ഏപ്രിൽ മുതൽ ചരക്കു നീക്കത്തിനും ഇരുചക്രവാഹനങ്ങൾ

റസ്റ്ററന്റിലേക്കു ഫോൺ ചെയ്ത് ഓർഡർ നൽകിയാൽ ഇരുചക്രവാഹനത്തിൽ ഭക്ഷണം വീട്ടിലെത്തിക്കുന്നതു നഗരങ്ങളിലെ പതിവുകാഴ്ചയാണ്. ഇതു കൂടാതെ സിഗററ്റ് സോപ്പും പോലുള്ള സാധനങ്ങൾ കടകളിലും മറ്റും വിതരണം ചെയ്യുന്നവരും ഇരുചക്രവാഹനങ്ങളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ വരുന്ന വരുന്ന ഏപ്രിൽ മുതൽ ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ചുള്ള ചരക്കുനീക്കം വ്യാപകമാക്കാനാണു കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. അത്യാവശ്യ സാമഗ്രികൾക്കു പുറമെ അപകടവേളകളിൽ പ്രാഥമിക ശുശ്രൂഷ നൽകാനുള്ള വസ്തുക്കളോ ഒക്കെ മേലിൽ ഇരുചക്രവാഹനങ്ങളിൽ കൊണ്ടുപോകാനാവും.

ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്ന സാധനങ്ങൾ സൂക്ഷിക്കാനായി ഭാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചു നിർമിച്ച പ്രത്യേക പെട്ടി ഘടിപ്പിക്കണമെന്നാണു പ്രധാന വ്യവസ്ഥ. പരമാവധി 550 എം എം നീളവും 510 എം എം വരെ വീതിയുമാണു ചരക്കുകൊണ്ടുപോകുന്ന ഇരുചക്രവാഹനത്തിന് അനുവദിക്കുന്ന വലിപ്പം. സാധാനം സൂക്ഷിക്കുന്ന പെട്ടികളുടെ പരമാവധി ഭാരം 30 കിലോഗ്രാം കവിയരുത്. ഇതടക്കം വിവിധ വ്യവസ്ഥകളോടെ ചരക്കു നീക്കത്തിന് ഇരുചക്രവാഹനം ഉപയോഗിക്കുന്നതു സംബന്ധിച്ചു കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കി. ഇത്തരത്തിൽ സാധനം കൊണ്ടുപോകാനായി പരിഷ്കരിച്ച ഇരുചക്രവാഹനത്തിന്റെ പിൻസീറ്റിൽ യാത്രക്കാരെ അനുവദിക്കില്ലെന്നു വിജ്ഞാപനം വ്യക്തമാക്കുന്നു.

ഇതോടൊപ്പം ഇരുചക്രവാഹന ‘ആംബുലൻസ്’ എന്ന പുതിയ വിഭാഗം തന്നെ വിജ്ഞാപനത്തിൽ പ്രത്യേകമായി നിർവചിച്ചിട്ടുണ്ട്. സാധാരണ ആംബുലൻസുകൾക്ക് എത്തിച്ചേരാൻ പ്രയാസമുള്ള, ഇടുങ്ങിയ റോഡുകളും ഗതാഗതക്കുരുക്കുമേറിയ മേഖലകളിൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയാണ് ഇത്തരം ഇരുചക്രവാഹനങ്ങളുടെ ദൗത്യം. 2013ലാണു കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഈ ആശയം ആദ്യമായി മുന്നോട്ടുവച്ചത്. യു എസ്, യു കെ, ഓസ്ട്രേലിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലൊക്കെ നേരത്തെ തന്നെ ഇരുചക്രവാഹന ആംബുലൻസ് വ്യാപകമായി രംഗത്തുണ്ട്. അപകടത്തിൽപെടുന്നവർത്ത് സത്വര വൈദ്യസഹായം ലഭ്യമാക്കുമെങ്കിലും പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതു പോലുള്ള ചുമതലകൾ ഇരുചക്രവാഹന ആംബുലൻസുകൾക്ക് നൽകിയിട്ടില്ല.