മടങ്ങി വരവിനൊരുങ്ങി ടി വി എസ് ‘വിക്ടർ’

മുമ്പ് വിപണിയിലുണ്ടായിരുന്ന ‘വിക്ടർ’ വീണ്ടും അവതരിപ്പിക്കാൻ ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനി ഒരുങ്ങുന്നു. ഇതിനു പുറമെ കരുത്തേറിയ എൻജിനുള്ള പ്രീമിയം ബൈക്കും ഇക്കൊല്ലം പുറത്തിറക്കുമെന്നു കമ്പനി വ്യക്തമാക്കി.

കമ്യൂട്ടർ വിഭാഗത്തിൽപെട്ട ജനപ്രിയ മോഡലായിരുന്ന ‘വിക്ടറി’ന്റെ ഉൽപ്പാദനം ഏതാനും വർഷം മുമ്പാണ് ടി വി എസ് അവസാനിപ്പിച്ചത്. എന്നാൽ മാറിയ സാഹചര്യത്തിൽ ഈ മോഡൽ തിരിച്ചെത്തിക്കുമെന്നു കഴിഞ്ഞ വർഷം തന്നെ ടി വി എസ് മോട്ടോർ കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ വേണു ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു.

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെ ഇരുചക്രവാഹന വിഭാഗമായ ബി എം ഡബ്ല്യു മോട്ടോർറാഡിന്റെ പങ്കാളിത്തത്തോടെ ടി വി എസ് അവതരിപ്പിക്കുന്ന ആദ്യ മോഡലാവും ഇക്കൊല്ലം വിൽപ്പനയ്ക്കെത്തുന്ന പ്രീമിയം ബൈക്ക്. 500 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള ബൈക്കുകൾ വികസിപ്പിച്ചു വിൽക്കാനായി 2013 ഏപ്രിലിലാണ് ഇരുകമ്പനികളും ധാരണയിലെത്തിയത്. ഇന്ത്യയിൽ നിർമിക്കുന്ന ബൈക്കുകൾ ആഗോളതലത്തിൽ വിൽപ്പനയ്ക്കെത്തിക്കാനാണു ബി എം ഡബ്ല്യു മോട്ടോർറാഡിന്റെ പദ്ധതി.

ബി എം ഡബ്ല്യു മോട്ടോർറാഡുമായി സഹകരിച്ചു സാക്ഷാത്കരിക്കുന്ന ബൈക്ക് ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ വിൽപ്പനയ്ക്കെത്തുമെന്നാണു വേണു ശ്രീനിവാസൻ നൽകുന്ന സൂചന. ബൈക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നേറുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പൂർണമായും പുതിയ രണ്ടു ബൈക്കുകൾക്കു പുറമെ നിലവിലുള്ള ശ്രേണിയിലെ ചില മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകളും ടി വി എസ് ഇക്കൊല്ലം പുറത്തിറക്കുന്നുണ്ട്.