തീവണ്ടിക്കെന്ത് ലിമോ ?

ആശിച്ചുമോഹിച്ചായിരിക്കണം ആ യുവാവ് തന്റെ ജന്മദിനാഘോഷം ലിമോസിനിലാക്കിയത്. എന്നാൽ അയാൾ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല ഇത്തരത്തിലൊരു അപകടം സംഭവിക്കുമെന്ന്. ജന്മദിനം കുളമായി എന്നുമാത്രമല്ല ലിമോ തകരുകയും ചെയ്തു.

അമേരിക്കയിലെ ഇൻഡ്യാനയിലെ എൽകാർട്ട് കൗണ്ടി‌യിലാണ് സംഭവം നടന്നത്. ലിമോയ്ക്കുള്ളിൽ കൂട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കുന്നതിനിടെയാണ് ലെവൽ ക്രോസ്സിൽ വെച്ച് കാർ പാളത്തിൽ കുടുങ്ങിയത്. മുന്നോട്ടും പിന്നോട്ടും അനക്കാനാവാത്ത നിലയിലായ കാറിന് പാളത്തിൽ നിന്നും നീങ്ങാനായില്ല.

നാട്ടുകാർ കൂടി ഉന്താനും തള്ളാനുമൊക്കെ തുടങ്ങിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇതിനിടെയാണ് ട്രെയിൻ എത്തിയത്. ചുവപ്പുതുണി കൊണ്ട് വീശിയും അലറിവിളിച്ചുമെല്ലാം എഞ്ചിൻ ഡ്രൈവറുടെ ശ്രദ്ധ നേടാൻ പലരും ശ്രമിച്ചെങ്കിലും ഒന്നും നടത്തില്ല. തീവണ്ടിക്കെന്ത് ലിമോസിൻ‌ ? ട്രെയിന് ലക്ഷ്യം പിഴച്ചില്ല. നേരെ പാളത്തിലിരുന്ന ലിമോസിനെ ഇടിച്ചു പാഞ്ഞു. അൽപ ദൂരം സഞ്ചരിച്ചതിന് ശേഷമാണ് ട്രെയിൻ നിന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന ഫോട്ടോഗ്രാഫറാണ് ഈ കാഴ്ച കാമറയിൽ പകർത്തിയത്. ട്രെയിന്‍ എത്തുന്നതിനുമുമ്പേ യുവാക്കൾ ഇറങ്ങിയോടിയതുകൊണ്ട് ആളപായമൊന്നുമില്ല. ട്രെയിന്റെ ഇടി കൊണ്ടെങ്കിലും ലിമോയ്ക്ക് കാര്യമായ കേടുപാടുകളൊന്നും ഉണ്ടായില്ല.