ദയ്ഹാറ്റ്സുവിനെ പൂർണ ഉപസ്ഥാപനമാക്കാൻ ടൊയോട്ട

ഉദിച്ചുയരുന്ന വിപണികളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചെറു കാർ നിർമാതാക്കളായ ദയ്ഹാറ്റ്സുവിനെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാക്കി മാറ്റാൻ ടൊയോട്ട മോട്ടോർ കോർപറേഷൻ തീരുമാനിച്ചു. ഇതോടെ ദയ്ഹാറ്റ്സുവിന്റെ പ്രവർത്തനങ്ങളിൽ പൂർണമായ നിയന്ത്രണമാണു ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ടൊയോട്ട കൈവരിക്കുന്നത്. ദയ്ഹാറ്റ്സുവിനെ വരുതിയിലാക്കി ജന്മനാടായ ജപ്പാനിലെ ചെറുകാർ വിപണിയിൽ സുസുക്കിക്കു ശക്തമായ വെല്ലുവിളി ഉയർത്താമെന്നാണു ടൊയോട്ടയുടെ പ്രതീക്ഷ; ഒപ്പം ദക്ഷിണേഷ്യൻ വിപണികളിൽ സാന്നിധ്യം മെച്ചപ്പെടുത്താനും ഈ നടപടി സഹായിക്കുമെന്നു കമ്പനി കണക്കുകൂട്ടുന്നു. ഓഗസ്റ്റോടെ ഓഹരി കൈമാറ്റം പൂർത്തിയാക്കി ദയ്ഹാറ്റ്സുവിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനാണു ടൊയോട്ട തയാറെടുക്കുന്നത്. ചെറുകാർ വിപണിക്കായി ഏകീകൃത തന്ത്രം സ്വീകരിച്ചു മികച്ച മോഡലുകൾ വികസിപ്പിക്കുകയാണു ലക്ഷ്യമെന്നും ടൊയോട്ടയും ദയ്ഹാറ്റ്സുവും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ലഭ്യമായ വിഭവങ്ങൾ ഫലപ്രദമായി പങ്കുവച്ചു ഭാവിയിലേക്കുള്ള സാങ്കേതികവിദ്യകളുടെ വികസന ചെലവ് നിയന്ത്രിക്കാനും ഇരുകമ്പനികളും ശ്രമിക്കും.

ദയ്ഹാറ്റ്സുവുമായി 1967ലാണു ടൊയോട്ട ആദ്യമായി ബിസിനസ് ബന്ധം സ്ഥാപിച്ചത്. തുടർന്ന് 1998ൽ ഭൂരിപക്ഷ ഓഹരി പങ്കാളിത്തം നേടി കമ്പനിയെ ഉപസ്ഥാപനവുമാക്കി. അതിനിടെ മൂലധന രംഗത്തടക്കം ടൊയോട്ട മോട്ടോർ കോർപറേഷനും സുസുക്കി മോട്ടോർ കോർപറേഷനും സഹകരിച്ചു പ്രവർത്തിക്കാനുള്ള സാധ്യതകൾ ആരായുന്നെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തുള്ള ടൊയോട്ടയും ജപ്പാനിലെ കാർ വിൽപ്പനയിൽ നാലാം സ്ഥാനത്തുള്ള സുസുക്കിയുമായി സഹകരണ സാധ്യത പരിഗണിക്കുന്നുണ്ടെന്നു ബിസിനസ് പത്രമായ ‘നിക്കൈ’ ആണു റിപ്പോർട്ട് ചെയ്തത്. ഇരുകമ്പനികളിലും പരസ്പര ഓഹരി പങ്കാളിത്തമടക്കമുള്ള സാധ്യതകളാണു പരിഗണനയിലെന്നും പത്രവാർത്തയിലുണ്ടായിരുന്നു.

എന്നാൽ ടൊയോട്ടയുമായി സഹകരിക്കാൻ ചർച്ചകളൊന്നും നടത്തുന്നില്ലെന്നായിരുന്നു സുസുക്കിയുടെ പ്രതികരണം; പത്രവാർത്തകളോടുള്ള ടൊയോട്ടയുടെ മറുപടിയും ഏറെക്കുറെ ഇങ്ങനെ തന്നെ. ഇതോടൊപ്പം സുസുക്കിയുടെ പ്രധാന എതിരാളികളായ ദയ്ഹാറ്റ്സു മോട്ടോർ കമ്പനിയെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാക്കാൻ ടൊയോട്ട തയാറെടുക്കുന്നുണ്ടെന്നും ‘നിക്കൈ’ വെളിപ്പെടുത്തിയിരുന്നു. ദയ്ഹാറ്റ്സുവിൽ 51.2% ഓഹരി പങ്കാളിത്തമാണു ടൊയോട്ടയ്ക്കുള്ളത്.