ഹൈബ്രി‍ഡിൽ പുതുചരിത്രം സൃഷ്ടിച്ച് ടൊയോട്ട

Toyota Prius

ആഗോളതലത്തിൽ സങ്കര ഇന്ധന വാഹനങ്ങളുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 90.14 ലക്ഷത്തിലെത്തിയതായി ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ (ടി എം സി). ഏപ്രിൽ 30ലെ കണക്കനുസരിച്ചാണു സങ്കര ഇന്ധനവാഹന വിൽപ്പന 90 ലക്ഷം യൂണിറ്റ് പിന്നിട്ടതായി ടി എം സി സ്ഥിരീകരിച്ചത്. ഇതിൽ അവസാന 10 ലക്ഷം യൂണിറ്റിന്റെ വിൽപ്പന വെറും ഒൻപതു മാസം കൊണ്ടാണു കൈവരിച്ചതെന്നും കമ്പനി അവകാശപ്പെട്ടു.
കഴിഞ്ഞ വർഷം ജനപ്രീതിയാർജിച്ച മിനിവാനായ ‘സിയന്റ’യുടെ സങ്കര ഇന്ധന പതിപ്പ് ടൊയോട്ട പുറത്തിറക്കിയിരുന്നു. ഒപ്പം സങ്കര ഇന്ധന വിഭാഗത്തിൽ ടൊയോട്ടയ്ക്കു മേൽവിലാസം നേടിക്കൊടുത്ത ‘പ്രയസി’ന്റെ നാലാം തലമുറ മോഡലും കമ്പനി പുറത്തിറക്കി.

ചൈനയിലാവട്ടെ ടൊയോട്ട ‘കൊറോള’, ‘ലെവിൻ’ എന്നിവയുടെ സങ്കര ഇന്ധനപതിപ്പ് വിൽപ്പനയ്ക്കെത്തിച്ചു. പ്രാദേശികമായി നിർമിച്ച സങ്കര ഇന്ധന സംവിധാനമായിരുന്നു ഈ വാഹനങ്ങളുടെ സവിശേഷത. ഒപ്പം ‘ആർ എ വി ഫോറി’ന്റെ സങ്കര ഇന്ധന പതിപ്പും കമ്പനി വിൽപ്പനയ്ക്കെത്തിച്ചു. കഴിഞ്ഞ ഏപ്രിലിലെ കണക്കനുസരിച്ച് മൊത്തം 33 സങ്കര ഇന്ധന കാർ മോലുകളും ഒരു പ്ലഗ് ഇൻ ഹൈബ്രിഡ് (പി എച്ച് വി) മോഡലുമാണു ടി എം സിക്കുള്ളത്. തൊണ്ണൂറോളം രാജ്യങ്ങളിൽ ടൊയോട്ട സങ്കര ഇന്ധന മോഡലുകൾ വിൽക്കുന്നുമുണ്ട്.

കൂടാതെ വാഹനങ്ങൾ മൂലം പരിസ്ഥിതിക്കുണ്ടാവുന്ന കോട്ടങ്ങൾ പൂജ്യത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒക്ടോബറിൽ കമ്പനി ‘ടൊയോട്ട എൻവിറോൺമെന്റൽ ചലഞ്ച് 2050’ പ്രഖ്യാപിച്ചിരുന്നു. തികച്ചും പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ യാഥാർഥ്യമാക്കി സുസ്ഥിര സമൂഹം സൃഷ്ടിക്കാനാണു ടി എം സി ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാൻ ഹൈബ്രിഡ് വാഹന ശ്രേണി വിപുലീകരിക്കുമെന്നും ടൊയോട്ട പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ആകുമ്പോഴേക്ക് സങ്കര ഇന്ധനങ്ങളുടെ വാർഷിക വിൽപ്പന 15 ലക്ഷം യൂണിറ്റിലെത്തിക്കാനാണു കമ്പനിയുടെ മോഹം. ഒപ്പം ഇത്തരം വാഹനങ്ങളുടെ മൊത്തം വിൽപ്പന 1.50 കോടി യൂണിറ്റിലെത്തിക്കാനാവുമെന്നും ടൊയോട്ട കണക്കുകൂട്ടുന്നു.