ഉത്സവകാല ആനുകൂല്യങ്ങളുമായി ടൊയോട്ട മോട്ടോർ

നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ചു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) വിവിധ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. അടുത്ത മാസം ഒന്നു മുതൽ 31 വരെ പുതുതായി വാഹനം വാങ്ങുന്നവർക്കും സർവീസ് സെന്റർ സന്ദർശിക്കുന്നവർക്കുമൊക്കെയാണ് ഈ പദ്ധതികളുടെ പ്രയോജനം ലഭിക്കുക. പുത്തൻ ബാറ്ററിയും ടയറുകളും വാങ്ങുമ്പോഴും എക്സ്റ്റൻഡഡ് വാറന്റി പാക്കേജിനൊപ്പവും എക്സ്പ്രസ് മെയ്ന്റനൻസ് ഇൻ 60 മിനിറ്റ്സിനൊപ്പവും ഉറപ്പുള്ള സമ്മാനങ്ങൾ, കാർ കെയർ ട്രീറ്റ്മെന്റിന് 20% വരെ ഇളവ് തുടങ്ങിയവയാണ് ഉത്സവകാലത്ത് ടി കെ എമ്മിന്റെ പ്രധാന വാഗ്ദാനങ്ങൾ.

ഓരോ ടച് പോയിന്റിലും ഉപയോക്താക്കൾക്കു മികച്ച സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണു വിവിധ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നതെന്നു ടി കെ എം വൈസ് പ്രസിഡന്റ്(കസ്റ്റമർ സർവീസ് ഗ്രൂപ്) ബി പത്മനാഭ വിശദീകരിച്ചു. ഇടപാടുകാർക്ക് തടസ്സങ്ങളില്ലാത്ത സേവനം ഉറപ്പാക്കാനാണു സർവീസ് ക്യാംപെയ്നുകളുടെ ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി. സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലാത്ത കമ്പനിയെന്ന നിലയിൽ കാറുകളുടെ യഥാസമയമുള്ള അറ്റകുറ്റപ്പണിയും പരിപാലനവും ടൊയോട്ടയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ആനുകൂല്യങ്ങളുടെയും ഇളവുകളുടെയും പിൻബലത്തിൽ ഈ ഉത്സവകാലത്ത് കൂടുതൽ ഇടപാടുകാർക്കു സേവനം നൽകാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.