കെയുവി ലഭിക്കാൻ മൂന്നു മാസത്തെ കാത്തിരുപ്പ്

KUV 100

മൈക്രോ എസ് യു വി എന്ന പുതു സെഗ്‍‌മെന്റിലേയ്ക്ക് മഹീന്ദ്ര അവതരിപ്പിച്ച കെ യു വി 100 ലഭിക്കാനായി മൂന്നു മാസം വരെ കാത്തിരിക്കണം. മഹീന്ദ്രയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ പ്രകാരം ഇപ്പോൾ തന്നെ ബുക്കിങ്ങുകളുടെ എണ്ണം അടുത്ത മൂന്നു മാസത്തെ ഉത്പാദനത്തേക്കാൾ അധികമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ കാത്തിരിപ്പും കാലവധി മൂന്നു മാസത്തിൽ അധികമാകാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

KUV 100

മഹീന്ദ്രയുടെ ചെറു എസ് യു വി ‘കെയുവി 100’ ജനുവരി ആദ്യമാണ് പുറത്തിറങ്ങിയത്. വാഹനത്തിന്റെ പെട്രോൾ വേരിയന്റിന് 4.60 ലക്ഷം രൂപ മുതൽ 6.16 ലക്ഷ രൂപ വരെയും ഡീസൽ വേരിയന്റിന് 5.41 ലക്ഷം രൂപ മുതൽ 7.03 ലക്ഷം രുപവരെയുമാണ് കൊച്ചി എക്സ് ഷോറൂം വിലകൾ. അടിസ്ഥാന വകഭേദം മുതൽ എബിഎസ് ഇബിഡിയും ഡ്യുവൽ എയർബാഗ് ഓപ്ഷനായിട്ടും നൽകിയിട്ടുണ്ട്. കെ ടു’, ‘കെ ഫോർ’, ‘കെ സിക്സ്’, ‘കെ എയ്റ്റ്’ എന്നീ നാലു വകഭേദങ്ങളിലാവും ‘കെയുവി 100’ വിപണിയിലെത്തുക. ബി വിഭാഗം കോംപാക്ട് ഹാച്ച്ബാക്കുകളായ ‘ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10’, ‘മാരുതി സ്വിഫ്റ്റ്’ തുടങ്ങിയവ തേടിപ്പോകുന്നവരെയാണ് ‘കെ യു വി 100’ വഴി ആകർഷിക്കാൻ മഹീന്ദ്ര ശ്രമിക്കുക.

KUV 100

എസ് യു വിയുടെ റോഡ് സാന്നിധ്യത്തിനൊപ്പം ആകർഷക സൗകര്യങ്ങളും സംവിധാനങ്ങളും ഇന്ധനക്ഷമതയേറിയ എൻജിനുമൊക്കെയാണു പുതിയ മൈക്രോ എസ് യു വിയുടെ സവിശേഷതകളായി മഹീന്ദ്ര നിരത്തുന്നത്. ‘ഫാൽകൻ’ ശ്രേണിയിലെ പുത്തൻ അലൂമിനിയം ബ്ലോക്ക് എൻജിനുകളാണു ‘കെ യു വി 100’ മോഡലിനു കരുത്തേകുക. 1.2 ലീറ്റർ, മൂന്നു സിലിണ്ടർ പെട്രോൾ (എം ഫാൽക്കൻ ജി 80’, 1.2 ലീറ്റർ, മൂന്നു സിലിണ്ടർ ഡീസൽ(എം ഫാൽക്കൻ ഡി 75) എൻജിനുകളാണു കമ്പനി പുതിയതായി വികസിപ്പിച്ചത്. ഇരട്ട വി വി ടി പെട്രോൾ യൂണിറ്റിന് 5,500 ആർ പി എമ്മിൽ 82 ബി എച്ച് പി വരെ കരുത്തും 3,500 ആർ പി എമ്മിൽ 114 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. 3,750 ആർ പി എമ്മിലെ 77 ബി എച്ച് പിയാണു ഡീസൽ എൻജിന്റെ പരമാവധി കരുത്ത്; 1,750 — 2,250 ആർ പി എമ്മിലെ 190 എൻ എമ്മാണു പരമാവധി ടോർക്ക്.