സർക്കാർ ജീവനക്കാർക്കുള്ള ടൊയോട്ടയുടെ ഓഫർ മാർച്ച് വരെ

Etios Liva

രാജ്യത്തെ സംസ്ഥാന, കേന്ദ്ര ജീവനക്കാർക്കു വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച ‘ഡ്രൈവ് ദ് നേഷൻ’ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം മാർച്ച് വരെ ദീർഘിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) തീരുമാനിച്ചു. സർക്കാർ ജീവനക്കാരിൽ നിന്നു ലഭിച്ച മികച്ച പ്രതികരണം പരിഗണിച്ചാണു പദ്ധതി ദീർഘിപ്പിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ വർഷം പുതിയ ‘പ്ലാറ്റിനം എത്തിയോസ്’ വിൽപ്പനയ്ക്കെത്തിയ വേളയിലായിരുന്നു ടി കെ എം ‘ഡ്രൈവ് ദ് നേഷൻ’ ക്യാംപെയ്ൻ പ്രഖ്യാപിച്ചത്. നിലവിൽ കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസിലുള്ളവർക്കു പുറമെ വിരമിച്ച ജീവനക്കാർക്കും ടൊയോട്ട ഈ പദ്ധതിയുടെ ആനുകൂല്യം വാഗ്ദാനം ചെയ്തിരുന്നു.

കാർ വാങ്ങാനെത്തുന്നവർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ആനുകൂല്യങ്ങളും ഒറ്റ കുടക്കീഴിലാക്കുന്ന ‘ഡ്രൈവ് ദ് നേഷൻ’ 2016 സെപ്റ്റംബർ — ഡിസംബർ കാലത്തേക്കാണു ടി കെ എം പ്രഖ്യാപിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ അരങ്ങേറ്റം കുറിച്ച ‘പ്ലാറ്റിനം എത്തിയോസി’നു മികച്ച വരവേൽപ്പ് ലഭിച്ചെന്നാണു ടി കെ എമ്മിന്റെ വിലയിരുത്തൽ. കഴിഞ്ഞ ത്രൈമാസത്തിലെ വിൽപ്പനയിൽ എട്ടു ശതമാനത്തോളം വിൽപ്പന വളർച്ച നേടാനായത് ‘പ്ലാറ്റിനം എത്തിയോസി’ന്റെ പിൻബലത്തിലാണെന്നും കമ്പനി കരുതുന്നു.
സുരക്ഷാ കാര്യങ്ങളിൽ കമ്പനിക്കുള്ള ഉന്നത നിലവാരമാണു ‘പ്ലാറ്റിനം എത്തിയോസി’ൽ പ്രതിഫലിക്കുന്നതെന്നു ടി കെ എം ഡയറക്ടറും സീനിയർ വൈസ് പ്രസിഡന്റു(സെയിൽസ് ആൻഡ് മാർക്കറ്റിങ്)മായ എൻ രാജ അറിയിച്ചു.

മോഡൽ ഭേദമില്ലാതെ ഇരട്ട എയർബാഗ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ സഹിതം ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം എന്നിവയൊക്കെ ലഭ്യമാക്കിയ കാറാണ് ‘എത്തിയോസ്’; ഇന്ത്യൻ വാഹന വ്യവസായത്തിൽ തന്നെ ഇതൊരു പുതുമയായിരുന്നെന്നും രാജ അവകാശപ്പെട്ടു. ‘പ്ലാറ്റിനം എത്തിയോസി’ലാവട്ടെ കുട്ടികൾക്കു മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാന് ഐസോഫിക്സ് ചൈൽഡ് സീറ്റ് ലോക്കും എല്ലാ വകഭേദത്തിലും ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യൻ കുടുംബങ്ങൾ കാറിൽ ആഗ്രഹിക്കുന്ന ഘടകങ്ങളെല്ലാം തന്നെ ‘എത്തിയോസ്’ ശ്രേണിയിൽ ഉറപ്പാക്കിയിട്ടുണ്ടെന്നു രാജ അവകാശപ്പെട്ടു. ഇന്ത്യൻ ഇടപാടുകാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത കാറിൽ ഉന്നത സുരക്ഷാ നിലവാരം, മികച്ച ഇന്ധനക്ഷമത, സ്ഥലസൗകര്യമേറിയ അകത്തളം, മെച്ചപ്പെട്ട യാത്രാസുഖം, ഉയർന്ന വിശ്വസനീയത എന്നിവയൊക്കെ ടൊയോട്ട ഉറപ്പാക്കുന്നു.