Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണിക്ക് ആഹ്ലാദം പകർന്ന് ഉത്സവകാല വാഹന വിൽപ്പന

Representative Image Representative Image

പ്രമുഖ വാഹന നിർമാതാക്കൾക്ക് ആഹ്ലാദം പകർന്ന് ഒക്ടോബറിലെ വിൽപ്പന കണക്കുകൾ. ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്, ടാറ്റ മോട്ടോഴ്സ്, നിസ്സാൻ, ഫോക്സ്്വാഗൻ തുടങ്ങിയവരൊക്കെ മികച്ച വളർച്ചയാണു കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ കൈവരിച്ചത്. അതേസമയം, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ വിൽപ്പനയിൽ 2015 ഒക്ടോബറിനെ അപേക്ഷിച്ച് 2.2 ശതമാനത്തോളം വർധന മാത്രമാണു രേഖപ്പെടുത്തിയത്; സെപ്റ്റംബറിലെ വിൽപ്പനയിലാവട്ടെ മാരുതി സുസുക്കി 29% വർധന കൈവരിച്ചിരുന്നു. ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ ഒക്ടോബറിലെ വിൽപ്പനയിലും മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഏഴു ശതമാനത്തോളം ഇടിവു നേരിട്ടു.

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണ ആനുകൂല്യം ലഭിച്ചതിനൊപ്പം രാജ്യത്തു മികച്ച മഴ ലഭിച്ചതും വാഹന വിൽപ്പന ഉയരാൻ ഇടയാക്കിയെന്നാണു വിലയിരുത്തൽ. വരുംമാസങ്ങളിലും ഇരുചക്ര, കാർ വിൽപ്പന മികച്ച രീതിയിൽ മുന്നേറുമെന്നാണു പ്രതീക്ഷ. കമ്പനി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിമാസ വിൽപ്പനയാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഒക്ടോബറിൽ കൈവരിച്ചത്. 2015 ഒക്ടോബറിനെ അപേക്ഷിച്ച് 6.4% വളർച്ചയോടെ അരലക്ഷത്തിലേറെ യൂണിറ്റാണു കമ്പനി കഴിഞ്ഞ മാസം വിറ്റത്. പുതിയ അവതരണമായ ‘എലാൻട്ര’യ്ക്ക് 1,509 ബുക്കിങ്ങുകൾ ലഭിച്ചതായും കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അറിയിച്ചു. ഇതോടെ പുതിയ ‘എലാൻട്ര’ ലഭിക്കാൻ നാലും അഞ്ചും മാസം കാത്തിരിക്കേണ്ട സ്ഥിതിയാണ്.

ടാറ്റ മോട്ടോഴ്സാവട്ടെ 2015 ഒക്ടോബറിനെ അപേക്ഷിച്ച് 28% വളർച്ചയോടെ 16,311 യൂണിറ്റാണു കഴിഞ്ഞ മാസം വിറ്റത്. കഴിഞ്ഞ നാലു വർഷത്തിനിടെ കമ്പനി കൈവരിക്കുന്ന ഏറ്റവും ഉയർന്ന വിൽപ്പനയുമാണിത്. ഉത്സവകാലം കമ്പനിക്കു മികച്ച നേട്ടം സമ്മാനിച്ചതായി ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് അഭിപ്രായപ്പെട്ടു. ഹാച്ച്ബാക്കായ ‘ടിയാഗൊ’യ്ക്കൊപ്പം ‘സെസ്റ്റും’ മികച്ച വിൽപ്പന നേടിയതായി അദ്ദേഹം വെളിപ്പെടുത്തി.

ഒക്ടോബറിൽ 1,23,764 കാറുകളാണു മാരുതി സുസുക്കി വിറ്റത്. 2015 ഒക്ടോബറിലെ വിൽപ്പനയാവട്ടെ 1,21,063 യൂണിറ്റായിരുന്നു. ‘സിയാസ്’, ‘എസ് ക്രോസ്’, ‘എർട്ടിഗ’, ‘വിറ്റാര ബ്രേസ’, ‘ബലേനൊ’ തുടങ്ങിയ മികച്ച പ്രകടനം കാഴ്ചവച്ചതായി മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അറിയിച്ചു. ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ ഇന്ത്യയുടെ വിൽപ്പനയിൽ കഴിഞ്ഞ മാസം 88% വർധനയാണു രേഖപ്പെടുത്തിയത്; 6,108 യൂണിറ്റായിരുന്നു കഴിഞ്ഞ മാസത്തെ വിൽപ്പന. ‘റെഡി ഗൊ സ്പോർട്ടി’നു ലഭിച്ച മികച്ച സ്വീകരണമാണു വിൽപ്പന ഗണ്യമായി ഉയർത്തിയതെന്നു കമ്പനി മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാസം 5,534 യൂണിറ്റ് വിൽപ്പനയാണു ഫോക്സ്വാഗൻ നേടിയത്; 2015 ഒക്ടോബറിനെ അപേക്ഷിച്ച് 70.01% അധികമാണിത്. ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ കഴിഞ്ഞ മാസത്തെ വിൽപ്പനയാവട്ടെ 6.06% ഇടിവോടെ 11,651 യൂണിറ്റായിരുന്നു. 

Your Rating: