വിറ്റത് ടെക്സാസിൽ കിട്ടിയത് ഐ എസിന്

Marks 1 plumbing truck in syria

അമേരിക്കയിലെ ടെക്സാസ് നഗരത്തിലെ മാർക്-1 പ്ലംബിങ് സ്ഥാപന ഉടമ മാർക് തന്റെ 2005 മോഡൽ ഫോ‍ഡ് എഫ് 250 ട്രെക്ക് എക്സ്ചേഞ്ച് ചെയ്ത് മറ്റൊന്നു സ്വന്തമാക്കിയപ്പോള്‍ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല വലിയൊരു പണിയാണ് കിട്ടാൻ പോകുന്നതെന്ന്.

2013 നവംബറിലായിരുന്നു മാർക് ട്രക്ക് വിറ്റത്. ഒരു വർഷം കഴിഞ്ഞ് 2014 ഡിസംബറിൽ സിറിയൻ ആഭ്യന്തര യുദ്ധം റിപ്പോർട്ട് ചെയ്യാൻ പോയ ഒരു റിപ്പോർട്ടർ പുറത്തുവിട്ട ചിത്രത്തിൽ മാർക്കിന്റെ ട്രക്ക്!. സിറിയൻ ആർമിക്ക് നേരെ റോക്കറ്റ് വിക്ഷേപിക്കുന്ന ഐ എസ് ഭീകരരുള്ള ട്രക്കിൽ മാർക് 1 പ്ലംബിന്റെ പേരും ഫോൺ നമ്പറും. കഴിഞ്ഞുള്ള സംഭവങ്ങൾ മാർക്കിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. റിപ്പോർട്ട് പുറത്തു വന്ന ദിവസം മാർക്കിന്റെ ഓഫീസ് ഫോണിലേക്ക് വന്നത് ആയിരത്തിൽ അധികം കോളുകളാണ്. ഐ എസ് ഭീകരർക്ക് ട്രക്ക് കൈമാറിയതിനുള്ള ഭീഷണി കോളുകളായിരുന്ന അധികവും.

Marks 1 plumbing truck in syria

ടെക്സാസിലെ ചാർലി ഫോഡ് ലിമിറ്റഡ് എന്ന ഫോഡ് ഡീലറിൽ നിന്നാണ് മാർക്ക് തന്റെ ട്രക്ക് എക്സ്ചേഞ്ച് ചെയ്തത് പകരം 2013 ഫോ‍ഡ് എഫ് 250 സ്വന്തമാക്കിയത്. വാഹനം കൈമാറുന്നതിനുമുമ്പേ തന്റെ കമ്പനിയുടെ പരസ്യവും ഫോൺ നമ്പറും മാറ്റാൻ ശ്രമിച്ച മകനെ ഡീലർഷിപ്പിലെ എക്സിക്യൂട്ടീവ് തടഞ്ഞെന്നും പൂർണ്ണമായും റീ പെയ്ന്റ് ചെയ്തേ വാഹനം മറിച്ചു വിൽക്കുകയുള്ളൂവെന്നും പറഞ്ഞത്രേ.

മാർ‍ക്കിന്റെ ട്രക്ക് തൊട്ടടുത്ത മാസം തന്നെ ലേലത്തിൽ വിറ്റെന്നും. തുർക്കിയിലേക്കാണ് വാഹനം കയറ്റിവിട്ടതെന്നും ചാർലി ഫോർഡ് പറയുന്നു. എന്നാൽ വാഹനം ഐഎസിന്റെ കയ്യിലെത്തിയതിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് കമ്പനി പക്ഷം. എന്തൊക്കെയായാലും തനിക്ക് നേരിട്ട അപമാനത്തിനും തന്റെ ബിസിനസിന് വന്ന നഷ്ടത്തിനും ചേർത്ത് കമ്പനിക്കെതിരെ പത്ത് ലക്ഷം ഡോളറിന്റെ നഷ്ടപരിഹാര കേസ് കൊടുത്തിരിക്കുകയാണ് മാർക്ക്.