ടാറ്റ മോട്ടോഴ്സ് ‘സീനോൺ യോദ്ധ’ അവതരണം ചൊവ്വാഴ്ച

Xenon

വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ പുതിയ പിക് അപ് ട്രക്കായ ‘സീനോൺ യോദ്ധ’ ജനുവരി മൂന്നിനു പുറത്തിറങ്ങും. കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ഹിന്ദി നടൻ അക്ഷയ് കൂമാർ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക പരിപാടി കൂടിയാവും ‘സീനോൺ യോദ്ധ’ അരങ്ങേറ്റം. നിലവിലുള്ള ‘സീനോൺ എക്സ് ടി’യുടെ പരിഷ്കരിച്ച പതിപ്പാണ് ‘സീനോൺ യോദ്ധ’ എന്ന പേരിൽ വിൽപ്പനയ്ക്കെത്തുന്നത്. പിക് അപ്പിന്റെ അകത്തും പുറത്തും സമഗ്ര പരിഷ്കാരങ്ങളോടെയാണു കമ്പനി വാഹനം പുതിയ പേരിൽ അവതരിപ്പിക്കുന്നതെന്നാണു സൂചന.

പരമാവധി 147 പി എസ് വരെ കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തിയുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണു ‘സീനോണി’ലുള്ളത്. 320 എൻ എം വരെ ടോർക്ക് സൃഷ്ടിക്കുന്ന എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ്. ‘സീനോൺ യോദ്ധ’ എത്തുന്നതോടെ മാനുവലിനു പുറമെ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതവും വാഹനം വിൽപ്പനയ്ക്കുണ്ടാവുമെന്നാണു സൂചന. പിക് അപ് ട്രക്ക് വിപണിയിൽ ഇസൂസുവിന്റെ ‘ഡി മാക്സ് വി ക്രോസു’മായിട്ടാണ് ടാറ്റ ‘സീനോൺ’ ഏറ്റുമുട്ടുക. കരുത്തേറിയ എൻജിനും ഫോർവീൽ ഡ്രൈവ്(ഷിഫ്റ്റ് ഓൺ ഫ്ളൈ) ലേ ഔട്ട് സഹിതമുള്ള അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമൊക്കെ ‘ഡി മാക്സി’ന്റെ സവിശേഷതകളാണ്. അതേസമയം ചെന്നൈ ഷോറൂമിൽ 12.49 ലക്ഷം രൂപയ്ക്കു ലഭിക്കുന്ന ‘ഡി മാക്സി’നെ അപേക്ഷിച്ചു താരതമ്യേന കുറഞ്ഞ വിലയ്ക്കാവും ടാറ്റ മോട്ടോഴ്സ് ‘സീനോൺ യോദ്ധ’യെ പടയ്ക്കിറക്കുകയെന്ന് ഉറപ്പാണ്.

യാത്രാവാഹന വിഭാഗത്തിൽ ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ വരവ് ടാറ്റ മോട്ടോഴ്സിന് ഉണർവ് പകർന്നിട്ടുണ്ട്. ‘സീനോൺ യോദ്ധ’യിലൂടെ വാണിജ്യ വാഹന വിഭാഗത്തിലും സമാന മുന്നേറ്റം കൈവരിക്കാനാവും കമ്പനി ലക്ഷ്യമിടുന്നത്.
വാണിജ്യ വാഹന വിപണിയിൽ ‘സീനോൺ’ ഇടംപിടിക്കുന്ന മൂന്നര ടൺ ഗുഡ്സ് കാരിയർ പിക് അപ് വിഭാഗത്തിലെ വിൽപ്പനയിൽ നവംബറിൽ അഞ്ചു ശതമാനത്തോളം ഇടിവു നേരിട്ടിരുന്നു. മൊത്തം 15,204 യൂണിറ്റായിരുന്നു കഴിഞ്ഞ മാസത്തെ വിൽപ്പന. 9,366 യൂണിറ്റോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ആധിപത്യം പുലർത്തുന്ന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സിന്റെ വിൽപ്പന 3,059 യൂണിറ്റായിരുന്നു. അശോക് ലേയ്ലൻഡ് ‘ദോസ്ത്’, ഫോഴ്സ് മോട്ടോഴ്സ് ‘ട്രംപ് 40’, മഹീന്ദ്രയുടെ ‘ബൊലേറൊ മാക്സ്’ തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ പ്രമുഖർ.