യൂസ്ഡ് കാറുകളുടെ ലേലത്തിനൊരുങ്ങി ടൊയോട്ട

ഉപയോഗിച്ച കാറുകൾ ലേലം ചെയ്തു വിൽക്കുന്ന ശൈലി ഇന്ത്യയിലും അവതരിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട ആലോചിക്കുന്നു. ആഗോളതലത്തിൽ നിലവിലുള്ള യൂസ്ഡ് കാർ ലേല പരിപാടി ഇന്ത്യയിലും അവതരിപ്പിച്ചു വിൽപ്പന മെച്ചപ്പെടുത്താൻ കഴിയുമെന്നാണു ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)ന്റെ പ്രതീക്ഷ.

ഇന്ത്യയിലെ യൂസ്ഡ് കാർ വ്യാപാര മേഖല കൂടുതൽ വിശ്വസനീയവും സുതാര്യവുമാക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും ടി കെ എം അവകാശപ്പെടുന്നു. തുടക്കമെന്ന നിലയിൽ യൂസ്ഡ് കാർ ലേല വേദിയായി ബെംഗളൂരുവിലെ ടൊയോട്ട ഓക്ഷൻ മാർട്ട് അടുത്ത മാസം പ്രവർത്തനം തുടങ്ങുമെന്നും കമ്പനി അറിയിച്ചു. ടൊയോട്ട പരിശീലിപ്പിച്ച സാങ്കേതിക വിദഗ്ധർ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി യൂസ്ഡ് കാറുകൾ ബ്രാൻഡ് ഭേദമില്ലാതെ വിൽപ്പനയ്ക്കെത്തിക്കുകയാണ് ഈ ഓക്ഷൻ മാർട്ടിന്റെ ദൗത്യം. ഈ മേഖലയിലെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ബെംഗളൂരു — മൈസൂരു എക്സ്പ്രസ്​വേയിലെ ബിദഡിയിൽ ടി കെ എം കാർ ലേലത്തിനുള്ള വിപുലമായ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

കമ്പനി ഡീലർമാർ യൂസ്ഡ് കാർ വാങ്ങി ബ്രോക്കർമാരുടെ സഹായത്തോടെ വിറ്റഴിക്കുന്ന പഴഞ്ചൻ രീതിക്കാവും ഇതോടെ വിരാമമാവുകയെന്നു ടി കെ എം അവകാശപ്പെടുന്നു. മാത്രമല്ല 203 ഘടകങ്ങളുൾപ്പെട്ട വിശദ പരിശോധനയ്ക്കൊടുവിലാവും ടൊയോട്ട പരിശീലിപ്പിച്ച വിദഗ്ധർ യൂസ്ഡ് കാറിന്റെ മൂല്യവും വിൽപ്പന വിലയുമൊക്കെ നിർണയിക്കുക. വിവിധ രാജ്യങ്ങളിൽ ടൊയോട്ട ഇപ്പോൾതന്നെ യൂസ്ഡ് കാറുകൾ സ്വന്തം കമ്പനികൾ മുഖേന ലേലം ചെയ്തു വിൽക്കുന്നുണ്ട്; ജപ്പാനിൽ ടൊയോട്ട ഓട്ടോ ഓക്ഷനും ചുബു ഓട്ടോ ഓക്ഷനുമാണ് ഈ ചുമതല. തയ്വാനിലാവട്ടെ ഹോത്തൈ ഓട്ടോ ഓക്ഷൻ വഴിയാണു യൂസ്ഡ് കാർ ലേലം.

ഉപയോക്താക്കളുടെ വിശ്വാസം ആർജിക്കാനുള്ള തന്ത്രമെന്ന നിലയിലാണ് ടി കെ എം യൂസ്ഡ് കാർ ലേലത്തിന് ഒരുങ്ങുന്നതെന്നാണു സൂചന. വിൽപ്പന ലേലം വഴിയാവുന്നതോടെ ഇക്കാര്യത്തിലെ അന്തിമ തീരുമാനം യൂസ്ഡ് കാറിന്റ ഉടമയുടേതായി മാറുമെന്നതാണു പ്രധാന വ്യത്യാസം. പുതിയ കാർ വിൽപ്പനയിൽ കാര്യമായ പുരോഗതി കൈവരിക്കാത്ത സാഹചര്യത്തിൽ യൂസ്ഡ് കാർ വിപണിയിൽ സജീവമായി കച്ചവടം മെച്ചപ്പെടുത്താനുള്ള ശ്രമമാണു ടി കെ എം നടത്തുന്നത്.

ഇന്ത്യയിൽ ടൊയോട്ട യു ട്രസ്റ്റ് എന്ന പേരിൽ ഇപ്പോൾ തന്നെ ടി കെ എം യൂസ്ഡ് കാർ വ്യാപാരം നടത്തുന്നുണ്ട്. 2007ൽ തുടങ്ങിയ യു ട്രസ്റ്റിന് 19 സംസ്ഥാനങ്ങളിലായി 46 വിപണികളിൽ സാന്നിധ്യമുണ്ട്. ടൊയോട്ടയുടെ എതിരാളികളായ മാരുതി സുസുക്കിയും ഹ്യുണ്ടായ് മോട്ടോറും ഫോക്സ്​വാഗനും ഹോണ്ടയും മാത്രമല്ല ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസും ബി എം ഡബ്ല്യുവും ഔഡിയുമൊക്കെ ഇത്തരത്തിൽ യൂസ്ഡ് കാർ വ്യാപാര മേഖലയിൽ സജീവമാണ്.

പുതിയ കാർ വിൽപ്പനയിലെന്നപോലെ യൂസ്ഡ് കാർ മേഖലയിലും മാരുതി സുസുക്കിക്കാണു മേൽക്കോയ്മ. 2001ൽ കമ്പനി തുടങ്ങിയ ‘ട്രൂ വാല്യൂ’വിൽ നിന്നാണ് വാർഷിക കാർ വിൽപ്പനയായ 11 ലക്ഷം യൂണിറ്റിന്റെ 25 ശതമാനത്തോളം മാരുതി സുസുക്കി നേടുന്നതെന്നാണു കണക്ക്.