നവരാത്രി: തകർപ്പൻ നേട്ടത്തോടെ വാഹന നിർമാതാക്കൾ

നവരാത്രി ആഘോഷവേളയുടെ പിൻബലത്തിൽ ഒക്ടോബറിലെ വിൽപ്പനയിൽ കാർ നിർമാതാക്കൾ മികച്ച നേട്ടം കൊയ്തു. മൊത്തം 2.66 ലക്ഷം യൂണിറ്റ് വിൽപ്പനയോടെ 2014 ഒക്ടോബറിനെ അപേക്ഷിച്ച് 22% വർധനയാണ് ഇന്ത്യൻ കാർ നിർമാതാക്കൾ കൈവരിച്ചത്. ഇന്ത്യൻ വാഹന വ്യവസായ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്. അതേസമയം പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന ഇരുചക്രവാഹന നിർമാതാക്കളും ഒക്ടോബറിലെ വിൽപ്പനയിൽ 10 ശതമാനത്തിലേറെ വർധന കൈവരിച്ചു.

പുതിയ അവതരണങ്ങൾക്കൊപ്പം ആകർഷക ഇളവുകളും സമ്മാനങ്ങളുമൊക്കെ വാഗ്ദാനം ചെയ്താണു കാർ നിർമാതാക്കൾ മികച്ച പ്രകടനം കാഴ്ചവച്ചത്. ഇന്ധനവില നിലവാരം കൂടി അനുകൂലമായതോടെ 10 പ്രമുഖ നിർമാതാക്കളിൽ ഏഴു കമ്പനികളും 10 ശതമാനത്തിലേറെ വിൽപ്പന വർധന നേടി.

ഇരുചക്രവാഹന വിഭാഗത്തിലാവട്ടെ അഞ്ചിൽ നാലു കമ്പനികളും 10 ശതമാനത്തിലേറെ വിൽപ്പന വളർച്ച രേഖപ്പെടുത്തി; ഹീറോ മോട്ടോ കോർപും ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടറുമാവട്ടെ റെക്കോഡ് വിൽപ്പനയാണ് ഒക്ടോബറിൽ നേടിയത്. പോരെങ്കിൽ നവരാത്രിയും ദീപാവലിയും ഒരുമിച്ചു വന്നതിനാൽ 2014 ഒക്ടോബറിലും വിൽപ്പന തകർത്തിരുന്നു.

മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ഹോണ്ട കാഴ്സ് ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് എന്നിവരൊക്കെ കഴിഞ്ഞ മാസം മികച്ച പ്രകടനം കാഴ്ചവച്ചു. പുതിയ അവതരണമായ ‘ക്വിഡും’ ‘ഫിഗൊ ആസ്പയറും’ തുടക്കം ഗംഭീരമാക്കിയതോടെ ഫ്രഞ്ച് നിർമാതാക്കളായ റെനോയ്ക്കും യു എസിൽ നിന്നുള്ള ഫോഡിനും നവരാത്രി ആഘോഷമായി.

ഇരുചക്രവാഹന വിഭാഗത്തിൽ 4.49 ലക്ഷം യൂണിറ്റ് വിൽപ്പനയുമായാണു ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ഒക്ടോബറിൽ പുതിയ റെക്കോഡ് സൃഷ്ടിച്ചത്; 2014 ഒക്ടോബറിനെ അപേക്ഷിച്ച് 19% വർധന. ഹീറോ മോട്ടോ കോർപും ടി വി എസ് മോട്ടോറും യമഹയും റോയൽ എൻഫീൽഡുമൊക്കെ നില മെച്ചപ്പെടുത്തിയപ്പോൾ ബജാജ് ഓട്ടോയ്ക്കു മാത്രം ചുവടിടറി: ഒക്ടോബറിലെ വിൽപ്പനയിൽ എട്ടു ശതമാനത്തോളം ഇടിവ്.

ഒക്ടോബറിൽ 47,015 യൂണിറ്റ് വിൽപ്പനയോടെയാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ പ്രതിമാസ വിൽപ്പനയിൽ പുതിയ ചരിത്രം രചിച്ചത്. 14,079 യൂണിറ്റോടെ ‘ഗ്രാൻഡ് ഐ 10’ വിൽപ്പനയും പുതിയ ഉയരത്തിലെത്തി. ‘ക്രേറ്റ’, ‘എലീറ്റ് ഐ 20/ആക്ടീവ്’ എന്നിവയാണു ഹ്യുണ്ടായ് ശ്രേണിയിൽ തിളങ്ങിയ മറ്റു മോഡലുകൾ.