കാർ ബാറ്ററിയുടെ ആയുസ് വർധിപ്പിക്കാൻ ടൊയോട്ട

വൈദ്യുത കാർ ബാറ്ററികളുടെ പ്രകടനക്ഷമതയും ആയുസ്സും വർധിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ (ടി എം സി). ലിതിയം അയോൺ ബാറ്ററികൾ ചാർജാവുമ്പോഴും ഡിസ്ചാർജ് ആവുമ്പോഴും ഇലക്ട്രൊലൈറ്റിൽ ലിതിയം അയോണുകളുടെ പ്രകൃതം നിരീക്ഷിക്കാനുള്ള മാർഗമാണത്രെ ടൊയോട്ട വികസിപ്പിച്ചിരിക്കുന്നത്. ലിതിയൺ അയോൺ ബാറ്ററികളുടെ പ്രകടനം ദുർബലമാക്കുന്നത് ലിതിയം അയോണുകളിൽ സംഭവിക്കുന്ന വ്യതിയാനമാണ്. പുതിയ സാങ്കേതികവിദ്യയിലൂടെ ലിതിയം അയോണുകളുടെ പരിണാമം തത്സമയം നിരീക്ഷിക്കാനാവുമെന്നാണു ടൊയോട്ടയുടെ പ്രതീക്ഷ.

ടൊയോട്ട സെൻട്രൽ ആർ ആൻഡ് ഡി ലബോറട്ടറിക്കൊപ്പം നിപ്പോൺ സോകെനും ജപ്പാനിലെ നാലു സർവകലാശാലകളും ചേർന്നാണ് ഈ പരീക്ഷണങ്ങൾ നടത്തുന്നത്. ലിതിയം അയോൺ ബാറ്ററികളിൽ കാതോഡായി മെറ്റൽ ഓക്സൈഡും ആനോഡായി കാർബണുമാണ് ഇടംപിടിക്കുന്നത്; ഇലക്ട്രൊലൈറ്റാവട്ടെ ഓർഗാനിക് രീതിയിലുള്ളതുമാണ്. ബാറ്ററി ചാർജ് ചെയ്യുന്ന വേളയിൽ ലിതിയം അയോണുകൾ കാതോഡിൽ നിന്ന് ആനോഡിലേക്ക് ഇലക്ട്രൊലൈറ്റ് വഴി ഒഴുകും. ബാറ്ററി പ്രവർത്തിക്കുന്ന വേളയിലാവട്ടെ ആനോഡിൽ നിന്നു കാതോഡിലേക്കാണ് അയോണുകളുടെ ഒഴുക്ക്; ഇങ്ങനെയാണ് വൈദ്യുതി സൃഷ്ടിക്കപ്പെടുന്നത്. തുടർച്ചയായ ചാർജിങ്ങിന്റെയും ഡിസ്ചാർജിങ്ങിന്റെയും ഫലമായി ഇലക്ട്രോഡുകളിലും ഇലക്ട്രൊലൈറ്റിലുമൊക്കെ ലിതിയം അയോണുകളുടെ സ്വഭാവത്തിൽ വ്യതിയാനം സംഭവിക്കുമെന്നു മുമ്പേ തിരിച്ചറിഞ്ഞതാണ്.

ലിതിയം അയോണുകളിൽ സംഭവിക്കുന്ന ഇത്തരം പരിണാമങ്ങളുടെ ഫലമായി ബാറ്ററികളിൽ ഉപയോഗപ്രദമായ സ്ഥലം പരിമിതമാവുകയും ബാറ്ററിയുടെ ആയുസ് കുറയുകയും ചെയ്യുന്നു. വിവിധ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഇലക്ട്രൊലൈറ്റിനൊപ്പം ഫോസ്ഫറസ് ഉപയോഗിക്കുന്നതിനു പകരം സാന്ദ്രതയേറിയ മൂലക(ഹെവി എലമന്റ്സ്)ങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതയാണു ടൊയോട്ട പരിശോധിക്കുന്നത്. ഇതോടെ ലിതിയം അയോണുകളും ഫോസ്ഫറസ് അയോണുകളുമായുള്ള സംയോജനം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാവുമെന്നു കമ്പനി കരുതുന്നു. സാന്ദ്രതയേറിയ മൂലകങ്ങളുടെ അയോണുകൾ ലിതിയം അയോണുകളുമായി എളുപ്പത്തിൽ സംയോജിക്കില്ലെന്നതാണു ഫോസ്ഫറസുമായുള്ള വ്യത്യാസം.