സഹകരിച്ചു പ്രവർത്തിക്കാനില്ലെന്നു ടൊയോട്ടയും സുസുക്കിയും

മൂലധന രംഗത്തടക്കം സഹകരിച്ചു പ്രവർത്തിക്കാനുള്ള സാധ്യതകൾ പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്നു ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷനും സുസുക്കി മോട്ടോർ കോർപറേഷനും. ലോകത്തു തന്നെ ഏറ്റവുമധികം കാർ വിൽക്കുന്ന ടൊയോട്ടയും ജപ്പാനിലെ കാർ വിൽപ്പനയിൽ നാലാം സ്ഥാനത്തുള്ള സുസുക്കിയുമായി സഹകരണ സാധ്യത പരിഗണിക്കുന്നുണ്ടെന്നു ബിസിനസ് പത്രമായ ‘നിക്കൈ’ ആണു റിപ്പോർട്ട് ചെയ്തത്. ഇരുകമ്പനികളിലും പരസ്പര ഓഹരി പങ്കാളിത്തമടക്കമുള്ള സാധ്യതകളാണു പരിഗണനയിലെന്നും പത്രവാർത്തയിലുണ്ടായിരുന്നു.

എന്നാൽ ടൊയോട്ടയുമായി സഹകരിക്കാൻ ചർച്ചകളൊന്നും നടത്തുന്നില്ലെന്നായിരുന്നു സുസുക്കിയുടെ പ്രതികരണം; പത്രവാർത്തകളോടുള്ള ടൊയോട്ടയുടെ മറുപടിയും ഏറെക്കുറെ ഇങ്ങനെ തന്നെ. സഹകരണ സാധ്യതയെക്കുറിച്ചു ചർച്ച നടത്തുന്നെന്ന വാർത്ത ഇരുകൂട്ടരും നിഷേധിച്ചെങ്കിലും ടൊയോട്ടയുടെയും സുസുക്കിയുടെയും ഓഹരി വിലകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. ആഭ്യന്തര വിപണിയിൽ സുസുക്കിയുടെ പ്രധാന എതിരാളികളായ ദയ്ഹാറ്റ്സു മോട്ടോർ കമ്പനിയെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാക്കാൻ ടൊയോട്ട തയാറെടുക്കുന്നുണ്ടെന്നും ‘നിക്കൈ’ വെളിപ്പെടുത്തി. ദയ്ഹാറ്റ്സുവിൽ 51.2% ഓഹരി പങ്കാളിത്തമാണു നിലവിൽ ടൊയോട്ടയ്ക്കുള്ളത്. ദയ്ഹാറ്റ്സുവിനായി വിവിധ സാധ്യതകൾ പരിഗണിക്കുന്നുണ്ടെന്നു വ്യക്തമാക്കിയ ടൊയോട്ട പക്ഷേ കമ്പനിയെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാക്കുമെന്ന അഭ്യൂഹം നിഷേധിച്ചില്ലെന്നതു ശ്രദ്ധേയമാണ്.

ഇതടക്കമുള്ള സാധ്യതകളാണു പരിഗണനയിലെന്ന് അംഗീകരിച്ച ടൊയോട്ട ഈ വിഷയത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നു മാത്രമാണു പ്രതികരിച്ചത്. കാർ നിർമാണ രംഗത്ത് ഇരുകമ്പനികൾക്കുമുള്ള സാങ്കേതികവൈദഗ്ധ്യം പ്രയോജനപ്പെടുത്താനുള്ള ചർച്ചകളാണു ടൊയോട്ടയും സുസുക്കിയും നടത്തുന്നതെന്നായിരുന്നു പത്രവാർത്ത. ഈ വൈദഗ്ധ്യം പങ്കുവച്ച് ഇന്ത്യയടക്കമുള്ള ഏമേർജിങ് വിപണികളിൽ കോംപാക്ട് കാറുകൾക്കുള്ള വിപണന സാധ്യത മുതലെടുക്കാനാണത്രെ ആലോചന. ചെറുകാർ നിർമാണത്തിൽ വിദഗ്ധരായ സുസുക്കിയുടെ ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് ഇന്ത്യൻ കാർ വിപണിയിൽ സമഗ്ര ആധിപത്യവുമുണ്ട്.

പരിസ്ഥിതി മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ കർശനമാക്കാനും ഇന്ധനക്ഷമത ഉയർത്താനും വിവിധ രാജ്യങ്ങൾ തീരുമാനമെടുത്തതോടെ പുത്തൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ വാഹന നിർമാതാക്കൾ കടുത്ത സമ്മർദം നേരിടുന്നുണ്ട്. അതിനാലാണു പുതിയ സാങ്കേതികവിദ്യകളുടെ വികസനത്തിന് ശക്തരായ പങ്കാളികളെ തേടി ചെറിയ നിർമാതാക്കൾ പരക്കം പായുന്നത്. സാങ്കേതിക രംഗത്തെ സഹകരണത്തിനായി ജർമൻ കാർ നിർമാതാക്കളായ ഫോക്സ്വാഗൻ എ ജിയുമായി 2010ൽ സുസുക്കി കരാറിലെത്തിയിരുന്നു. എന്നാൽ ഇരുവരുമായുള്ള ബന്ധം വഷളായതോടെ തർക്കപരിഹാര കോടതി വഴിയായിരുന്നു കമ്പനികൾ കരാർ അവസാനിപ്പിച്ചത്.