Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോഡിന്റെ സ്പെയർ പാർട്സ് വിൽപ്പന കേരളത്തിലും

Ford

കാർ ഉടമകൾക്ക് യഥാർഥ സ്പെയർ പാർട്സുകളുടെ ലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടു യു എസ് നിർമാതാക്കളായ ഫോഡ് ഇന്ത്യ കേരളത്തിലും അംഗീകൃത വിതരണക്കാരെ നിയമിച്ചു. കൊച്ചി മഞ്ഞുമ്മലിലെ ഫോക്കസ് ഓട്ടോ ഏജൻസീസിനാണു ഫോഡ് സ്പെയർ പാർട്സുകളുടെ കേരളത്തിലെ വിതരണ ചുമതല.

കഴിഞ്ഞ ദിവസം കർണാടകത്തിലും ഫോഡ് പുതിയ സ്പെയർ പാർട്സ് വിതരണക്കാരെ നിയമിച്ചിരുന്നു; യശ്വന്ത്പുരയിലെ വി എസ് ടി ഫോഡ് സ്പെയേഴ്സിനാണു കർണാടകത്തിലെ വിൽപ്പന ചുമതല. കമ്പനിയുടെ അംഗീകൃത സർവീസ് സെന്ററുകളെ ആശ്രയിക്കാതെ ഫോഡ് വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ ലഭിക്കുമെന്നതാണ് പുതിയ സംവിധാനം മൂലം ഉടമകൾക്കുള്ള നേട്ടം. യഥാർഥ സ്പെയർ പാർട്സ് വിൽപ്പന വൈകാതെ മഹാരാഷ്ട്രയിലും രാജ്യത്തിന്റെ കിഴക്കൻ മേഖലയിലേക്കും വ്യാപിപ്പിക്കാനും ഫോഡ് ഇന്ത്യയ്ക്കു പദ്ധതിയുണ്ട്.

ഇഷ്ടമുള്ള വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണി നടത്തുമ്പോഴും വാഹന ഉടമകൾക്കു യഥാർഥ സ്പെയർ പാർട്സിന്റെ ലഭ്യത ഉറപ്പാക്കാനാണു പുതിയ സംവിധാനം ആരംഭിച്ചതെന്നു ഫോഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (സെയിൽസ്, സർവീസ് ആൻഡ് മാർക്കറ്റിങ്) അനുരാഗ് മെഹ്രോത്ര അഭിപ്രായപ്പെട്ടു. ഉടമകളുടെ സൗകര്യാർഥം കൂടുതൽ പ്രദേശങ്ങളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്പെയർ പാർട്സിന്റെ ചില്ലറ വിൽപ്പന ഊർജിതമാക്കിയതിനൊപ്പം വാഹന ഉടമകളുടെ സൗകര്യാർഥം മറ്റുചില പദ്ധതികളും ഫോഡ് ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്:

അറ്റകുറ്റപ്പണിക്ക് സബ് അസംബ്ലി ലവൽ: ചെലവ് കുറയ്ക്കാനായി പ്രധാന യന്ത്രഭാഗങ്ങളെ ചെറിയ ഘടകങ്ങളാക്കി വിഭജിച്ച് തകരാർ പരിഹരിക്കാനുള്ള സൗകര്യം. ഫോഡിൽ നിന്നുള്ള പുത്തൻ സെഡാനായ ‘ആസ്പയറി’ൽ 850 ഘടകങ്ങളെയാണ് ഈ വിഭാഗത്തിൽപെടുത്തിയിരിക്കുന്നത്.

ലോക്കലൈസേഷൻ, പാർട്സിനു മത്സരക്ഷമമായ വില: മോഡലുകളിൽ പ്രാദേശിക നിർമിത യന്ത്രഘടകങ്ങളുടെ വിഹിതം ഉയർത്താൻ തീവ്രശ്രമമാണു കമ്പനി നടത്തുന്നത്. ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം പാർട്സിന്റെ വില പിടിച്ചു നിർത്താനും ഈ തന്ത്രം സഹായിക്കുമെന്നാണു ഫോഡിന്റെ പ്രതീക്ഷ.

ഹാപ്പി പോക്കറ്റ്സ് സർവീസ്: ഗുണനിലവാരമേറിയ ഫോഡ് സർവീസ് സൗകര്യം 2,199 രൂപ മുതൽ.

വെഹിക്കിൾ പഴ്സനലൈസേഷൻ സെന്റർ: ഉടമയുടെ താൽപര്യമനുസരിച്ച് വാഹനത്തിൽ പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള സംവിധാനം. നിലവിൽ ‘ഇകോസ്പോർട്ടി’നു മാത്രമാണ് ഈ സൗകര്യം ലഭ്യമാവുന്നത്.