എയർബാഗ് തകരാർ: 170 ‘പ്രയസ്’ പരിശോധിക്കാൻ ടി കെ എം

എയർബാഗ് തകരാറിന്റെ പേരിൽ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) ഇന്ത്യയിൽ വിറ്റ 170 ‘പ്രയസ്’ കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നു. ഈ പ്രശ്നത്തിന്റെ പേരിൽ ആഗോളതലത്തിൽ 14.30 ലക്ഷം കാറുകൾ തിരിച്ചുവിളിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും സങ്കര ഇന്ധന മോഡലായ ‘പ്രയസ്’ പരിശോധിക്കാൻ ടൊയോട്ട നടപടി സ്വീകരിക്കുന്നത്. ‘പ്രയസി’ലെ കർട്ടൻ ഷീൽഡ് എയർബാഗ് ഇൻഫ്ളേറ്ററിലാണു ടൊയോട്ട നിർമാണ പിഴവ് സംശയിക്കുന്നത്. 2009 നവംബറിനും 2012 ഏപ്രിലിനും ഇടയിൽ നിർമിച്ച ‘പ്രയസി’നാണു പരിശോധന ആവശ്യമുള്ളത്. കാറിലെ എയർബാഗ് ഇൻഫ്ളേറ്ററിന്റെ റിറ്റൻഷൻ ബ്രാക്കറ്റ് പരിശോധിച്ച് തകരാറുണ്ടെങ്കിൽ പുതിയതു ഘടിപ്പിച്ചു നൽകാനാണു കമ്പനിയുടെ പദ്ധതി.

അതേസമയം ഇൻഫ്ളേറ്റർ റിറ്റൻഷൻ ബ്രാക്കറ്റ് തകരാറിലായി എയർബാഗിനു പ്രവർത്തന തകരാർ സംഭവിച്ചതായി ഇതുവരെ അറിവില്ലെന്ന് ടി കെ എം വ്യക്തമാക്കി. ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാൻ ടൊയോട്ട പ്രഖ്യാപിച്ച വാഹന പരിശോധനയുടെ ഭാഗമായാണ് ഇന്ത്യയിലും ‘പ്രയസ്’ തിരിച്ചുവിളിക്കുന്നതെന്നും കമ്പനി വിശദീകരിച്ചു.എയർബാഗിന്റെ നിർമാണ പിഴവിന്റെ പേരിൽ ലോക വ്യാപകമായി 14.30 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നാണു ടൊയോട്ട മോട്ടോർ കോർപറേഷന്റെ പ്രഖ്യാപനം. അതേസമയം തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകളുടെ പേരിൽ വിവിധ നിർമാതാക്കൾ പ്രഖ്യാപിച്ച വ്യാപക പരിശോധന പോലെയല്ല ഈ നടപടിയെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

അതിനിടെ ഫ്യുവൽ എമിഷൻ കൺട്രോൾ സംവിധാനത്തിലെ പിഴവിന്റെ പേരിൽ 28.70 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നും ടൊയോട്ട പ്രഖ്യാപിച്ചിട്ടുണ്ട്. 2008 ഒക്ടോബറിനും 2012 ഏപ്രിലിനുമിടയ്ക്കു നിർമിച്ച ‘പ്രയസ്’ ഹൈബ്രിഡ്, ‘പ്രയസ്’ പ്ലഗ് ഇൻ, ലക്സസ് ‘സി ടി 200 എച്ച്’ മോഡലുകളാണ് ഈ പരിശോധനയുടെ പരിധിയിൽ വരിക. പരിശോധിക്കേണ്ട വാഹനങ്ങളിൽ 7.43 ലക്ഷവും ജപ്പാനിലാണ്. അവശേഷിക്കുന്നവയിൽ 4.95 ലക്ഷം നോർത്ത് അമേരിക്കയിലും 1.41 ലക്ഷം യൂറോപ്പിലുമാണ്. ചൈനയിൽ 9,000 വാഹനങ്ങൾക്കു പരിശോധന ആവശ്യമാണ്. അവശേഷിക്കുന്ന 46,000 വാഹനങ്ങൾ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലുള്ളവയാണ്.