47 കോടിയുടെ ‘ലാ ഫെറാരി’

LaFerrari

സങ്കര ഇന്ധന സാങ്കേതികവിദ്യയുള്ള സൂപ്പർ കാറായ ‘ലാ ഫെറാരി’യുടെ നിർമാണം 499 യൂണിറ്റിലൊതുങ്ങുമെന്ന് ഉൽപ്പാദനം ആരംഭിച്ച ഘട്ടത്തിൽ തന്നെ ഫെറാരി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ കഴിഞ്ഞ വർഷം ഇറ്റലിയിലുണ്ടായ ഭൂചലനത്തെ കമ്പനി പദ്ധതി മാറ്റി; മുമ്പു പ്രഖ്യാപിച്ചതിലും ഒരു കാർ കൂടി നിർമിച്ച് ‘ലാ ഫെറാരി’ കൂപ്പെ ഉൽപ്പാദനം 500 തികയ്ക്കാനായിരുന്നു മാരനെല്ലൊ ആസ്ഥാനമായ ഫെറാരിയുടെ തീരുമാനം. ഭൂചലനത്തിൽ തകർന്നടിഞ്ഞ മധ്യ ഇറ്റലിയുടെ പുനഃനിർമാണത്തിനായി പണം കണ്ടെത്താനായി ലേലം ചെയ്തു വിൽക്കാൻ ലക്ഷ്യമിട്ടായിരുന്നു 500—ാമതു ‘ലാ ഫെറാരി’യുടെ നിർമാണമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

മികച്ച ഉദ്ദേശ്യ ലക്ഷ്യത്തോടെ നിർമിച്ച ഈ ‘ലാ ഫെറാരി’ക്ക് ലേലത്തിൽ ലഭിച്ചത് 70 ലക്ഷം ഡോളർ(ഏകദേശം 47.77 കോടി രൂപ) ആണ്. ‘ലാ ഫെറാരി’ക്ക് ഇതു വരെ ലഭിച്ചിട്ടുള്ള ലേലത്തുകയെ അപേക്ഷിച്ച് 18 ലക്ഷം ഡോളർ(12.28 കോടിയോളം) രൂപ അധികമണിത്. സാധാരണഗതിയിൽ 14 ലക്ഷം ഡോളർ(ഏകദേശം 9.55 കോടി രൂപ) വില നിശ്ചയിച്ചായിരുന്നു ‘ലാ ഫെറാരി’ വിൽപ്പനയ്ക്കെത്തിയിരുന്നത്. അതുകൊണ്ടുതന്നെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ധനസമാഹരണത്തിനായി വിറ്റ 500—ാം ‘ലാ ഫെറാരി’ സാധാരണ വിലയുടെ അഞ്ചിരട്ടിയോളമാണു വാരിക്കൂട്ടിയത്. മുൻഭാഗത്ത് ഇറ്റാലിയൻ ദേശീയ പതാകയുടെ വർണങ്ങളണിഞ്ഞെത്തുന്ന ഈ 500—ാം നമ്പർ ‘ലാ ഫെറാരി’ക്കുള്ളിൽ കാറിന്റെ ചരിത്ര ദൗത്യം ആലേഖനം ചെയ്ത പ്രത്യേക ഫലകവും ഇടംപിടിക്കുന്നു.

ഇതൊടെ ഏറ്റവും ഉയർന്ന വിലയ്ക്കു ലേലത്തിൽ വിറ്റ ‘ലാ ഫെറാരി’യെന്ന പെരുമയും ഈ 500—ാം നമ്പർ കാർ സ്വന്തമാക്കി. പോരെങ്കിൽ ഈ നൂറ്റാണ്ടിൽ ഇതുവരെ ലേലത്തിൽ വിറ്റു പോയ ഏറ്റവും വിലയേറിയ കാറും ‘ലാ ഫെറാരി’ ശ്രേണിയിലെ 500—ാമതു കാർ തന്നെ.
കാറിലെ 6.3 ലീറ്റർ, വി 12 എൻജിൻ പരമാവധി 789 ബി എച്ച് പി കരുത്തും 700 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. അധികം കരുത്ത് ആഗ്രഹിക്കുന്ന ഇടവേളകളിൽ പിന്തുണ നൽകാൻ ഫെറാരി ‘ഹൈ — കെഴ്സ്’ എന്നു വിളിക്കുന്ന കൈനറ്റിക് എനർജി റിക്കവറി സിസ്റ്റ(കെ ഇ ആർ എസ്)വുമുണ്ട്; 161 ബി എച്ച് പി കരുത്ത് കൂടി സൃഷ്ടിക്കാൻ ഈ സംവിധാനത്തിനാവും. ഇതോടെ കാറിന്റെ മൊത്തം കരുത്ത് 950 ബി എച്ച് പിയോളമമെത്തും; ടോർക്ക് 900 എൻ എമ്മും. വെറും മൂന്നു സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുന്ന കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 350 കിലോമീറ്ററാണ്.