എയർബാഗ്: 7,129 ‘കൊറോള’ തിരിച്ചുവിളിക്കാൻ ടി കെ എം

യാത്രക്കാരുടെ ഭാഗത്തെ എയർബാഗിനു നിർമാണ തകരാർ സംശയിച്ച് ഇന്ത്യയിലും 7,129 ‘കൊറോള’ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയുടെ ഉപസ്ഥാപനമായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) തീരുമാനിച്ചു. 2007 ഏപ്രിൽ — 2008 ജൂലൈ കാലത്തു നിർമിച്ചു വിറ്റ എക്സിക്യൂട്ടീവ് സെഡാനുകളാണു പരിശോധനയ്ക്കു വിധേയമാക്കുകയെന്നും ടി കെ എം അറിയിച്ചു.

ആഗോളതലത്തിൽ ടൊയോട്ട മോട്ടോർ കോർപറേഷൻ(ടി എം സി) പ്രഖ്യാപിച്ച പരിശോധനയുടെ ഭാഗമായാണ് ഇന്ത്യയിലും ടി കെ എം ‘കൊറോള’ സെഡാൻ തിരിച്ചുവിളിക്കുന്നത്. തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകൾ മുൻസീറ്റിലെ യാത്രക്കാരുടെ ഭാഗത്ത് ഘടിപ്പിച്ച കാറുകൾക്കാണു പരിശോധന ആവശ്യമായി വരിക. ഇതോടൊപ്പം ‘സെവൻ ഇയർ മാൻഡേറ്റ്’ വിഭാഗത്തിൽ 2008 ജൂൺ — ജൂലൈ കാലത്തു നിർമിച്ച വാഹനങ്ങൾക്കും ടി കെ എം പരിശോധന ബാധകമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ പരിശോധന നടത്തിയ വാഹനങ്ങളിലൊന്നും തകരാറുകൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. എങ്കിലും ആഗോളതലത്തിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായിട്ടാണത്രെ ഇന്ത്യയിലും കാറുകൾ തിരിച്ചുവിളിക്കുന്നത്.

നിർമാണ തകരാറുള്ള എയർബാഗുകൾ പരിശോധിക്കാൻ 2013ൽ ടി എം സി ആഗോളതലത്തിൽ 17.30 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു. 2003 ജനുവരി — ജൂൺ കാലത്തു നിർമിച്ചു വിറ്റ കാറുകൾക്കായി അന്ന് ഇന്ത്യയിലും പ്രത്യേക പരിശോധന സംഘടിപ്പിച്ചിരുന്നു.

വിന്യാസ വേളയിൽ പൊട്ടിത്തെറിച്ച് യാത്രികർക്ക് കടുത്ത ഭീഷണി സൃഷ്ടിക്കാനുള്ള സാധ്യതയാണു തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകളെ അപകടകാരികളാക്കുന്നത്. എയർബാഗ് ഇൻഫ്ളേറ്ററിൽ തകാത്ത കോർപറേഷൻ ഉപയോഗിച്ച അമോണിയം നൈട്രേറ്റ് പ്രൊപ്പല്ലന്റിന് പെട്ടെന്നു തീ പിടിക്കുന്നതോടെ ലോഹനിർമിത ചെറു പേടകം പൊട്ടിത്തെറിച്ച് മൂർച്ചയേറിയ വസ്തുക്കൾ യാത്രക്കാർക്കും ഡ്രൈവർക്കും നേരെ പാഞ്ഞെത്താനുള്ള സാധ്യതയാണ് അപകടഭീഷണി സൃഷ്ടിക്കുന്നത്. അപകടസാധ്യത തിരിച്ചറിഞ്ഞതോടെ നിസ്സാനും ഹോണ്ടയുമടക്കമുള്ള നിർമാതാക്കൾ ആഗോളതലത്തിൽ ലക്ഷക്കണക്കിനു വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിച്ചിട്ടുണ്ട്.

എൻജിൻ സ്വിച്ചിന്റെയും എയർബാഗുകളുടെയും നിർമാണപിഴവിന്റെ പേരിൽ ഇന്ത്യയിലും 12,000 കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നു കഴിഞ്ഞ ആഴ്ച ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ പ്രഖ്യാപിച്ചിരുന്നു. 2013 ജൂണിനും 2015 മാർച്ചിനുമിടയ്ക്കു നിർമിച്ച ‘സണ്ണി’യും ‘മൈക്ര’യുമാണു നിസ്സാൻ തിരിച്ചു വിളിക്കുന്നത്. ആഗോളതലത്തിൽ 2.70 കാറുകൾ തിരിച്ചുവിളിക്കുന്നതിന്റെ ഭാഗമായാണ് നിസ്സാൻ ഇന്ത്യയിലും ‘സണ്ണി’യും ‘മൈക്ര’യും പരിശോധിക്കുന്നത്.

നിർമാണ പിഴവുള്ള എയർബാഗിന്റെ പേരിൽ 2003 — 2007 കാലത്തു നിർമിച്ച 11,381‘അക്കോഡ്’, ‘സി ആർ — വി’, ‘സിവിക്’ കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡും കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു.