വൈറസും ‘സിക്ക’; പുതിയ കാറിന്റെ പേരു മാറ്റാൻ ടാറ്റ

ആഗോളതലത്തിൽ പടരുന്ന അപകടകാരിയായ ‘സിക്ക’ വൈറസിന്റെ വരവോടെ ഓട്ടോ എക്സ്പോയിൽ ശ്രദ്ധേയ സാന്നിധ്യമാവുമെന്നു കരുതുന്ന പുത്തൻ ഹാച്ച്ബാക്ക് ‘സിക്ക’യുടെ പേരു മാറ്റാൻ ടാറ്റ മോട്ടേഴ്സ് ആലോചിക്കുന്നു. മാരുതി സുസുക്കി ‘സെലേറിയൊ’, ഹ്യുണ്ടയ് ‘ഐ 10’ തുടങ്ങിയവയെ നേരിടാനാണു ടാറ്റ മോട്ടേഴ്സ് കോംപാക്ട് ഹാച്ച്ബാക്കായ ‘സിക്ക’യെ പടയ്ക്കിറക്കുന്നത്.

‘സിപ്പി കാർ’ എന്നതിന്റെ ചുരുക്കെഴുത്തായാണു കഴിഞ്ഞ നവംബറിൽ ടാറ്റ മോട്ടോഴ്സ് പുതിയ കാറിനു ‘സിക്ക’ എന്നു പേരിട്ടത്. ഇപ്പോഴാവട്ടെ ഗുരുതര ജന്മ വൈകല്യങ്ങൾക്കും നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങൾക്കും ഇടയാക്കുന്ന വൈറസിന്റെ പേരായാണ് ‘സിക്ക’യെ ലോകം അറിയുന്നത്.

ഫുട്ബോളിലെ സ്പാനിഷ് ലീഗിൽ ബാഴ്സലോനയ്ക്കായി കളിക്കുന്ന അർജന്റീനിയൻ താരം ലയണൽ മെസ്സിയെ വരെ രംഗത്തിറക്കി ‘സിക്ക’യ്ക്കായി വ്യാപക പരസ്യ പ്രചാരണം ആരംഭിച്ച ശേഷമാണു ടാറ്റ മോട്ടോഴ്സ് പേരുമാറ്റത്തെപ്പറ്റി ചിന്തിക്കേണ്ടി വരുന്നത് എന്നതും ശ്രദ്ധേയമാണ്.

പുതിയ വൈറസിന്റെ രംഗപ്രവേശത്തോടെ ആരോഗ്യരംഗത്ത് ആഗോളതലത്തിൽതന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). കൊതുകുകൾ വഴി പടരുന്ന സിക്ക വൈറസ് മൂലം ബ്രസീലിൽ ആയിരക്കണക്കിന് ആളുകൾക്കാണു മൈക്രോസെഫലി രോഗം കണ്ടെത്തിയത്. വൈറസ് ബാധയുടെ ഫലമായി വലിപ്പം തീരെയില്ലാത്ത തലയുമായി കുഞ്ഞുങ്ങൾ ജനിക്കുന്ന അവസ്ഥയാണു മൈക്രോസെഫലി.

പുതിയ കാറിന്റെ പേര് മാസങ്ങൾക്കു മുമ്പേ നിശ്ചയിച്ചതാണെന്നും അന്ന് ഇത്തരമൊരു പ്രതിസന്ധി മുൻകൂട്ടി കാണാനാവില്ലായിരുന്നെന്നും ടാറ്റ മോട്ടേഴ്സ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് വിഭാഗം മേധാവി മിനാരി ഷാ വിശദീകരിക്കുന്നു. എങ്കിലും ആരോഗ്യമേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധി കമ്പനി വിലയിരുത്തുന്നുണ്ട്. കാറിന്റെ പേരു സംബന്ധിച്ച് എപ്പോൾ തീരുമാനമുണ്ടാവുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ഷാ വ്യക്തമാക്കുന്നു.

സ്ഫോടനാത്മകമായ വേഗത്തിൽ ‘സിക്ക’ വൈറസ് പരക്കുന്നെന്നാണു കഴിഞ്ഞ ആഴ്ച ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പ് . നിലവിൽ ഇരുപതോളം രാജ്യങ്ങളിൽ ഈ വൈറസിന്റെ സാന്നിധ്യമുണ്ട്. അടുത്ത വർഷത്തോടെ അമേരിക്കയിലടക്കം 40 ലക്ഷത്തിലേറെ പേർ വൈറസ് ബാധിതരാവുമെന്നാണു സംഘടനയുടെ കണക്ക്. മാത്രമല്ല അമേരിക്കയ്ക്ക് പുറത്തേക്ക് വൈറസ് പടരാനുള്ള സാധ്യതയും ഡബ്ല്യു എച്ച് ഒ പ്രവചിക്കുന്നുണ്ട്. കൊതുകു വഴി പടരുന്ന ഡെംഗു പനി സാധാരണമായതിനാൽ സിക്ക വൈറസ് ഇന്ത്യയിലുമെത്തിയേക്കാമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.

എൻട്രി ലവൽ കാറായ ‘നാനോ’യ്ക്കും ഹാച്ച്ബാക്കായ ‘ബോൾട്ടി’നുമിടയിലാണു ടാറ്റ മോട്ടോഴ്സ് ‘സിക്ക’യുടെ സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ഇടത്തരം ഹാച്ച്ബാക്കായ ‘ഇൻഡിക്ക’യ്ക്ക് അടിത്തറയാവുന്ന ‘എക്സ് സീറോ’ പ്ലാറ്റ്ഫോം ആധാരമാക്കിയാണു ‘സിക്ക’യുടെ വരവ്. പോരെങ്കിൽ ‘ഇൻഡിക്ക’യുടെ പെഡൽബോക്സും ഫയർവാളും പോലുള്ള ഘടകങ്ങൾ ‘സിക്ക’യിലും ടാറ്റ മോട്ടോഴ്സ് ഉപയോഗിച്ചിട്ടുണ്ട്. ‘സിക്ക’യുടെ വിവിധ വകഭേദങ്ങൾക്ക് 3.59 ലക്ഷം രൂപ മുതൽ 5.59 ലക്ഷം രൂപ വരെയാണു വില പ്രഖ്യാപിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവനു ഭീഷണിയായ വൈറസിന്റെ പേരുമായി പുതിയ കാർ വിൽപ്പനയ്ക്കെത്തിക്കാൻ ടാറ്റ മോട്ടോഴ്സ് തയാറായേക്കില്ല. അതുകൊണ്ടുതന്നെ ‘സിക്ക’യുടെ പുതിയ പേരും വൈകാനിടയില്ല. കാർ വികസനവേളയിൽ സ്വീകരിച്ച ‘കൈറ്റ്’ എന്ന പേരു തന്നെയാവുമോ ടാറ്റ മോട്ടോഴ്സ് തിരഞ്ഞെടുക്കുക? കാത്തിരുന്നു കാണാം.