ടിയാഗൊയുടെ വില വർധിച്ചേക്കും

പുത്തൻ ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ അരങ്ങേറ്റ വേളയിൽ പ്രഖ്യാപിച്ച പ്രാരംഭവില അധികനാൾ തുടരില്ലെന്നു സൂചിപ്പിച്ചു നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. ഡൽഹി ഷോറൂമിൽ പെട്രോൾ എൻജിനുള്ള ‘ടിയാഗൊ’ ശ്രേണിക്ക് 3.20 ലക്ഷം രൂപ മുതലും ഡീസൽ വകഭേദങ്ങൾക്ക് 3.94 ലക്ഷം രൂപ മുതലുമാണ് ഇപ്പോൾ പ്രാബല്യത്തിലുള്ള വില. ഈ വില നിലവാരം നിലനിർത്തുക എളുപ്പമല്ലെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വൈസ് പ്രസിഡന്റ് — സെയിൽസ് ആൻഡ് നെറ്റ്വർക്ക്(പാസഞ്ചർ വെഹിക്കിൾസ്) എസ് എൻ ബർമൻ വ്യക്തമാക്കിയത്. എന്നാൽ എത്രകാലം ഇപ്പോഴത്തെ വില പ്രാബല്യത്തിലുണ്ടാവുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയതുമില്ല. ഇന്ത്യൻ കാർ വിപണിയിൽ ഹാച്ച്ബാക്കുകൾ അണിനിരക്കുന്ന ‘എ ടു’ വിഭാഗത്തിലാണ് ‘ടിയാഗൊ’ ഇടം പിടിക്കുന്നത്. ഈ വിഭാഗത്തിലെ കനത്ത മത്സരം മുൻനിർത്തിയാണ് അത്യാകർഷകമായ വില നിശ്ചയിച്ച് കമ്പനി ‘ടിയാഗൊ’യെ പടയ്ക്കിറക്കിയതെന്നാണു സൂചന. നിലവിൽ ഈ വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സിന്റെ വിപണി വിഹിതം 3.6% ആണ്; ‘ടിയാഗൊ’യിലൂടെ വിപണി വിഹിതം ഗണ്യമായി ഉയർത്തുകയാണു കമ്പനിയുടെ പദ്ധതി. ഇതിനു വഴിയൊരുക്കാനാണ് 3.20 ലക്ഷം രൂപയ്ക്കു മുതൽ ‘ടിയാഗൊ’ ലഭ്യമാക്കാൻ ടാറ്റ മോട്ടോഴ്സ് ശ്രദ്ധിച്ചത്.

റെവൊട്രോൺ 1.2 ലീറ്റർ പെട്രോൾ എൻജിൻ കരുത്തേകുന്ന ‘ടിയാഗൊ’യ്ക്ക് ലീറ്ററിന് 23.84 കിലോമീറ്ററാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 1.05 ലീറ്റർ റെവൊടോർക് ഡീസൽ എൻജിൻ സഹിതമെത്തുന്ന മോഡലിന്റെ ഇന്ധനക്ഷമതയാവട്ടെ 27.28 കിലോമീറ്ററാണെന്നു ടാറ്റ മോട്ടോഴ്സ് പറയുന്നു. ഹാച്ച്ബാക്ക് വിഭാഗത്തിൽ 2015 — 16ലെ മൊത്തം വിൽപ്പന 13.6 ലക്ഷം യൂണിറ്റായിരുന്നു. ഈ ‘എ ടു’ വിഭാഗത്തിലെ വിൽപ്പനയിൽ മൂന്നര ശതമാനത്തോളം മാത്രമാണു ടാറ്റ മോട്ടോഴ്സിന്റെ സംഭാവന. ഇന്ത്യൻ കാർ വിപണി മൊത്തത്തിൽ പരിഗണിച്ചാൽ കമ്പനിയുടെ വിപണി വിഹിതം 5.6 ശതമാനത്തോളമെത്തുമെന്നും അധികൃതർ അവകാശപ്പെടുന്നു. പുതിയ മോഡലുകൾ വരുന്നതോടെ വിൽപ്പന ഉയർത്താനായി വിപണന ശൃംഖല വിപുലീകരിക്കാനും ടാറ്റ മോട്ടോഴ്സ് നടപടി തുടങ്ങിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് 596 ഡീലർഷിപ്പുകളുള്ളത് അടുത്ത മൂന്നു വർഷത്തിനിടെ ഇരട്ടിയായി ഉയർത്താനാണു ലക്ഷ്യമെന്നു ബർമൻ അറിയിച്ചു. കൂടാതെ അടുത്ത 12 — 18 മാസത്തിനിടെ മൂന്നു പുതിയ മോഡലുകൾ കൂടി വിൽപ്പനയ്ക്കെത്തുമെന്നും ബർമൻ വെളിപ്പെടുത്തി.