ടാറ്റയുടെ ‘ടിയാഗൊ’യും എത്തുന്നതു സാനന്ദിൽ നിന്ന്

ചെറുകാറായ ‘നാനോ’യ്ക്കായി ഗുജറാത്തിലെ സാനന്ദിൽ സ്ഥാപിച്ച ശാലയിൽ നിന്നു ടാറ്റ മോട്ടോഴ്സ് പുതിയ ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ നിർമാണം ആരംഭിച്ചു. രണ്ടു മാസമായി സാനന്ദിൽ ‘ടിയാഗൊ’ നിർമിക്കുന്നുണ്ടെന്നാണു ലഭ്യമാവുന്ന സൂചന; ഇതുവരെ ഈ ശാലയിൽ 1,800 ‘ടിയാഗൊ’ നിർമിച്ചു കഴിഞ്ഞെന്നാണു കണക്ക്. പുതിയ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച ഹാച്ച്ബാക്കായ ‘ടിയാഗൊ’ സാനന്ദിൽ നിർമിക്കുമെന്നു ടാറ്റ മോട്ടോഴ്സും സ്ഥിരീകരിച്ചിട്ടുണ്ട്. കാർ വൈകാതെ വിൽപ്പനയ്ക്കെത്തുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഔപചാരിക അരങ്ങേറ്റത്തിനു മുന്നോടിയായി വിവിധ അനുമതികളും അംഗീകാരങ്ങളും ഉറപ്പാക്കുന്ന തിരക്കിലാണത്രെ ടാറ്റ മോട്ടോഴ്സ്.

അതിനിടെ ‘നാനോ’യ്ക്ക് ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ച ആനുകുല്യങ്ങളും ഇളവുകളുമൊക്കെ സാനന്ദിൽ നിർമിക്കുന്ന മറ്റു മോഡലുകൾക്കും ഉറപ്പാക്കാൻ ടാറ്റ മോട്ടോഴ്സ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ ആവശ്യം സർക്കാർ അംഗീകരിക്കുന്ന പക്ഷം കൂടുതൽ മോഡലുകളുടെ നിർമാണം സാനന്ദിലേക്കു മാറ്റാനാണു ടാറ്റ മോട്ടോഴ്സിന്റെ പദ്ധതി.എന്നാൽ ടാറ്റ മോട്ടോഴ്സിന്റെ ആവശ്യത്തിൽ ഗുജറാത്ത് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ സാനന്ദിൽ നിർമിക്കുന്ന ‘ടിയാഗൊ’യ്ക്ക് ലഭ്യമാവുന്ന ഇളവുകൾ സംബന്ധിച്ചും വ്യക്തത കൈവന്നിട്ടില്ല. ഈ അനിശ്ചിതത്വം തുടരുന്നതിനാലാണു സാനന്ദിലെ കാർ നിർമാണ സൗകര്യം കൂടുതൽ പ്രയോജനപ്പെടുത്തി പുതിയ മോഡലുകളുടെ ഉൽപ്പാദനം ഇവിടേക്കു മാറ്റാൻ ടാറ്റ മോട്ടോഴ്സ് സന്നദ്ധമാവാത്തതും.

വിപണിയിൽ പ്രതീക്ഷിച്ച വിജയം കൊയ്യാനാവാതെ വന്നതോടെ ‘നാനോ’യുടെ ഉൽപ്പാദനം ഏറെക്കുറെ നാമമാത്രമാണ്. 2009 ജൂലൈയിൽ പ്രവർത്തനം ആരംഭിച്ച സാനന്ദ് ശാലയുടെ സ്ഥാപിത ശേഷി പ്രതിവർഷം രണ്ടര ലക്ഷം കാറുകളാണ്. എന്നാൽ 2014 ജനുവരി മുതൽ 2015 ജനുവരി വരെയുള്ള രണ്ടു വർഷ കാലത്തിനിടെ 42,561 വാഹനങ്ങൾ മാത്രമാണു സാനന്ദിൽ നിർമിച്ചതെന്നാണു ഗുജറാത്ത് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നത്. നേരത്തെ പശ്ചിമ ബംഗാളിലെ സിംഗൂരിൽ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്ന ‘നാനോ’ നിർമാണ ശാല, സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലിയുള്ള പ്രാദേശിക എതിർപ്പുകൾ അക്രമാസക്തമായതിനെ തുടർന്നാണു ടാറ്റ മോട്ടോഴ്സ് 2008 ഒക്ടോബറിൽ ഗുജറാത്തിലെ സാനന്ദിലേക്കു പറിച്ചുനട്ടത്. ആഘോഷപൂർവം ഉദ്ഘാടനം നടത്തിയ ശാല പക്ഷേ ഒരിക്കൽ പോലും സ്ഥാപിത ശേഷി പൂർണമായും വിനിയോഗിച്ചില്ലെന്നതാണു യാഥാർഥ്യം.