വിജയ് മല്യയുടെ ആഡംബര കാർ ശേഖരം

വിജയ് മല്യ എന്ന പേരിനൊപ്പം ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടാകില്ല. ഏകദേശം 9000 കോടി രൂപ ഇന്ത്യയിലെ വിവിധ ബാങ്കുകൾക്ക് തിരിച്ചടയ്ക്കാതെയാണ് വിജയ് മല്യ മുങ്ങിയത്. കിങ്ഫിഷർ എയർലൈൻസ് വരുത്തിവെച്ച നഷ്ടം മല്യയുടെ സമ്പാദ്യത്തെ കാര്യമായി ബാധിച്ചു. മറ്റു അടിച്ചുപൊളികളും വിനോദങ്ങളും കഴിഞ്ഞാൽ മല്യയ്ക്ക് ഇഷ്ടം കാറുകളായിരുന്നു. മല്യ കളക്ഷൻസ് എന്ന പേരിൽ വിന്റേജ് കാർ പ്രദർശന ശാലയിൽ നിരവധി റെയർ വിന്റേജ് കാറുകണാണുള്ളത്. ഇന്ത്യയിലുണ്ടായിരുന്ന കാറുകളിൽ പലതും ബാങ്കുകൾ ജപ്തി ചെയ്തു. ലംബോഗ്‍‌നി, റോൾസ് റോയ്സ്, ബെന്റിലി, ഫെരാരി തുടങ്ങി നിരവധി വാഹനങ്ങൾ മല്യയ്ക്ക് സ്വന്തമായുണ്ട്. മല്യയ്ക്കുണ്ടായിരുന്ന ആഡംബര കാർ ശേഖരങ്ങളിൽ ചിലത്.

റോൾസ് റോയ്സ് സിൽവ്വർ ഗോസ്റ്റ്

Rolls Royce- Silver Ghost

ബ്രിട്ടീഷ് വാഹന നിർമാതാക്കളായ റോൾസ് റോയ്സിന്റെ ഏറ്റവും പ്രശസ്തമായ വാഹനങ്ങളിലൊന്നാണ് സിൽവ്വർ‌ ഗോസ്റ്റ്. സിൽവ്വർ ഗോസ്റ്റിന്റെ 1913 മോഡലാണ് മല്യയുടെ കളക്ഷനിലൂണ്ടായിരുന്നത്. 1906 മുതൽ 1926 വരെ പുറത്തിറങ്ങിയിട്ടുള്ള സിൽവ്വർ ഗോസ്റ്റിന്റെ 7874 യൂണിറ്റുകൾ മാത്രമേ നിർമിച്ചിട്ടുള്ളു.

ഫോഡ് മോ‍ഡൽ എ 1929

Ford Model A

അമേരിക്കൻ വാഹനനിർമാതാക്കളായ ഫോഡിന്റെ പ്രശസ്തമായ കാറാണ് മോഡൽ എ. ഗ്രേറ്റ് അമേരിക്കൻ റേസ് മത്സരത്തിൽ പ്രശസ്ത റേസർ ടോംമെകെയ്ൻ ഉപയോഗിച്ച കാറാണ് വിജയ് മല്യ സ്വന്തമാക്കുന്നത്. 1991 ലാണ് കാർ മല്യ കളക്ഷന്റെ ഭാഗമാകുന്നത്. 3.3. ലിറ്റർ നാല് സിലിണ്ടർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 40 ബിഎച്ച്പി കരുത്തുണ്ട്.

എൻസൈൻ ഫോർമുല 1

Ensign Formula 1

1977 ൽ എഫ് വൺ ഡ്രൈവർ പാട്രിക്ക് ടോംബോയ്ക്ക് വേണ്ടി നിർമിച്ച റേസ് കാറാണിത്. തുടർന്ന് തൊട്ടടുത്ത സീസണിൽ ഡ്രൈവർ‌മാർക്ക് വാടകയ്ക്ക് നൽകിയ കാർ 1980 ലാണ് മല്യ സ്വന്തമാക്കിയത്. തുടർന്ന് ഇന്ത്യൻ ജിപിയിൽ ഈ കാർ ഉപയോഗിച്ച് മല്യ മത്സരിക്കുകയും ചെയ്തു.

സൺബീം ടൈഗർ

Sunbeam Tiger

1926 ൽ ലോകത്തിലെ ഏറ്റവും വേഗതയുള്ള കാർ എന്ന റെക്കോർഡ് സ്വന്തമാക്കിയ സൺബീം ടൈഗർ എന്ന കാറും വിജയ് മല്യയുടെ ശേഖരത്തിലെ താരമായിരുന്നു. 1926 ൽ 152.336 മൈൽ (245.161 കിലോമീറ്റർ) വേഗതയായിരുന്ന കാർ കൈവരിച്ചത്.

ഇവകൂടാതെ ഫെരാരി, മെക്‌ലാരൻ, റോൾസ് റോയസ്, ജാഗ്വര്‍ തുടങ്ങി കോടിക്കണക്കിന് രൂപ വില വരുന്ന നിരവധി കാറുകൾ മല്യയുടെ ശേഖരത്തിലുണ്ട്.