ടിയാഗൊയ്ക്ക് മികച്ച വരവേൽപ്പ്

പുതിയ ഹാച്ച്ബാക്കായ ‘ടിയാഗൊ’യ്ക്ക് രാജ്യവ്യാപകമായി ഒരു ലക്ഷത്തോളം അന്വേഷണങ്ങൾ ലഭിച്ചെന്നു നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. ഇന്ത്യയിലെ ഹാച്ച്ബാക്ക് വിപണിയിൽ നിലവിൽ നാലു തലങ്ങളുണ്ടെന്നു ടാറ്റ മോട്ടോഴ്സിന്റെ റീജണൽ മാനേജർ(പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ്) സൗത്ത് — വൺ നകുൽ ഗുപ്ത വിശദീകരിച്ചു. എൻട്രി, മിഡ്, ഹൈ, പ്രീമിയം എന്നിങ്ങനെയാണു ഹാച്ച്ബാക്ക് വിപണിയുടെ വിഭജനം. ഇതിൽ ഹൈ വിഭാഗത്തിൽ ‘ബോൾട്ടും’ എൻട്രി ലവലിൽ ‘ജെനെക്സ് നാനോ’യുമാണു കമ്പനിയെ പ്രതിനീധികരിക്കുന്നത്. ഹാച്ച്ബാക്ക് വിപണിയിൽ ഇടത്തരം — ഹൈ വിഭാഗങ്ങൾക്കിടയിലാവും ‘ടിയാഗൊ’ ഇടംപിടിക്കുകയെന്നു ഗുപ്ത വെളിപ്പെടുത്തി.

റെവൊട്രോൺ 1.2 ലീറ്റർ പെട്രോൾ എൻജിൻ കരുത്തേകുന്ന ‘ടിയാഗൊ’യ്ക്ക് ലീറ്ററിന് 23.84 കിലോമീറ്ററാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 1.05 ലീറ്റർ റെവൊടോർക് ഡീസൽ എൻജിൻ സഹിതമെത്തുന്ന മോഡലിന്റെ ഇന്ധനക്ഷമതയാവട്ടെ 27.28 കിലോമീറ്ററാണെന്നു ടാറ്റ മോട്ടോഴ്സ് പറയുന്നു. ഹൈ, പ്രീമിയം വിഭാഗങ്ങളിൽ ലഭിക്കുന്ന സൗകര്യങ്ങളോടെ നിരത്തിലെത്തിയ ‘ടിയാഗൊ’യ്ക്കു വില താരതമ്യേന കുറവാണെന്നും ഗുപ്ത അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ ഇടത്തരം ഹാച്ച്ബാക്കുകൾ തേടുന്നവർക്കും ‘ടിയാഗൊ’ സ്വീകാര്യമാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ‘ടിയാഗൊ’യ്ക്കു മികച്ച വരവേൽപ് ലഭിച്ചെന്നു പ്രഖ്യാപിക്കുമ്പോഴും വിൽപ്പനയുടെയോ ബുക്കിങ്ങിന്റെയോ കൃത്യമായ കണക്കുകൾ വെളിപ്പെടുത്താൻ ഗുപ്ത സന്നദ്ധനായില്ല. എങ്കിലും അന്വേഷണം ഒരു ലക്ഷം കടന്നെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

വരുംവർഷങ്ങളിൽ ഓരോ 12 മാസത്തിലും കമ്പനി രണ്ടു പുതിയ മോഡലുകൾ വീതം പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ടാറ്റ മോട്ടോഴ്സ് നാലു മോഡലുകൾ പ്രദർശിപ്പിച്ചിരുന്നു. ‘ടിയാഗൊ’യ്ക്കു പുറമെ സെഡാനായ ‘കൈറ്റ് ഫൈവ്’, ‘നെക്സൻ’, ‘ഹെക്സ’ എന്നിവയായിരുന്നു പവിലിയനിലുണ്ടായിരുന്നത്. ‘ടിയാഗൊ’യ്ക്കു പുറമെ ഇവയിലൊന്നു രണ്ടു മോഡൽ കൂടി ഇക്കൊല്ലം അരങ്ങേറ്റം കുറിക്കുമെന്നു ഗുപ്ത സൂചിപ്പിച്ചു. പുതിയ മോഡലുകൾ വരുന്നതോടെ വിൽപ്പന ഉയർത്താനായി വിപണന ശൃംഖല വിപുലീകരിക്കാനും ടാറ്റ മോട്ടോഴ്സ് നടപടി തുടങ്ങിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് 597 ഡീലർഷിപ്പുകളുള്ളത് അടുത്ത മൂന്നു വർഷത്തിനിടെ ഇരട്ടിയായി ഉയർത്താനാണു പദ്ധതി.