ഇതൊരു മ്യാരക പാർക്കിങ്

പാർക്കിങ് എന്നു പറഞ്ഞാലെ തലവേദന പിടിച്ച കാര്യമാണ്. അതും ഇട്ടാ വട്ട സ്ഥലമേയുള്ളവെങ്കിൽ പിന്നെ പറയേണ്ട. പലരും പിന്നൊട്ടെടുത്തും മുന്നോട്ടെടുത്തും ഒക്കെ പാർക്ക് ചെയ്യാൻ കഷ്ടപ്പെടുമ്പോൾ റിവേഴ്സിൽ വന്ന് പാർക്ക് ചെയ്ത് ഗിന്നസ് ബുക്കിൽ കയറിയിരിക്കുകയാണ് അലിസ്റ്റർ മൊഫറ്റ്. റിവേഴ്സെടുത്ത് ഏറ്റവും ഭംഗിയായി അനുവദിച്ചിരിക്കുന്ന സ്ഥലപരിമിതിക്കുള്ളിൽ കാർ പാർക്ക് ചെയ്താണ് മൊഫറ്റ് ഗിന്നസ് ബുക്കിൾ കയറിയത്.

ഗിന്നസ് വേൾ‍‍ഡ് റെക്കോർഡ് ഡേയിൽ നടത്തിയ ശ്രമത്തിൽ മൂന്നു ക്ലാസിക്ക് മിനി കൂപ്പർ കാറുകളാണ് മൊഫറ്റ് ഉപയോഗിച്ചത്. മുന്നിലും പിന്നിലുമുള്ള കാറുകളുമായി 34 സെന്റീമീറ്റർ വ്യത്യാസത്തിൽ കാർ പാർക്ക് ചെയ്ത മോഫറ്റ് 35 സെന്റീമീറ്റർ എന്ന മുൻ റെക്കോർഡ് തകർക്കുകയും ചെയ്തു. നിലവിൽ ടൈറ്റസ്റ്റ് പാരലൽ പാർക്കിംഗിന്റെ റെക്കോർഡും സ്റ്റണ്ട് മാനായ മൊഫറ്റിന്റെ പേരിൽ തന്നെയാണ്. ഇൗ വർഷം ജനുവരിയിൽ സ്ഥാപിച്ച റെക്കോർഡിൽ ഫീയറ്റ് 500, 7.5 സെന്റീമീറ്റർ വ്യത്യാസത്തിലായിരുന്നു പാർക്ക് ചെയ്തത്.

മാസങ്ങൾ നീണ്ട തന്റെ അധ്വാനത്തിന്റെ ഫലമാണ് റെക്കോർഡെന്നും റിവേഴ്സ് പാരലൽ പാർക്കിംഗിന്റെ റെക്കൊർഡ് സ്ഥാപിക്കുന്നതിനായി നൂറിൽ അധികം തവണ പരിശീലനം നടത്തിയെന്നും മൊഫറ്റ് പറഞ്ഞു. 40 മൈൽ (ഏകദേശം 64 കിലോമീറ്റർ) വേഗതയിൽ എഴുപത് മീറ്റർ പിന്നൊട്ടെടുത്ത് 180 ‍ഡിഗ്രി ടേണിംഗ് നടത്തിയാണ് റെക്കോര്‍ഡിട്ടത്.