നാലു ലക്ഷത്തിനും ഇതാ എസ് യു വി !

കോംപാക്റ്റ് എസ് യു വി, ക്രോസ് ഹാച്ച്, ക്രോസ് ഓവർ തുടങ്ങി എസ് യു വിയുമായി സാമ്യമുള്ള എന്തിനും ഇന്ത്യയിൽ നല്ല മാർക്കറ്റാണ്. ഇപ്പോഴിതാ മൈക്രോ എസ് യു വി എന്ന സെഗ്‌മെന്റിലേയ്ക്ക് മഹീന്ദ്ര കെ യു വി 100 പുറത്തിറക്കിയിരിക്കുന്നു. അഞ്ചു ലക്ഷം രൂപയ്ക്ക് താഴെ വില വരുന്നു ഈ ചെറു എസ് യു വികൾ ചിലപ്പോൾ വിപണിയിലെ ഹാച്ച് ബാക്കുകൾക്ക് തന്നെ ഭീഷണി ഉയർത്തിയേക്കാം. ഈ വർഷം പുറത്തിറങ്ങാൻ സാധ്യതയുള്ള ചെറു എസ് യുവികളെ പരിചയപ്പെടാം.

മാരുതി ഇഗ്‌നിസ്

Ignis

പ്രീമിയം ഷോറൂമായ നെക്സയിലൂടെ വിൽക്കാനുദ്ദേശിക്കുന്ന മാരുതിയുടെ ചെറു എസ് യുവിയാണ് ഇഗ്‌നിസ്. ഫെബ്രുവരി 5 മുതൽ ഡൽഹിയിൽ നടക്കുന്ന രാജ്യന്തര ഓട്ടോഎക്സ്പോയിൽ വാഹനം പ്രദർശിപ്പിക്കുമെന്നു കരുതപ്പെടുന്നു. 1.2 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എൻജിൻ വകഭേദങ്ങളുണ്ടാകുന്ന ഇഗ്നിസ് പ്രധാനമായും മത്സരിക്കുക മഹീന്ദ്ര കെയുവി 100 -മായി ആയിരിക്കും. 4 ലക്ഷം മുതൽ 6 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന വില.

ടാറ്റ നെക്സൺ

Tata Nexon

പ്രധാനപ്പെട്ട വാഹന നിർമ്മാതാക്കളെല്ലാം ചെറു എസ് യുവികളുമായി രംഗത്തെത്തുമ്പോൾ ടാറ്റ മാത്രം മാറി നിൽക്കുന്നതെങ്ങനെയാണ്. കഴിഞ്ഞ ഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച നെക്സൺ കൺസെപ്റ്റിന്റെ പുതിയ വകഭേദം ഈ വർഷം അവസാനം പുറത്തിറങ്ങും. നാല് മീറ്ററിൽ താഴെ നീളമുള്ള മൈക്രോ എസ് യു വി, കെയുവി100, മാരുതി ഇഗ്‌നിസ് തുടങ്ങിയവരുമായിട്ടാകും മത്സരിക്കുക. 1.2 ലിറ്റര്‍‌ പെട്രോൾ, 1.3, 1.5 ലിറ്റർ ഡീസൽ എൻജിനുകൾ ടാറ്റ നെക്സണുണ്ടാകും. ടാറ്റയുടെ പുതിയ മോഡലുകളായ സെസ്റ്റ്, ബോള്‍ട്ട് എന്നിവയ്ക്ക് ഉപയോഗിക്കുന്ന തരം എക്സ് വണ്‍ പ്ലാറ്റ്ഫോമിലാണ് നെക്സണ്‍ എത്തുന്നത്. 5 മുതൽ 7 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന വില.

ഡാറ്റ്സൺ റെഡി ഗോ

RediGo Concept

ഗോ, ഗോ പ്ലസ് എന്നീ വാഹനങ്ങൾക്ക് ശേഷം ഡാറ്റ്സൺ പുറത്തിറക്കുന്ന വാഹനമാണ് റെഡി ഗോ. എൻട്രിലെവൽ ഹാച്ച്ബാക്ക് സെഗ്‌മെന്റിന് പുതിയ മുഖം നൽകിയ റെനോയുടെ ക്വിഡുമായിട്ടായിരിക്കും റെഡി ഗോ പ്രധാനമായും മത്സരിക്കുക. സ്പോർട്ടിയായ രൂപമായിരിക്കും റെഡി ഗോയുടെ പ്രധാന ആയുധം. കുറഞ്ഞ വിലയും കൂടുതൽ മൈലേജുമായിട്ടായിരിക്കും വാഹനമെത്തുക എന്നാണ് ഡാറ്റ്സൺ അറിയിച്ചത്. പെട്രോൾ എൻജിൻ മാത്രമായിരിക്കും റെഡി ഗോയ്ക്ക്. 3 മുതൽ 6 ലക്ഷം രൂപ വരെയായിരിക്കും വിലകൾ.