ഡീസൽ എൻജിൻ നിർമിക്കാൻ 1,100 കോടി മുടക്കാൻ ടൊയോട്ട

Toyota Innova Crysta

ഡീസലിൽ ഓടുന്ന കാറുകൾക്കു രാജ്യതലസ്ഥാന മേഖലയിൽ ഏർപ്പെടുത്തിയ നിരോധനത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെ ഡീസൽ എൻജിൻ നിർമാണത്തിനായി 1,100 കോടി രൂപ നിക്ഷേപിക്കാൻ ടൊയോട്ട കിർലോസ്കർ മോട്ടോർ (ടി കെ എം) ഒരുങ്ങുന്നു. പ്രതിവർഷം 1.08 ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ഡീസൽ എൻജിൻ പ്ലാന്റാണ് ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട ഇന്ത്യയിൽ സ്ഥാപിക്കുന്നത്.ബെംഗളൂരുവിൽ സ്ഥാപിക്കുന്ന ശാലയുടെ പ്രവർത്തനങ്ങൾ ജൂൺ മൂന്നാം വാരം തുടങ്ങുമെന്നാണു സൂചന. ഡൽഹിയിൽ വിലക്ക് തുടരുകയാണെങ്കിലും അടുത്ത വർഷം നിലവിൽ വരുന്ന ഇന്ധനക്ഷമതാ മാനദണ്ഡങ്ങൾ പാലിക്കാൻ ഡീസൽ എൻജിനുകൾ അനിവാര്യമാണെന്നാണു ടി കെ എമ്മിന്റെ വിലയിരുത്തൽ.

കെ ഡി പരമ്പരയിലെ ഡീസൽ എൻജിനുകൾക്കു പകരമായി കഴിഞ്ഞ വർഷമാണു ടൊയോട്ട പുതിയ ജി ഡി സീരീസ് വികസിപ്പിച്ചു പുറത്തിറക്കിയത്. ഉയർന്ന ഇന്ധനക്ഷമതയ്ക്കൊപ്പം തെർമൽ എഫിഷ്യൻസി കംബസ്റ്റ്യനും(ഇ എസ് ടി ഇ സി) സംഗമിക്കുന്ന സാങ്കേതികവിദ്യയായിരുന്നു പുതിയ എൻജിനുകളുടെ സവിശേഷത. ജപ്പാനും തായ്ലൻഡിനും പിന്നാലെയാണു ടൊയോട്ട ഇന്ത്യയിലും ജി ഡി ശ്രേണിയിലെ ഡീസൽ എൻജിനുകൾ നിർമിക്കാൻ ഒരുങ്ങുന്നത്. നിലവിൽ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(അഥവാ യൂറോ നാല്) നിലവാരമാണ് ഈ എൻജിനുകൾക്കുള്ളത്; എന്നാൽ കുറഞ്ഞ നിക്ഷേപത്തിലും സമയപരിധിയിലും ജി ഡി ശ്രേണിയെ യൂറോ അഞ്ച്, ആറ് നിലവാരത്തിലേക്ക് ഉയർത്താനാവുമെന്നും ടൊയോട്ട വ്യക്മതാക്കുന്നു. നിലവിൽ ജപ്പാനിലും തായ്ലൻഡിലും യുറോ നാല്, അഞ്ച്, ആറ് നിലവാരം പുലർത്തുന്ന ജി ഡി സീരീസ് ഡീസൽ എൻജിനുകൾ കമ്പനി നിർമിക്കുന്നുമുണ്ട്.

പ്രാദേശിക വിപണിക്കായാണു ടൊയോട്ട ഇന്ത്യയിലെ ആദ്യ ഡീസൽ എൻജിൻ നിർമാണശാല സ്ഥാപിക്കുന്നത്. മികച്ച പ്രകടനവും മുന്തിയ സാങ്കേതികവിദ്യയും സമന്വയിക്കുന്ന ജി ഡി സീരീസ് എൻജിൻ നിർമാണത്തിനുള്ള പുതിയ ശാലയിൽ അഞ്ഞൂറോളം തൊഴിലവസരങ്ങളാണു ടി കെ എം വാഗ്ദാനം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ എൻജിൻ നിർമാണത്തിനുള്ള 77 ഘടകങ്ങൾ പ്രാദേശികമായി സമാഹരിക്കാനാണു ടി കെ എമ്മിന്റെ പദ്ധതി; ഇതിനായി 23 വെണ്ടർമാരെ ടൊയോട്ട തിരഞ്ഞെടുത്തിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ 29 വെണ്ടർമാരിൽ നിന്നായി 65 ഘടകങ്ങൾ കൂടി സമാഹരിക്കാൻ കമ്പനിക്കു പദ്ധതിയുണ്ട്. ഇതോടെ എൻജിൻ നിർമാണത്തിനുള്ള 35% ഘടകങ്ങൾ ഇന്ത്യൻ നിർമിതമാവുമെന്നാണു പ്രതീക്ഷ.