ടാറ്റ ടിയാഗൊ ഏപ്രിൽ ആറിന് എത്തും

Tata Tiago

പേരിനെ ചൊല്ലി പൊല്ലാപ്പിലായ, ടാറ്റ മോട്ടോഴ്സിന്റെ പുത്തൻ ഹാച്ച്ബാക്ക് ‘ടിയാഗൊ’യുടെ അവതരണം ആറിന്. മാരുതി സുസുക്കി ‘സെലേറിയൊ’, ഹ്യുണ്ടേയ് ‘ഐ 10’, ഫോഡ് ‘ഫിഗൊ’ തുടങ്ങിയവയെ നേരിടനാണു ‘ടിയാഗൊ’യുടെ വരവ്. മിക്കവാറും 3.50 ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയാവും ‘ടിയാഗൊ’യുടെ വിലയെന്നാണു പ്രതീക്ഷ. ഗുണനിലവാരവും രൂപകൽപ്പനയുമൊക്കെ ഗണ്യമായി മെച്ചപ്പെടുത്തി, കമ്പനിയിൽ നിന്നുള്ള പുതിയ, പരിഷ്കരിച്ച മോഡലുകൾക്കൊപ്പമാണു ‘ടിയാഗൊ’യെ ടാറ്റ മോട്ടോഴ്സ് അണിനിരത്തുന്നത്. നിലവിൽ കോംപാക്ട് സെഡാനായ ‘സെസ്റ്റ്’, ഹാച്ച്ബാക്കായ ‘ബോൾട്ട്’ എന്നിവ ഇടംപിടിക്കുന്ന ഈ ശ്രേണിയിൽ ഇക്കൊല്ലം തന്നെ ‘ടിയാഗൊ’ അടക്കം നാലു മോഡലുകൾ കൂടി അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ. നേരത്തെ ‘സിക’ എന്ന പേരിലാണു ടാറ്റ മോട്ടോഴ്സ് ഈ പുത്തൻ ഹാച്ച്ബാക്ക് അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ വിവിധ രാജ്യങ്ങളിൽ മനുഷ്യ ജീവനു കനത്ത വെല്ലുവിളി ഉയർത്തി പടർന്നുപിടിച്ച വൈറസിന്റെ പേരും ‘സിക്ക’ എന്നായതോടെ കമ്പനി പ്രതിസന്ധിയിലായി.

Tata Tiago

തുടർന്ന് കാർ പ്രേമികൾക്കിടയിൽ നടത്തിയ വിപുലമായ മത്സരത്തിനൊടുവിലാണ് ടാറ്റ മോട്ടോഴ്സ് ‘സിക’യുടെ പുതിയ പേരായി ‘ടിയാഗൊ’യെ തിരഞ്ഞെടുത്തത്. മത്സരത്തിൽ നിന്ന് അവസാനഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് ‘അഡോർ’, ‘സിവെറ്റ്’, ‘ടിയാഗൊ’ എന്നീ പേരുകളായിരുന്നു. തുടർന്ന് പുതിയ കാറിനു പേരായി ടാറ്റ മോട്ടോഴ്സ് ‘ടിയാഗൊ’യെ സ്വീകരിക്കുകയായിരുന്നു. ടാറ്റ മോട്ടോഴ്സിന്റെ മോഡൽ നിരയിൽ ചെറുകാറായ ‘നാനോ’യ്ക്കും ഹാച്ച്ബാക്കായ ‘ബോൾട്ടി’നുമിടയിലാവും ‘ടിയാഗൊ’യുടെ സ്ഥാനം. പെട്രോൾ, ഡീസൽ എൻജിനുകളോടെ ‘ടിയാഗൊ’ വിൽപ്പനയ്ക്കുണ്ടാവും: ‘സെസ്റ്റി’ലും ‘ബോൾട്ടി’ലുമുള്ള മൂന്നു സിലിണ്ടർ, 1.2 ലീറ്റർ, റെവോട്രോൺ എൻജിൻ തന്നെയാവും പെട്രോൾ ‘ടിയാഗൊ’യ്ക്കു കരുത്തേകുക. പരമാവധി 84 ബി എച്ച് പി കരുത്തും 114 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. കാറിലെ 1.05 ലീറ്റർ, മൂന്നു സിലണ്ടർ ഡീസൽ എൻജിനാവട്ടെ പരമാവധി 67 ബി എച്ച് പി കരുത്തും 139 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. രണ്ട് എൻജിനുകൾക്കുമൊപ്പം തുടക്കത്തിൽ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാവും ട്രാൻസ്മിഷൻ. പിന്നീട് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതവും ‘ടിയാഗൊ’ എത്തുമെന്നാണു സൂചന.

Tata tiago

‘ടിയായൊ’യും ‘കൈറ്റ് ഫൈവ്’ എന്ന പേരിൽ വികസിപ്പിക്കുന്ന, ഇതേ പ്ലാറ്റ്ഫോമിലുള്ള സബ് കോംപാക്ട് സെഡാനും ടാറ്റ മോട്ടോഴ്സ് കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു. ‘ടിയാഗൊ’യുമായി പ്ലാറ്റ്ഫോമും പവർ ട്രെയ്നുമൊക്കെ പങ്കിടുന്ന ഈ സബ് കോംപാക്ട് സെഡാനും ഇക്കൊല്ലം തന്നെ വിൽപ്പനയ്ക്ക് എത്തുമെന്നാണു പ്രതീക്ഷ. കൂടാതെ സബ്കോംപാക്ട് എസ് യു വിയായ ‘നെക്സൻ’, ക്രോസ് ഓവറായ ‘ഹെക്സ’ എന്നിവയും ഈ വർഷം തന്നെ ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചേക്കും.