‘എത്തിയോസ് എക്സ്ക്ലൂസീവ് എഡീഷനു’മായി ടൊയോട്ട

Toyota Etios Xclusive

സെഡാനായ ‘എത്തിയോസി’ന്റെ പരിമിതകാല പതിപ്പായി ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) ‘എക്സ്ക്ലൂസീവ് എഡീഷൻ’ അവതരിപ്പിച്ചു. സാധാരണ ‘എത്തിയോസി’ന്റെ അപേക്ഷിച്ചു കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമായി എത്തുന്ന കാറിന്റെ ഡീസൽ വകഭേദത്തിന് 8,92,965 രൂപയും പെട്രോൾ വകഭേദത്തിന് 7,82,215 രൂപയുമാണു ഡൽഹി ഷോറൂമിൽ വില.

ടച് സ്ക്രീൻ, ബ്ലൂ ടൂത്ത്, വോയ്സ് ഫംക്ഷൻ, സ്മാർട് ഫോൺ അധിഷ്ഠിത നാവിഗേഷൻ എന്നിവയെല്ലാം ഉൾപ്പെട്ട സ്മാർട് ലിങ്ക് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, വുഡ് ഗ്രെയ്ൻ ഫിനിഷ്, ഇരട്ട വർണ സീറ്റ് ഫാബ്രിക് തുടങ്ങിയവയാണു പരിമിതകാല പതിപ്പിന്റെ അകത്തളത്തിലെ മാറ്റങ്ങൾ.പുത്തൻ ബ്ലൂ മെറ്റാലിക് നിറത്തിൽ കൂടി ലഭിക്കുന്ന ‘എക്സ്ക്ലൂസീവ്’ എഡീഷനിൽ ക്രോം സ്പർശത്തോടെ ഇലക്ട്രിക് അഡ്ജസ്റ്റബിൾ ഔട്ടർ റിയർവ്യൂ മിറർ, ഫെൻഡറിലും ഡോർ സൈഡ് വൈസറിലും ‘എക്സ്ക്ലൂസീവ്’ ബാഡ്ജിങ് എന്നിവയും ടി കെ എം ലഭ്യമാക്കുന്നുണ്ട്.

സുരക്ഷയ്ക്കായി മുന്നിൽ ഇരട്ട എസ് ആർ എസ് എയർബാഗും റിവേഴ്സ് പാർക്കിങ് സെൻസർ, 12 സ്പോക് അലോയ് വീൽ, ഫോഗ് ലാംപ്, സ്റ്റീയറിങ് വീലിൽ ഘടിപ്പിച്ച ഓഡിയോ നിയന്ത്രണ സംവിധാനം, കരുത്തേറിയ ആറു സ്പീക്കർ എന്നിവയും ‘എത്തിയോസ് എക്സ്ക്ലൂസീവ് എഡീഷനി’ലുണ്ട്. 1.5 ലീറ്റർ പെട്രോൾ എൻജിന് ലീറ്ററിന് 16.78 കിലോമീറ്ററും 1.4 ലീറ്റർ ഡീസൽ എൻജിന് 23.59 കിലോമീറ്റുമാണു ടി കെ എം വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

പരിഷ്കാരങ്ങളും പുതുമകളുമായി ഇടപാടുകാരെ നിരന്തരം സന്തോഷിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ‘എത്തിയോസ് എക്സ്ക്ലൂസീവ്’ പതിപ്പ് പുറത്തിറക്കിയതെന്നു ടി കെ എം ഡയറക്ടറും സീനിയർ വൈസ് പ്രസിഡന്റു(സെയിൽസ് ആൻഡ് മാർക്കറ്റിങ്)മായ എൻ രാജ അറിയിച്ചു. ഉപയോക്താക്കളുടെ മാറുന്ന അഭിരുചികൾക്കൊത്ത് മോഡലുകളിൽ മാറ്റങ്ങൾ വരുത്താൻ കമ്പനി എപ്പോഴും ശ്രമിക്കാറുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.