കാർ വിറ്റ് ഗിന്നസ് ബുക്കിൽ കയറിയ ആൾ

അന്നും ഇന്നും വാഹന ലോകത്തെ താരങ്ങളാണ് സെയിൽസ് എക്സിക്യൂട്ടീവുകൾ. പുഞ്ചിരിക്കുന്ന മുഖവുമായി നമ്മെ വരവേൽക്കുന്ന അവരാണ് വാഹന കമ്പനികളുടെ നട്ടെല്ല്. വാഹനം വാങ്ങാൻ പോകുമ്പോൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇവർ ഒരു ദിവസം എത്ര കാറുകളാണ് വിൽക്കുന്നതെന്ന്? ലോകത്തിൽ ഏറ്റവും അധികം കാർ വിറ്റ റെക്കൊർഡ് ആർക്കാണെന്ന് അറിയാമോ?

പതിനഞ്ചുവര്‍ഷം, പതിമൂവായിരത്തിലധികം കാറുകള്‍, ഒരുവര്‍ഷം 1425 എണ്ണം, മാസം 174. ഒരു ഡീലര്‍ഷിപ്പിലെ കണക്കല്ല ഇത്. ഒരു ഡീലർഷിപ്പിലെ ഒരു സെയിൽസ് എക്സിക്യൂട്ടീവ് വിറ്റ കാറുകളുടെ എണ്ണമാണിത്. ലോകത്തില്‍ ഏറ്റവുമധികം വാഹനങ്ങള്‍ റീട്ടെയില്‍ വില്‍പ്പന നടത്തിയ സെയിൽസ്മാൻ.

അമേരിക്കയിലെ ഷെവര്‍ലെ കാറുകളുടെ സെയിൽസ് എക്സിക്യൂട്ടീവായ ജോ ജെറാൾഡാണ് ഏറ്റവും കൂടുതൽ കാറുകൾ വിറ്റ് ഗിന്നസ് ബുക്കിൽ കയറിയ ആൾ. 1963 മുതൽ 1978 വരെയുള്ള പതിനഞ്ചു വര്‍ഷത്തെ തന്റെ കരിയറിൽ അദ്ദേഹം വിറ്റഴിച്ചത് 13,001 കാറുകളായിരുന്നു. അതായത് ഒരു ദിവസം ഏകദേശം പതിനെട്ട് കാറുകള്‍. തുടര്‍ച്ചയായ 12 വര്‍ഷക്കാലം ഏറ്റവും കൂടുതൽ ട്രക്കുകളും കാറുകളും വില്‍പ്പന നടത്തിയ ആൾ. ഒരു ദിവസം ആറ് വിവിധ മോഡൽ വാഹനങ്ങള്‍ വിറ്റയാൾ‍, ദിവസം 18 വാഹനങ്ങള്‍ വില്‍പ്പന നടത്തിയ ആൾ, ഒരു മാസം ഏറ്റവുമധികം വാഹനവില്‍പ്പന നടത്തുക (174 കാറുകള്‍), ഒരു വര്‍ഷം ഏറ്റവുമധികം വാഹനവില്‍പ്പന നടത്തിയ സെയില്‍സ്മാന്‍ (1425 കാറുകള്‍), പതിനഞ്ചുവര്‍ഷത്തില്‍ ഏറ്റവുമധികം വില്‍പ്പന നടത്തിയ സെയില്‍സ്മാന്‍. (13,001 കാറുകള്‍) എന്നിങ്ങനെ നീളുന്നു ജോ ജെറാൾഡിലെ റെക്കൊർഡുകൾ.

അമേരിക്കയിലെ മിഷഗണിലെ ഡിട്രോയിറ്റി എന്ന സ്ഥലത്ത് 1928ലാണ് കക്ഷിയുടെ ജനനം. ഒമ്പതാം വയസ്സില്‍ സ്‌കൂള്‍ പഠനനം ഉപേക്ഷിച്ചതിന് ശേഷം ഷൂ പോളീഷിംഗ്, ഡിഷ് വാഷർ, ഡെലിവറി ബോയ്, സ്റ്റൗ അസംബ്ലർ, ഡിട്രോയി‍ഡ് ഫ്രീ പ്രസ് പത്രത്തിലെ ന്യൂസ് ബോയ് തുടങ്ങിയ നിരവധി ജോലികൾ ചെയ്യതിന് ശേഷമാണ് തന്റെ മുപ്പത്തിയഞ്ചാം വയസിൽ വാഹന വിൽപ്പനയിലേയ്ക്ക് തിരിയുന്നത്.

ഷെവർലെയുടെ ഡീലർഷിപ്പിൽ ജോലിക്ക് പ്രവേശിച്ച ജോ ആദ്യദിനത്തില്‍ തന്നെ ഒരു കാര്‍ വില്‍പ്പന നടത്തി. ഒരു മാസത്തിനുള്ളില്‍ 18 കാറുകളും ട്രക്കുകളും വില്‍പ്പന നടത്തി ശ്രദ്ധ നേടി. എന്നാൽ ചില സഹപ്രവർത്തകരുടെ പരാതികളെത്തുടർന്ന് ജോയെ അവിടുന്ന് പുറത്താക്കി പിന്നീട് മെറോളിസ് ഷെവര്‍ലെയിലെ എന്ന ഡീലർഷിപ്പിൽ ചേർന്ന ജോ പിന്നീട് അവിടെ സൂപ്പർസ്റ്റാർ സെയിൽസ് മാനായി തുടർന്നു വിരമിക്കുന്നതു വരെ. വിരമിച്ചത് ശേഷം കാർ വിൽപ്പനയെപ്പറ്റി നിരവധി പുസ്തകങ്ങൾ രചിച്ച ജോ, ഇപ്പോൾ മോട്ടിവേഷണൽ സ്പീക്കറായി ലോകം മുഴുവൻ കറങ്ങുകയാണ്.