രണ്ടു മോഡൽ കൂടി ഉടൻ പുറത്തെത്തുമെന്നു മഹീന്ദ്ര റേവ

വർഷാവസാനത്തോടെ രണ്ടു മോഡലുകൾ കൂടി പുറത്തിറക്കുമെന്നു വൈദ്യുത വാഹന നിർമാതാക്കളായ മഹീന്ദ്ര റേവ. വൈദ്യുത വാഹനങ്ങളെ സംബന്ധിച്ചിടത്തോളം സമയം തെളിയുകയാണെന്നു കമ്പനി സീനിയർ ജനറൽ മാനേജർ പവൻ സച്ദേവ പ്രതീക്ഷ പ്രകടിപ്പിച്ചു. വിപുല സാധ്യതയാണ് ഈ മേഖലയിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടു സീറ്റുള്ള ഹാച്ച്ബാക്കായ ‘ഇ ടു ഒ’യ്ക്കു പിന്നാലെ ഇടത്തരം സെഡാനായ ‘വെരിറ്റൊ’യുടെ വൈദ്യുത വകഭേദമായ ‘ഇ വെരിറ്റൊ’യും നിലവിൽ മഹീന്ദ്ര രേവ വിൽക്കുന്നുണ്ട്.

ആഗോളതലത്തിൽ മൊത്തം വിറ്റ വൈദ്യുത യാത്രാവാഹനങ്ങളിൽ 42 ശതമാനവും കഴിഞ്ഞ വർഷമാണു വിപണിയിലെത്തിയത്. വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങളുടെ പ്രചാരത്തിൽ ചൈനയുടെ മാതൃക ഇന്ത്യ പിന്തുടരണമെന്നും സച്ദേവ നിർദേശിച്ചു. കേന്ദ്ര ഘന വ്യവസായ സെക്രട്ടറി ഗിരീഷ് ശങ്കറും ഈ നിർദേശത്തോടു യോജിച്ചു. കഴിഞ്ഞ വർഷം 1,76,627 വൈദ്യുത വാഹനങ്ങളാണു ചൈനയിൽ വിറ്റത്; ആഗോള വിൽപ്പനയുടെ 34% വരുമിത്. 1,15,262 വാഹനങ്ങളായിരുന്നു യു എസിൽ 2015ലെ വിൽപ്പന: ആഗോള വിൽപ്പനയുടെ 22%. അതേസമയം 2015 — 16ൽ യാത്രാവാഹന വിഭാഗത്തിൽ ഇന്ത്യയിൽ വിറ്റത് വെറും 753 യൂണിറ്റായിരുന്നു.

വൈദ്യുത, സങ്കര ഇന്ധന വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാൻ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നു സച്ദേവ അഭിപ്രായപ്പെട്ടു. ചൈനയിൽ ഹരിത വാഹനങ്ങളുടെ വിലയുടെ പകുതിയോളം ഇളവും ആനുകൂല്യവുമാണ്. പോരങ്കിൽ ചൈനയിൽ വൈദ്യുത വാഹന ഉൽപ്പാദനത്തിനും സബ്സിഡി അനുവദിക്കുന്നുണ്ട്. ഇത്രയും ഇളവ് സാധ്യമല്ലെങ്കിലും ന്യായമായ ആനുകൂല്യം ഇന്ത്യയിലും ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വൈദ്യുത വാഹന നിർമാണത്തിനായി 2001ൽ ചേതൻ മെയ്നി സ്ഥാപിച്ച രേവ ഇലക്ട്രിക് വെഹിക്കിൾസ് ലിമിറ്റഡിനെ 2010ലാണു മഹീന്ദ്ര സ്വന്തമാക്കിയത്.