ഹൈബ്രിഡ് കാറിനു നികുതി ഇളവ് തേടി ടൊയോട്ട

Toyota Prius

സങ്കര ഇന്ധന സാങ്കേതികവിദ്യയുള്ള വാഹനങ്ങൾക്ക് എക്സൈസ് ഡ്യൂട്ടി ഇളവ് വേണമെന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട. പൂർണ തോതിലുള്ള ഹൈബ്രിഡ് വാഹനങ്ങളെയും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയെയും വ്യത്യസ്തമായി പരിഗണിക്കണമെന്നും കമ്പനി ആവശ്യപ്പെടുന്നു. പൂർണതോതിലുള്ള ഹൈബ്രിഡ് സാങ്കേതികവിദ്യ മൈൽഡ് ഹൈബ്രിഡിനെ അപേക്ഷിച്ചു ശക്തമാണെന്നു സർക്കാരും അംഗീകരിക്കുന്നുണ്ടെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർ വൈസ് ചെയർമാൻ ശേഖർ വിശ്വനാഥൻ അഭിപ്രായപ്പെട്ടു. സങ്കര ഇന്ധന സാങ്കേതികവിദ്യകളുടെ മേന്മകൾ അംഗീകരിക്കുമ്പോഴും നികുതിയുടെ കാര്യത്തിൽ ഇളവുകളൊന്നും പ്രതിഫലിക്കുന്നില്ല. നിലവിൽ മൈൽഡ്, സ്ട്രോങ് ഹൈബ്രിഡുകളുടെ നികുതി ഒരേ നിലവാരത്തിലാണ്. ഇത്തരം അപര്യാപ്തതകൾ പരിഹരിക്കണമെന്നു വിശ്വനാഥൻ ആവശ്യപ്പെട്ടു.

ഓട്ടത്തിനായി രണ്ടോ അതിലധികമോ പ്രൊപ്പൽഷൻ സംവിധാനങ്ങളെ ആശ്രയിക്കുന്ന വാഹനങ്ങളാണു സങ്കര ഇന്ധന വിഭാഗത്തിൽപെടുന്നത്. വൈദ്യുത മോട്ടോറിന്റെ കൂടി സാന്നിധ്യമുണ്ടെങ്കിലും ഈ മോട്ടോറിനു സ്വന്തമായി വാഹനത്തെ ചലിപ്പിക്കാനാവില്ലെന്നതാണു മൈൽഡ് ഹൈബ്രിഡിന്റെ പരിമിതി. പകരം എൻജിന്റെ പ്രവർത്തനത്തിനു പിന്തുണ നൽകി ഇന്ധനക്ഷമത ഉയർത്താനാവുമെന്നതാണു മൈൽഡ് ഹൈബ്രിഡിന്റെ നേട്ടം. ഇന്ത്യയിൽ നിലവിലുള്ള നികുതിഘടന പ്രകാരം മൈൽഡ്, പ്യുവർ ഹൈബ്രിഡ് സാങ്കേതികവിദ്യകളുള്ള വാഹനങ്ങൾക്കു വലിപ്പ വ്യത്യാസമില്ലാതെ 12.5% ആണു നികുതി നിരക്ക്. മാത്രമല്ല നാഷനൽ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാനിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക്കൽ വെഹിക്കിൾസ് ഇൻ ഇന്ത്യ (‘ഫെയിം’) പദ്ധതി പ്രകാരവും മൈൽഡ്, പൂർണ ഹൈബ്രിഡുകൾക്ക് ഒരേപോലുള്ള ഇളവുകളാണ് ലഭിക്കുന്നത്.

സങ്കര ഇന്ധന, വൈദ്യുത ഇരുചക്രവാഹനങ്ങൾക്ക് 29,000 രൂപ വരെയും ഇത്തരം കാറുകൾക്ക് 1.38 ലക്ഷം രൂപ വരെയുമാണ് ‘ഫെയിം’ പദ്ധതി പ്രകാരമുള്ള സഹായം. പൂർണമായും വിദേശത്തു നിർമിച്ച് ഇറക്കുമതി വഴി വിൽപ്പനയ്ക്കെത്തുന്ന മോഡലുകളാവട്ടെ ‘ഫെയിം’ പദ്ധതിയുടെ പരിധിയിൽപെടുകയില്ലെന്ന പ്രശ്നവുമുണ്ട്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമാണു നിലവിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള മോഡലുകൾ വിൽപ്പനയ്ക്കെത്തിക്കുന്നത്. പൂർണ തോതിലുള്ള ഹൈബ്രിഡിനെ അപേക്ഷിച്ച് വില കുറവാണെന്നതാണ് ഇത്തരം വാഹനങ്ങളുടെ പ്രധാന ആകർഷണം.