഴ്സ് ഫിനാൻസ്, ടാറ്റ ടെക്നോളജീസ് എന്നിവയാണ് ചാംപ്യൻഷിപ്പിൽ മാറ്റുരച്ച ആറു ടീമുകൾ.

പ്രൈമ ട്രക്ക് റേസിങ്ങ് എല്ലാ വർഷവുമുണ്ടെങ്കിലും ഈ വർഷം ആദ്യമായാണ് ഇന്ത്യൻ ട്രക്ക് ഡ്രൈവർമാര്‍ക്കായുള്ള ചാംപ്യന്‍ഷിപ് നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു തെരഞ്ഞെ‌ടുക്കപ്പെട്ട 12 ഡ്രൈവർമാർക്ക് ട്രക്ക് റേസിങ്ങിൽ നിപുണരായ വിദഗ്ധരുടെ കീഴിൽ മികച്ച പരിശീലനം നൽകിയാണ് ടാറ്റ അവരെ ചാംപ്യൻഷിപ്പിനായി തയ്യാറാക്കിയത്. എം ഒ എം എ യുടെ കീഴിൽ മൂന്നുമാസക്കാലമാണ് ഇവർക്കു പരിശീലനം നൽകിയത്.

അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് ഡേവിഡ് ജെൻകിൻസ് ചാംപ്യൻപട്ടം കരസ്ഥമാക്കിയത്. ആദ്യ എട്ടു ലാപ്പിൽ നാലാം സ്ഥാനത്തു നിന്നതിനു ശേഷം ശക്തമായ തിരിച്ചുവരവിലൂടെയാണ് ജെന്‍കിൻസ് കപ്പുയർത്തിയത്. ആദ്യ എട്ടു ലാപ് റേസ് 1:50:691 സെക്കന്റിൽ പൂർത്തിയാക്കിയ കാസ്ട്രോൾ വെക്ടൺ ടീമംഗം മാറ്റ് സമ്മർഫീൽഡാണ് 3.1 കിലോമീറ്റർ നീളമുള്ള റേസ് ട്രാക്ക് ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയത്.