ചെറുകാർ: ഡയ്ഹാറ്റ്സുവിനെ കൂട്ടുപിടിച്ചു ടൊയോട്ട

Daihatsu Sirion

ഇന്ത്യൻ കാർ വിപണിയിൽ തരംഗമാവുക എന്നതു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയുടെ സ്വപ്നമാണ്. ഈ വിപണിയിലെ പ്രകടനം മെച്ചപ്പടുത്താൻ സാധ്യമായ വഴികളെല്ലാം കമ്പനി തേടുന്നുമുണ്ട്. ചെറുകാർ വിപണിയിൽ കാര്യമായ സാന്നിധ്യമില്ലാതെ ഈ ലക്ഷ്യം കൈവരിക്കാനാവില്ലെന്നു ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)നു തികഞ്ഞ ബോധ്യവുമുണ്ട്. നിലവിലുള്ള ചെറുകാർ ശ്രേണിയായ ‘എത്തിയോസ്’ ഈ ലക്ഷ്യം കൈവരിക്കാൻ പര്യാപ്തമല്ലെന്നും കമ്പനി നേരത്തെ തിരിച്ചറിഞ്ഞതാണ്. കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഡയ്ഹാറ്റ്സുവിനു ചെറു കാർ നിർമാണത്തിലാണു ടൊയോട്ട ഇപ്പോൾ പ്രതീക്ഷയർപ്പിക്കുന്നത്. ഇന്ത്യയ്ക്കു പുറമെ ബ്രസീലും ഇന്തൊനീഷയുമടക്കമുള്ള വിപണികളിൽ മെച്ചപ്പെട്ട പ്രകടനത്തിനായി പുതിയ കാർ തന്നെ വികസിപ്പിക്കാനുള്ള ദൗത്യം ടൊയോട്ട ഏൽപ്പിച്ചിരിക്കുന്നതും ഡയ്ഹാറ്റ്സുവിനെയാണ്.

ഇന്ത്യ പോലുള്ള വിപണികൾ ലക്ഷ്യമിട്ടു വികസിപ്പിക്കുന്ന പുതിയ ചെറുകാറിന്റെ ജോലികൾ ഡയ്ഹാറ്റ്സു ആരംഭിച്ചതായാണു സൂചന. നിലവിലുള്ള മോഡലുകൾ ഇന്ത്യയിലും മറ്റും അവതരിപ്പിക്കുന്ന സാധ്യതകളെക്കുറിച്ചു പഠിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഒപ്പം നിലവിലുള്ള പ്ലാറ്റ്ഫോമുകൾ ആധാരമാക്കി പുതിയ മോഡലുകൾ സാക്ഷാത്കരിക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. സാധിച്ചാൽ വ്യത്യസ്ത രൂപകൽപ്പനയുള്ള മൂന്നോ നാലോ പുതിയ ചെറുകാറുകൾ പുറത്തിറക്കാനുള്ള സാധ്യതയാണു വിലയിരുത്തപ്പെടുന്നത്.ഇന്ത്യയിലെ വിൽപ്പന മെച്ചപ്പെടുത്താൻ ത്രിമുഖ തന്ത്രം പയറ്റാനാണു ടൊയോട്ടയുടെ പദ്ധതി. ആഡംബര വിഭാഗം ലക്ഷ്യമിട്ടു ‘ലക്സസ്’ ശ്രേണിയെ ഇന്ത്യയിലെത്തിക്കും. ഒപ്പം പ്രീമിയം വിഭാഗത്തിലും വ്യാപക വിൽപ്പനയുള്ള വിഭാഗത്തിലും നില മെച്ചപ്പെടുത്താനും ടൊയോട്ട തീവ്രശ്രമം നടത്തും. പ്രീമിയം വിഭാഗത്തിൽ പട നയിക്കാൻ ‘ഫോർച്യൂണറി’ന്റെ പുതിയ തലമുറ മോഡൽ അടുത്ത വർഷം എത്തും. കൂടാതെ ‘ഇന്നോവ’യ്ക്കു പകരക്കാരനാവേണ്ട ‘ഇന്നോവ ക്രിസ്റ്റ’യും രണ്ടു മാസത്തിനുള്ളിൽ വിൽപ്പനയ്ക്കെത്തും. ഇതിനു പുറമെയാണു വ്യാപക വിൽപ്പന കൈവരിക്കാൻ പ്രാപ്തിയുള്ള മോഡലുകൾ വികസിപ്പിക്കാൻ ടൊയോട്ട ഉപസ്ഥാപനമായ ഡയ്ഹാറ്റ്സുവിന്റെ സഹായം തേടിയിരിക്കുന്നത്.