ടിയാഗൊ നേപ്പാളിലേക്കും

ടാറ്റ മോട്ടോഴ്സിന്റെ ഹാച്ച്ബാക്കായ ‘ടിയാഗൊ’ നേപ്പാളിലും വിൽപ്പനയ്ക്കെത്തി. കഠ്മണ്ഡു ഷോറൂമിൽ 22.55 ലക്ഷം നേപ്പാളി രൂപ(ഏകദേശം 14.10 ലക്ഷം ഇന്ത്യൻ രൂപ)യാണു കാറിനു വില. 1.2 ലീറ്റർ റെവൊട്രോൺ പെട്രോൾ എൻജിനോടെ മാത്രം ലഭ്യമാവുന്ന ‘ടിയാഗൊ’യ്ക്കുള്ള ബുക്കിങ്ങുകളും കമ്പനി സ്വീകരിച്ചു തുടങ്ങി. അടുത്ത ഘട്ടത്തിൽ ടാറ്റ മോട്ടോഴ്സ് കണക്റ്റ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി കാർ ഉടമകളുമായി മികച്ച ബന്ധം നിലനിർത്താനും കമ്പനി ഒരുങ്ങുന്നുണ്ട്. 48 മണിക്കൂർ റിപ്പയർ ഗ്യാരണ്ടി, ഫാസ്റ്റ് ട്രാക്ക് സർവീസ്, 24 മണിക്കൂർ കസ്റ്റമർ അസിസ്റ്റൻസ് സെന്റർ എന്നിവയ്ക്കൊപ്പം സൗജന്യ പിക് അപ് — ഡ്രോപ് സേവനവും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നു. നേപ്പാളിൽ വിപുലമായ സർവീസ് ശൃംഖല ലഭ്യമാണെന്നതും ടാറ്റ മോട്ടോഴ്സിന് അനുകൂല ഘടകമാണ്.

ഉപയോക്താക്കൾക്കു മികച്ച ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു ടാറ്റ മോട്ടോഴ്സ് ‘ടിയാഗൊ’ ഹാച്ച്ബാക്ക് നേപ്പാളിൽ അവതരിപ്പിക്കുന്നതെന്നു കമ്പനിയുടെ പാസഞ്ചർ വെഹിക്കിൾസ് ഇന്റർനാഷനൽ ബിസിനസ് മേധാവി ജോണി ഉമ്മൻ അറിയിച്ചു. ‘ടിയാഗൊ’യുടെ കരുത്തുറ്റതും വറിട്ടതുമായ വ്യക്തിത്വം ജനപ്രീതിയും മത്സരവുമേറിയ ഈ വിഭാഗത്തിൽ വിജയം കൊയ്യാൻ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മികച്ച സംവിധാനങ്ങളും സൗകര്യങ്ങളും അത്യാധുനിക ഡ്രൈവിങ് ഡൈനമിക്സും തകർപ്പൻ ഇന്ധനക്ഷമതയുമൊക്കെയുള്ള ‘ടിയാഗൊ’ ഉപയോക്താക്കൾക്കു മികച്ച മൂല്യമാണു വാഗ്ദാനം ചെയ്യുന്നതെന്നു ടാറ്റ മോട്ടോഴ്സിന്റെ നേപ്പാളിലെ വിതരണക്കാരായ സിപ്രാഡി ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ സൗര്യ റാണ അഭിപ്രായപ്പെട്ടു. നിലവിലുള്ള മോഡലുകൾക്കൊപ്പം ‘ടിയാഗൊ’ കൂടി വിൽപ്പനയ്ക്കെത്തിക്കുന്നതിൽ അദ്ദേഹം ആഹ്ലാദവും പ്രകടിപ്പിച്ചു.

ആധുനിക എൻജിൻ മാനേജ്മെന്റ് സംവിധാനം സഹിതമുള്ള ‘സിറ്റി’, ‘ഇകോ’ മൾട്ടി ഡ്രൈവ് മോഡ്, മുന്നിൽ ഇരട്ട എയർബാഗ്, അത്യാധുനിക ഒൻപതാം തലമുറ എ ബി എസ്, ഇ ബി ഡി, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ഇൻഫൊടെയ്ൻമെന്റ് സ്ക്രീനിൽ ഡിസ്പ്ലേ സഹിതം പാർക്കിങ് സെൻസർ തുടങ്ങിയവയൊക്കെ ‘ടിയാഗൊ’യിൽ ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നുണ്ട്. റെവൊട്രോൺ എൻജിൻ പെട്രോൾ ലീറ്ററിന് 23.84 കിലോമീറ്ററാണ് ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത.  നേപ്പാളിൽ ‘ടിയാഗൊ’യ്ക്ക് നാലു വർഷം അഥവാ 75,000 കിലോമീറ്റർ നീളുന്ന ഇന്ധനക്ഷമതയും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നു. ‘എക്സ് ഇ’, ‘എക്സ് എം’, ‘എക്സ് സെഡ്’ വകഭേദങ്ങളിൽ വിൽപ്പനയ്ക്കുള്ള കാർ ആറു നിറങ്ങളിലാണു ലഭിക്കുക: സ്ട്രൈക്കർ ബ്ലൂ, ബെറി റെഡ്, സൺബഴ്സ്റ്റ് ഓറഞ്ച്, എസ്പ്രസോ ബ്രൗൺ, പേൾസെന്റ് വൈറ്റ്, പ്ലാറ്റിനം സിൽവർ.